രജിനികാന്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'ജയിലർ' ആണ്. 'ബീസ്റ്റ്' എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഈയിടെയാണ് തീർന്നത്. ഈ സിനിമക്കു ശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന 'ലാൽ സലാം' ആണ് രജനികാന്ത് അഭിനയിച്ചു പുറത്തുവരാനിരിക്കുന്ന മറ്റൊരു ചിത്രം. ഇതിനെ തുടർന്ന് 'ജയ്ബീം' എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിക്കാനിരിക്കുന്നത്. 'ലൈക്ക' സുഭാഷ്കരൻ നിർമ്മിക്കുന്ന ഈ ചിത്രം രജിനിയുട 170-മത്തെ ചിത്രമാണ്. ഈ ചിത്രത്തിനായുള്ള ബാക്കി അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ചിത്രത്തിന്റെ നിർമ്മാതാക്കൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രത്തിൽ പ്രതിനായകനായി അഭിനയിക്കാൻ 'ചിയാൻ' വിക്രമിനെ സമീപിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വാർത്ത നാനയിലും നൽകിയിരുന്നു. എന്നാൽ ഈ ചിത്രത്തിൽ വില്ലനാകാൻ വിക്രം വിസമ്മതിച്ചതായാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതിനെ തുടർന്നു രജനിക്ക് വില്ലനാകാൻ മുതിർന്ന മറ്റൊരു നടനായ അർജുനെയാണത്രെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ സമീപിച്ചിരിക്കുന്നത്. അർജുൻ വില്ലനാകാൻ സമ്മതിക്കും എന്നുതന്നെയാണ് പറയപ്പെടുന്നത്. കാരണം വിശാൽ നായകനായ 'ഇരുമ്പുതിരൈ' എന്ന ചിത്രത്തിൽ അർജുൻ വില്ലനായി അഭിനയിക്കുകയും, ആ കഥാപാത്രം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. ഇപ്പോൾ ലോഗേഷ് കനഗരാജ്, വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങിവരുന്ന 'ലിയോ'യിലും അർജുൻ വില്ലൻ കഥാപാത്രമാണ് അവതരിപ്പിക്കുന്നത് എന്നാണു പറയപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് രജനിക്ക് വില്ലനാകാൻ അർജുന് അവസരം വന്നിരിക്കുന്നത്.
രജനികാന്തിന്റെ സമീപകാല ചിത്രങ്ങളെല്ലാം മൾട്ടിസ്റ്റാർ ചിത്രങ്ങളായാണ് ഒരുങ്ങി വരുന്നത്. അടുത്ത് പുറത്തു വരാനിരിക്കുന്ന 'ജയിലറി'ൽ തമന്ന, രമ്യാകൃഷ്ണൻ, മോഹൻലാൽ, ശിവരാജ്കുമാർ, സുനിൽ, ജാക്കി ഷെറോഫ് എന്നീ മുൻനിര താരങ്ങൾ അണിനിരക്കുന്നുണ്ട്. 'ലാൽ സലാം' എന്ന ചിത്രത്തിൽ വിഷ്ണു വിശാൽ, വിക്രാന്തും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.