പ്രൊഡക്ഷൻ കൺട്രോളർ എ. കബീർ
വർഷങ്ങൾക്ക് മുമ്പ് ആലപ്പി അഷ്‌റഫ് സംവിധാനം ചെയ്യുന്ന 'ഒരു മാടപ്രാവിന്റെ കഥ' എന്ന സിനിമയുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് മെരിലാന്റ് സ്റ്റുഡിയോ കേന്ദ്രീകരിച്ചു നടക്കുന്നു. നസീർ സാറും സീമയും നളിനിയും ഒക്കെയാണ് പ്രധാന അഭിനേതാക്കൾ. ഞാൻ ആ സിനിമയിൽ പ്രൊഡക്ഷൻ എക്‌സിക്യുട്ടീവായി വർക്ക് ചെയ്യുന്നുണ്ട്. സിനിമയിലേക്കുള്ള എന്റെ തുടക്കക്കാലം.
ഞാനിന്നും ഓർമ്മിക്കുന്ന ഒരു കാര്യമുണ്ട്. ചാലക്കമ്പോളം കത്തിയമർന്ന വാർത്ത അറിയാവുന്നവർ ഓർക്കുന്നുണ്ടാവും. നസീർസാർ ഉൾപ്പെടെ ഞങ്ങളുടെ സിനിമായൂണിറ്റ് മുഴുവൻ മെരിലാന്റ് സ്റ്റുഡിയോയിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങിപ്പോയ ഒരു ദിവസമായിരുന്നു അന്ന്. അന്നുമുതലാണ് ഞാൻ 'നാന' സിനിമാവാരികയുടെ പ്രവർത്തകരുമായി പരിചയപ്പെടുന്നതും അടുപ്പമാകുന്നതും.
ഈ സിനിമാസെറ്റ് കവർ ചെയ്യുവാൻ വേണ്ടി അന്ന് 'നാന'യുടെ എഡിറ്റർ എസ്. രാമകൃഷ്ണനും ഫോട്ടോഗ്രാഫർ കൃഷ്ണൻകുട്ടിയും കൂടി മെരിലാന്റ് സ്റ്റുഡിയോയിൽ എത്തിയിരുന്നു. അന്ന് പെട്ടെന്നാണ് ചാലക്കമ്പോളം കത്തിയമരുന്നു എന്ന വാർത്ത ഞങ്ങളെല്ലാവരും അറിയുന്നത്. തീ തിരുവനന്തപുരം നഗരം മുഴുവനും പടരാനുള്ള സാദ്ധ്യതയുള്ളതിനാൽ ആളുകളെ പുറത്തേക്കിറങ്ങാൻ അനുവദിച്ചിരുന്നില്ല. എല്ലാവരും സ്റ്റുഡിയോയുടെ ഉള്ളിൽ തന്നെ നിലകൊണ്ടു.
വയലാർ രവിയെയും ഇ. അഹമ്മദിനെയുമൊക്കെ ബന്ധപ്പെട്ടപ്പോൾ അവരുടെ സെക്രട്ടറിമാരെ ഫോണിൽ കിട്ടി. ആരും പുറത്തേക്കിറങ്ങരുതെന്നും ഇന്നൊരു നാൾ മെരിലാന്റ് സ്റ്റുഡിയോയിൽ തന്നെ താമസിക്കുവാനുമാണ് പറഞ്ഞത്. അത് മാത്രമല്ല, പട്ടാളത്തെ ഇറക്കാനും ആലോചിക്കുന്നുണ്ടെന്ന് പറയുകയുണ്ടായി.
നസീർസാറും ഒക്കെ അന്ന് പതിവായി തൈക്കാട്ടുള്ള അമൃത ഹോട്ടലിലാണ് താമസിക്കുന്നത്. നസീർ സാർ പറഞ്ഞിട്ട് അദ്ദേഹത്തിന് ഹോട്ടലിൽ എത്താൻ എന്തെങ്കിലും മാർഗ്ഗമുണ്ടോയെന്നറിയാൻ ഫോൺ ചെയ്തു. അവരെല്ലാം ഹോട്ടലിന്റെ ടെറസ്സിൽ നിന്നുകൊണ്ട് ചാലക്കമ്പോളം കത്തുന്ന കാഴ്ച കാണുകയാണെന്നും ഇപ്പോൾ പുറത്തിറങ്ങി ഇവിടേക്ക് വരാൻ ശ്രമിക്കുന്നത് കൂടുതൽ അപകടകരമായിരിക്കുമെന്ന് പറഞ്ഞപ്പോൾ ഞങ്ങളെല്ലാവരും ആ ശ്രമം ഉപേക്ഷിച്ച് മെരിലാന്റ് സ്റ്റുഡിയോയിൽ താമസിച്ചു.
അന്നത്തെ ആ താമസത്തിനിടയിലാണ് ഞാൻ 'നാന'ക്കാരുമായി കൂടുതൽ സൗഹൃദമുണ്ടായത്. പിറ്റേദിവസം പോലീസിന്റെ സഹായത്തോടെയാണ് ഞങ്ങളിൽ പലരും തിരുവനന്തപുരം സിറ്റിയിലേക്ക് പോയിത്തുടങ്ങിയത്.
ആയിടയ്ക്ക് ഇറങ്ങിയ നാനയിൽ മാടപ്രാവിന്റെ കഥയുടെ സെറ്റിലെ ഈ കഥകളെല്ലാം എഴുതി.
പിൽക്കാലത്ത് സിനിമാക്കാരൻ എന്ന നിലയിൽ മാത്രമല്ല, രാഷ്ട്രീയക്കാരനെന്ന നിലയിലും അടുപ്പവും ബന്ധങ്ങളും ആയപ്പോൾ 'നാന' മാത്രമല്ല, 'നാന'യുടെ സഹോദര പ്രസിദ്ധീകരണമായ 'കേരളശബ്ദ'വുമായിട്ടും എനിക്ക് പരിചയങ്ങളുണ്ടായി. 'നാന'യുടെ ഒരു പതിവ് വായനക്കാരൻ മാത്രമായിരുന്നില്ല ഞാൻ. 'നാന'യുടെ ഒരു നല്ല സുഹൃത്തുകൂടിയാണ്.
ഇന്ന് 50 വർഷം പൂർത്തിയാകുന്നുവെന്നറിയുമ്പോൾ സന്തോഷമുണ്ട്. നന്മകളും ആശംസകളും നേരുന്നു.