NEWS

രാജലക്ഷ്മി, അത് മലയാളത്തിലെ സ്ഥിരം അമ്മവേഷങ്ങളെ പൊളിച്ചെഴുതുന്ന രീതിയിലുള്ള അമ്മവേഷം -സരിത കുക്കു

News

വിനോദ് ലീല സംവിധാനം ചെയ്ത 'മന്ദാകിനി' കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും ആദ്യം തിരഞ്ഞ മുഖം അല്‍ത്താഫ് അവതരിപ്പിച്ച ആരോമലിന്‍റെ അമ്മയെയാണ്. ക്ലൈമാക്സില്‍ സുജിത് വാസുവിനെ ചാടി ച്ചവിട്ടിയ ആ മാസ് അമ്മായിമ്മ ആരായിരുന്നു എന്നറിയാനായിരുന്നു ആ അന്വേഷണം. ഒടുവില്‍ അത് വന്നുനില്‍ക്കുന്നത് സരിത കുക്കു എന്ന പ്രൊഫൈലിലാണ്. സരിതയുടെ യഥാര്‍ത്ഥരൂപം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം ചോദിച്ചു. ഇത് എങ്ങനെ.. എങ്ങനെ ഈ ട്രാന്‍സ്ഫോര്‍മേഷന്‍ എന്ന്. പ്രേക്ഷകര്‍ക്കൊപ്പം സിനിമ കണ്ടിറങ്ങിയ തന്നെയാരും തിരിച്ചറിയുന്നില്ല എന്നത് സരിതയില്‍ സന്തോഷം നിറയ്ക്കുന്നുണ്ട്. അതാണല്ലോ ഒരു ആര്‍ട്ടിസ്റ്റിന്‍റെ വിജയവും. മന്ദാകിനിയിലെ ആ മാസ്സ് അമ്മായിമ്മ 'നാന'യോട് തന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു...

മന്ദാകിനിയും രാജലക്ഷ്മിയും

വളരെ യാദൃച്ഛികമായാണ് രാജലക്ഷ്മി എന്‍റെ അരികിലേക്ക് എത്തുന്നത്. മന്ദാകിനിയുടെ പ്രൊഡ്യൂസര്‍(സഞ്ജു എസ്. ഉണ്ണിത്താന്‍) സുഹൃത്തായിരുന്നു. അദ്ദേഹമാണ് രാജലക്ഷ്മി എന്ന കഥാപാത്രത്തിനുവേണ്ടി എന്നെ സജസ്റ്റ് ചെയ്യുന്നത്. 

മഞ്ജു(മഞ്ജുപിള്ള) ചേച്ചി ചെയ്യാനിരുന്ന വേഷമായിരുന്നു. എന്നാല്‍ ചേച്ചിക്ക് ഡേറ്റ് ഇഷ്യൂവോ അതോ മറ്റെന്തോ കാരണം കൊണ്ട് ചെയ്യാന്‍ കഴിയുമായിരുന്നല്ല. അതുകൊണ്ടുതന്നെ മന്ദാകിനി ടീം മറ്റൊരാളെ തിരയുകയായിരുന്നു. അപ്പോഴാണ് സംവിധായകന്‍ വിനോദ് ലീലയോട് എന്‍റെ കാര്യം പ്രൊഡ്യൂസര്‍ പറയുന്നത്. അങ്ങനെ ഞാനും സംവിധായകനും കണ്ടെങ്കിലും രാജലക്ഷ്മിയുമായി ശാരീരികമായി ഒരുപാട് അകലെ നില്‍ക്കുന്ന എന്നെ രാജലക്ഷ്മിയാക്കാന്‍ സംവിധായകനും കഴിയുന്നുണ്ടായിരുന്നില്ല.

ഞങ്ങള്‍ മീറ്റ് ചെയ്തതിനുശേഷം അദ്ദേഹം ഓക്കെയല്ലെന്ന് മനസ്സിലായപ്പോള്‍ വിഷമം തോന്നിയിരുന്നു. സ്ക്രിപ്റ്റ് വായിച്ച് രാജലക്ഷ്മി എന്ന കഥാപാത്രത്തിനോട് വല്ലാത്തൊരു ഇഷ്ടം തോന്നിയിരുന്നു. അത് ചെയ്യണമെന്നും ആഗ്രഹിച്ചിരുന്നു. എനിക്ക് രാജലക്ഷ്മിയുടെ അത്രയും സ്ക്രീന്‍ പ്രായം തോന്നില്ല എന്നതുതന്നെയാണ് എന്നെ സെലക്ട് ചെയ്യാത്തതിന്‍റെ പ്രധാനകാരണം എന്നുള്ളതുകൊണ്ട് ശരീരവണ്ണം കൂട്ടി നോക്കിയാലോ എന്ന് തോന്നി. ഇത് പ്രൊഡ്യൂസര്‍ സുഹൃത്ത് സംവിധായകനോട് പറഞ്ഞ് അടുത്ത മീറ്റിംഗില്‍ ആറുകിലോയോളം ദിവസങ്ങള്‍ കൊണ്ട് ഞാന്‍ വര്‍ദ്ധിപ്പിച്ചു.

