NEWS

പഞ്ചാബ് ടു കേരള -നേഹ സക്സേന

News

 

മലയാളം, തുളു, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷാചിത്രങ്ങളില്‍ ശ്രദ്ധേയയായ നടിയാണ് നേഹ സക്സേന. മമ്മൂട്ടിക്കൊപ്പം കസബ, മോഹന്‍ലാലിനൊപ്പം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആറാട്ട് എന്നീ ചിത്രങ്ങള്‍ മലയാളികളുടെ പ്രിയങ്കരിയാക്കി. നേഹയുടെ വിശേഷങ്ങളിലേക്ക്...

നേഹയുടെ സ്വദേശം പഞ്ചാബ് ആണ്. ഇവിടെ കേരളത്തില്‍ വന്നുനില്‍ക്കുമ്പോള്‍ അവിടെ മിസ് ചെയ്യാറുണ്ടോ?

എനിക്ക് രണ്ടും ഓക്കെ ആണ്. ഞാന്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇവിടെയാണ് വര്‍ക്ക് ചെയ്യുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് ഒരുപാട് സ്നേഹമാണെന്നെ ഇവിടുത്തെ ആള് ആയാണ് അവര്‍ കരുതുന്നത്. ഇവിടുത്തെ ഫുഡ് എനിക്ക് വലിയ ഇഷ്ടമാണ്. പുട്ട്, കടലക്കറി, പുളിശ്ശേരി, സ്പെഷ്യല്‍ മീന്‍കറി, സദ്യ അങ്ങനെ എല്ലാം ഇഷ്ടമാണ്. അതുകൊണ്ട് എനിക്ക് അങ്ങനെ വലിയൊരു മിസ്സിംഗ് ഒന്നും ഉണ്ടാകാറില്ല. ഷൂട്ടുകഴിഞ്ഞു അങ്ങോട്ട് പോകുമ്പോള്‍ എനിക്ക് വിഷമം ആണ്. അവിടെ ചെന്ന് ഞാന്‍ ഓണ്‍ലൈനില്‍ ഇവിടുത്തെ ഫുഡ് ഒക്കെ ഓര്‍ഡര്‍ ചെയ്തുകഴിക്കും.

സിനിമയില്‍ വരുന്നതിനുമുമ്പ് ഒരു സൗന്ദര്യമത്സരത്തിന് പങ്കെടുത്തിരുന്നുവല്ലോ?

അതെ. പ്രിന്‍സസ് ഓഫ് കര്‍ണ്ണാടക എന്ന പേജന്‍റിലായിരുന്നു പങ്കെടുത്തത്. 2012 ല്‍ ആയിരുന്നു. അതേസമയം ഞാന്‍ ഒരു കമ്പനിയില്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗില്‍ ജോലി ചെയ്യുകയായിരുന്നു. പക്ഷേ എനിക്ക് സിനിമാ മേഖലയിലും ഫാഷന്‍ രംഗത്തും നല്ല താല്‍പ്പര്യം ഉണ്ടായിരുന്നു. എനിക്ക് എല്ലാം ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം എന്‍റെ അമ്മ എന്നില്‍ ഉണ്ടാക്കിയിരുന്നു. എന്‍റെ അമ്മ എന്നെ അങ്ങനെയാണ് വളര്‍ത്തിയത്. ജീവിതാനുഭവങ്ങള്‍ എന്നെ പിന്നീട് കുറെ കാര്യങ്ങള്‍ പഠിപ്പിച്ചു. അവിടെ ഞാന്‍ മാത്രമായിരുന്നു കന്നഡിക അല്ലാതിരുന്നത്. ഞാന്‍ ആദ്യമായിട്ടായിരുന്നു അങ്ങോട്ട് പോകുന്നത്. പക്ഷേ അവരെല്ലാം എന്നെ കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുകയേ ചെയ്തുള്ളൂ. അതില്‍ മത്സരിക്കാന്‍ വന്നിരുന്ന എല്ലാ പെണ്‍കുട്ടികളുടെയും കൂടെയും ആരെങ്കിലും ഒക്കെ ഉണ്ടായിരുന്നു.

