ബോളിവുഡ് താരങ്ങൾ പാൻ മസാലയുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നത് എല്ലാവരും കണ്ടിട്ടുണ്ടാവും. ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്നതിലൂടെ രൂക്ഷ വിമർശനവും താരങ്ങൾ നേരിടാറുണ്ട്. സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും അക്ഷയ് കുമാറും അജയ് ദേവ്ഗണും ഹൃത്വിക് റോഷനുമെല്ലാം ഇത്തരത്തിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് തെന്നിന്ത്യൻ പ്രേക്ഷകർക്കുകൂടി ചിരപരിചിതനായ നടൻ മാധവൻ.
ഒരു വൻകിട പാൻ മസാല കമ്പനിയുടെ വമ്പൻ ഓഫറിനോട് നോ പറഞ്ഞിരിക്കുകയാണ് മാധവൻ. പരസ്യത്തിൽ അഭിനയിക്കുന്നതിന് വലിയ തുകയാണ് മാധവന് വാഗ്ദാനം ചെയ്തിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പണത്തേക്കാളുപരി പ്രേക്ഷകരോടുള്ള തന്റെ ഉത്തരവാദിത്തമാണ് പാൻ മസാല പരസ്യം നിരസിച്ചതിലൂടെ മാധവൻ നിറവേറ്റിയതെന്നാണ് വരുന്ന പ്രതികരണങ്ങൾ.
അടുത്തിടെ നടൻ ജോൺ എബ്രഹാം പാൻ മസാല ബ്രാൻഡുകളുടെ പരസ്യത്തിൽ ബോളിവുഡ് താരങ്ങൾ അഭിനയിക്കുന്നതിനെതിരെ രൂക്ഷവിമർശനം നടത്തിയിരുന്നു. ഇത്തരം ഉത്പ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ താരങ്ങൾ ജനങ്ങളുടെ ജീവൻവെച്ച് കളിക്കുകയാണെന്നാണ് ജോൺ എബ്രഹാം പറഞ്ഞത്. നേരത്തേ തെലുങ്ക് താരം അല്ലു അർജുനും പാൻ മസാല പരസ്യത്തിൽ അഭിനയിക്കുന്നതിൽനിന്ന് പിൻമാറിയിരുന്നു.2024 ആദ്യം പുറത്തിറങ്ങിയ ശൈത്താൻ ആയിരുന്നു മാധവന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ധുരന്ധർ, ദേ ദേ പ്യാർ ദേ 2, ശങ്കരൻ എന്നിവയാണ് അദ്ദേഹത്തിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.ബ്രിഡ്ജ് എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലണ്ടനിലാണ് മാധവൻ ഇപ്പോഴുള്ളത്.