പിന്നീട് വിനോദുമായി മീറ്റ് ചെയ്ത് സ്ക്രീന്‍ ടെസ്റ്റിന് വേണ്ടി മനു അടങ്ങുന്ന സംഘം എന്നെ കൃത്യമായും സൂക്ഷ്മമായും മേക്കപ്പ് ചെയ്തു. അതിനുശേഷം സ്ക്രീന്‍ ടെസ്റ്റ് നടത്തിയപ്പോള്‍ 'ഇതാണ്... ഇത് തന്നെയാണ് എന്‍റെ രാജലക്ഷ്മി' എന്ന് സംവിധായകന്‍ പറയുകയായിരുന്നു. ആ മൊമന്‍റ് വളരെ വിലപ്പെട്ടതാണ് എന്‍റെ ആക്ടിംഗ് കരിയറില്‍.

കണ്‍ഫ്യൂഷന്‍സ് നിറഞ്ഞ ദിനങ്ങള്‍

എന്നെ സെലക്ട് ചെയ്തെങ്കിലും നിറയെ കണ്‍ഫ്യൂഷന്‍സായിരുന്നു എന്‍റെയുള്ളില്‍. ഒന്നാമത് മഞ്ജുചേച്ചിയെപ്പോലെ അത്രയും പ്രൂവ് ചെയ്ത ടാലന്‍റഡ് ആര്‍ട്ടിസ്റ്റിനെവച്ച് ചെയ്യാനിരുന്ന കഥാപാത്രം. അത് എന്നിലേക്ക് വന്നെങ്കിലും ഞാന്‍ അതിന് ഓകെ ആവുമോ എന്ന എന്‍റെ ചോദ്യവും ഒപ്പം സംവിധായകന്‍റെ ഉള്ളിലെ കണ്‍ഫ്യൂഷന്‍സും മറ്റൊരു വെല്ലുവിളിയായിരുന്നു. ഒരു അമ്മവേഷം, അത് മലയാളത്തിലെ സ്ഥിരം അമ്മവേഷങ്ങളെ പൊളിച്ചെഴുതുന്ന രീതിയിലുള്ള അമ്മവേഷം. ഇത് പ്രേക്ഷകരെ കണ്‍വിന്‍സ് ചെയ്യിപ്പിക്കുക എന്നതുതന്നെയാണ് എന്നെ സംബന്ധിച്ച് ഉയര്‍ന്ന ഏറ്റവും വലിയ വെല്ലുവിളി.

ഒരു പോയിന്‍റ് എവിടെങ്കിലും ഓവര്‍ ആയാല്‍ പാളിപ്പോവാന്‍ സാധ്യതയുള്ള കഥാപാത്രം. പ്രൊഡ്യൂസര്‍ സജസ്റ്റ് ചെയ്തതുകൊണ്ട് സംവിധായന്‍ ഓകെ ആയതാണോ എന്ന കണ്‍ഫ്യൂഷനും ഉണ്ടായിരുന്നു. ഫുള്‍ മേക്കപ്പിനുശേഷം ഞാന്‍ എന്നെ കണ്ടപ്പോള്‍ ആത്മവിശ്വാസം തോന്നിയിരുന്നു. പിന്നെ ആദ്യഷോട്ട് എടുത്തപ്പോഴാണ് എനിക്കും സംവിധായകനും കംപ്ലീറ്റ് ആത്മവിശ്വാസമായത്. പിന്നീട് മറ്റ് കണ്‍ഫ്യൂഷന്‍സ് ഒന്നും ഉണ്ടായില്ല. പ്രേക്ഷകര്‍ എങ്ങനെ ഇതിനെ എടുക്കുമെന്നതായിരുന്നു മറ്റൊരു എക്സൈറ്റ്മെന്‍റ്. സിനിമ കണ്ട പലര്‍ക്കും എന്നെ നേരിട്ട് കണ്ട് മനസ്സിലായില്ല എന്നായപ്പോള്‍ ഞങ്ങള്‍ വിജയിച്ചു എന്ന് മനസ്സിലായി.


LATEST VIDEOS

Interviews