ഞാന്‍ മാത്രമായിരുന്നു അവിടെ ഒറ്റയ്ക്കുണ്ടായിരുന്നത്. എന്‍റെ ടെന്‍ഷന്‍ കുറയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഞാന്‍ ഒറ്റയ്ക്ക് എന്നോട് തന്നെ ധൈര്യമായിരിക്കാന്‍ പറഞ്ഞുകൊണ്ടിരുന്നു. എന്നെ റെഡിയാക്കാന്‍ വന്ന ആ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്‍റെ മുഖം കണ്ടു എന്തുപറ്റി മോളെ എന്ന് ചോദിച്ചു. അന്ന് ഞാന്‍ നല്ല ചെറുതായിരുന്നല്ലോ. അവര്‍ എന്നോട് പറഞ്ഞു, നീ സുന്ദരിയാണ്, സ്റ്റേജില്‍ നീ എങ്ങനെ സ്വയം അവതരിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എന്ന്. ഇനി നീ ഇവിടെ തോറ്റുപോയാലും അത് നിനക്ക് മുന്നിലേക്ക് പോകുന്നതിനുള്ള വലിയൊരു ഊര്‍ജ്ജം ആയിരിക്കും എന്ന്. ആ സ്ഥാനത്ത് എന്‍റെ അമ്മ ഉണ്ടായിരുന്നുവെങ്കിലും അതുതന്നെ പറയുമായിരുന്നുള്ളൂ. എനിക്ക് ഭയങ്കരമായ ഒരു ആത്മവിശ്വാസം കിട്ടി. ഒടുവില്‍ മൈക്കില്‍ റിസള്‍ട്ട് അറിയിച്ചു. മിസ് ബെസ്റ്റ് ഫിഗര്‍ ആന്‍ഡ് പ്രിന്‍സസ് ഓഫ് കര്‍ണ്ണാടക, നേഹ സക്സേന. അപ്പോള്‍ ശരിക്കും ഞാന്‍ കരഞ്ഞുപോയി. അത്രയ്ക്കും സന്തോഷമായിരുന്നു. 

അച്ഛന്‍ ഇല്ലാതെയാണ് നേഹ വളര്‍ന്നത്. ജീവിതത്തില്‍ എപ്പോഴെങ്കിലും അച്ഛന്‍റെ സാമീപ്യം മിസ് ചെയ്തിട്ടുണ്ടോ?

തീര്‍ച്ചയായിട്ടും. അച്ഛന്‍ ഞാന്‍ ജനിക്കുന്ന മുന്നേ ഒരു കാര്‍ അപകടത്തില്‍ മരിച്ചതാണ്. ഞാന്‍ അച്ഛനെ കണ്ടിട്ടേയില്ല. ഞാന്‍ കാണുന്നതൊക്കെയും എന്‍റെ അമ്മയെ മാത്രമാണ്. സ്ക്കൂളില്‍ ഒക്കെ പഠിക്കുമ്പോള്‍ പേരന്‍റ്സ് മീറ്റിംഗിന് അച്ഛനെ കൊണ്ടുവരാന്‍ പറയുമ്പോള്‍ ഞാന്‍ വിഷമിച്ചിരുന്ന് പോയിട്ടുണ്ട്. എനിക്ക് എപ്പോഴും എന്‍റെയമ്മ മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്‍റെ അമ്മ എനിക്ക് ഒരു അമ്മ മാത്രം ആയിരുന്നില്ല. നല്ലൊരു അച്ഛനും ആയിരുന്നു. ഇക്കഴിഞ്ഞ പിതൃദിനത്തിന് എന്‍റെ അമ്മയുടെ ഫോട്ടോ പോസ്റ്റ് ചെയ്താണ് ഹാപ്പി ഫാദേഴ്സ് ഡേ വിഷ് ചെയ്തത്. ലോകത്തിലെ ഏറ്റവും നല്ല അച്ഛന്‍ എന്നാണ് ഞാന്‍ അമ്മയെ വിശേഷിപ്പിച്ചത്. എന്‍റെ അമ്മ എനിക്ക് എല്ലാമാണ്. ജീവിതം എന്നെ ഒരുപാട് കരുത്തുള്ള സ്ത്രീയാക്കി.

എങ്ങനെയായിരുന്നു ജീവിതത്തിലെ കഷ്ടങ്ങള്‍ സന്തോഷങ്ങള്‍ ആക്കി മാറ്റിയത്?

വീട്ടില്‍ പുരുഷന്മാര്‍ ഇല്ലാത്ത സ്ത്രീകള്‍ കുറെ ബുദ്ധിമുട്ടേണ്ടിവരുമല്ലോ. അമ്മ ഗര്‍ഭിണി ആയിരുന്നപ്പോഴാണ് അച്ഛന്‍ മരിച്ചത്. ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് അമ്മ വിധവയാകുന്നത്. എങ്ങനെയായിരിക്കും അമ്മ ജീവിച്ചിട്ടുണ്ടാകുക? ഞാന്‍ വളരുന്ന സമയത്തെ ഞാന്‍ ട്യൂഷന്‍ എടുത്തും പാര്‍ട്ട് ടൈം ജോലികള്‍ ചെയ്തും കുറച്ചുപണമുണ്ടാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. ഒരുപാട് പരിമിതികള്‍ ഉണ്ടായിരുന്നു. ഒരുപാട് വലിയ കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്. എന്താണ് ടാര്‍ജറ്റ് എന്നത് ഞാന്‍ മീറ്റ് ചെയ്യുമായിരുന്നു. 

നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്തിരുന്നു. അതിനിടയ്ക്കാണ് ഞാന്‍ ഫാഷന്‍ ഷോകളും ഒഡിഷനും ചെയ്തിരുന്നത്. കമ്പനികളിലെ ബോസ്സുമാരും നല്ല സപ്പോര്‍ട്ട് ആയിരുന്നു. വര്‍ക്കിനിടയിലെ പ്രധാനപ്പെട്ട മീറ്റിംഗ് ഒഴിവാക്കി ഓഡിഷന് പോകാനുള്ള അനുമതി എനിക്കൊരു ബോസ് തന്നിരുന്നു. അതെല്ലാം നല്ല സപ്പോര്‍ട്ടായിരുന്നു. പുറത്ത് എന്‍റെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ അവസരം തരികയും എന്നാല്‍ ചെയ്യുന്ന ജോലി സമയത്ത് ചെയ്യണം എന്ന് പറയുകയും ചെയ്തു. വളര്‍ച്ചാഘട്ടത്തില്‍ അതെല്ലാം വലിയ പിന്തുണയായിരുന്നു.

കാസ്റ്റിങ് കൗച്ച് പോലുള്ള ദുരനുഭവങ്ങള്‍ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?

അങ്ങനെയൊക്കെ ഇവിടെയുണ്ടാകും എന്ന് എനിക്ക് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. ഓഡിഷന്‍ കൊടുത്ത് സെലക്ട് ആയിക്കഴിഞ്ഞു സിനിമയുടെ ഭാഗമായ ഒരാള്‍ എന്നെ ഡിന്നറിന് വിളിച്ചു. അത് എന്തിനാണ് എന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ ഉടനെ അമ്മയെ വിളിച്ചു. അമ്മയാണ് എനിക്ക് അതിനെക്കുറിച്ച് പറഞ്ഞുതന്നത്. എങ്ങനെയാണ് അവരോട് പെരുമാറേണ്ടത് എന്ന് അമ്മയെനിക്ക് പറഞ്ഞുതന്നു. സിനിമ മാത്രം ആണ് ലക്ഷ്യം. എങ്കില്‍ അവര്‍ ഒരു തുടക്കക്കാരി പെണ്‍കുട്ടിയോട് ഇങ്ങനെ പെരുമാറില്ലല്ലോ. ഇങ്ങനത്തെ കുറച്ചുകാര്യങ്ങള്‍ കൊണ്ട് എനിക്കെന്‍റെ ഒന്നരവര്‍ഷം പോയി. ഒടുവില്‍ സിനിമ വേണ്ട, ഞാന്‍ ചെയ്യുന്ന ജോലിയും കൂടെ മോഡലിംഗും ചെയ്യാമെന്ന് തീരുമാനിച്ചു. 

ഞാന്‍ ഒരു ഫാഷന്‍ ഷോ ചെയ്ത സമയത്ത് സിനിമാസംവിധായകന്‍ എച്ച്.എസ്. രാജശേഖര്‍ എന്നെ അദ്ദേഹത്തിന്‍റെ റിക്ഷാഡ്രൈവര്‍ എന്ന സിനിമയിലേക്ക് ക്ഷണിച്ചു. അദ്ദേഹം തന്നെയാണ് എന്നോട് സംസാരിച്ചത്. ഞാന്‍ അദ്ദേഹത്തോട് കാസ്റ്റിങ് കൗച്ചിനെക്കുറിച്ചൊക്കെ ചോദിച്ചു. എന്‍റെ മുന്‍ അനുഭവങ്ങള്‍ അങ്ങനെയാണല്ലോ. പക്ഷേ അദ്ദേഹം നല്ല മനുഷ്യന്‍ ആയിരുന്നു. എനിക്ക് ഉടനെ അദ്ദേഹത്തിന്‍റെ ഓഫീസ് അഡ്രസ് തന്നു മാതാപിതാക്കളുടെ കൂടെ അങ്ങോട്ട് വരണമെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ എനിക്ക് സമാധാനം ആയി. എന്‍റെ ആദ്യത്തെ സിനിമ, എനിക്ക് ഒന്നും അഡ്ജസ്റ്റ് ചെയ്യാതെ, കാസ്റ്റിങ് കൗച്ച് ഒന്നും ചെയ്യാതെ, എന്‍റെ അന്തസോടുകൂടി തന്നെ ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് എന്തൊരു തൃപ്തി ആയിരുന്നു എന്ന് അറിയാമോ. എല്ലാം എനിക്ക് നോ പറയാന്‍ സാധിച്ച കാരണം കൊണ്ട് മാത്രമുണ്ടായതാണ്.

 


LATEST VIDEOS

Interviews