ലോഗേഷ് കനകരാജ്, രജനികാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങിയ 'കൂലി' റിലീസായതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി തമിഴ് സിനിമാ മേഖലയിൽ സംസാര വിഷയമായിരിക്കുന്ന വാർത്തയാണ് ദീർഘകാല സുഹൃത്തുക്കളായ രജനികാന്തും, കമൽഹാസനും വീണ്ടും ഒരു ചിത്രത്തിൽ ഒന്നിച്ചഭിനയിക്കാൻ പോകുന്നു എന്നുള്ളത്!
കമൽഹാസനെ 'വിക്രം' എന്ന ചിത്രത്തിലൂടെയും, രജനികാന്തിനെ 'കൂലി' എന്ന ചിത്രത്തിലൂടെയും സംവിധാനം ചെയ്ത ലോകേഷ് കനഗരാജ് അടുത്ത് ഇരുവരെയും ഒരുമിച്ച് സംവിധാനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു എന്നും ഇതിനായുള്ള പ്രാരംഭ ചർച്ചകൾ നടന്നതായും പറയപ്പെടുന്നുണ്ട്. കമൽഹാസനാണ് ഈ ചിത്രം നിർമ്മിക്കുന്നത് എന്നുള്ള റിപ്പോർട്ടുമുണ്ട്.
കുറച്ച് വർഷങ്ങൾക്ക് മുൻപ് രജനികാന്ത് നായകനാകുന്ന ഒരു സിനിമ കമൽഹാസൻ നിർമ്മിക്കുമെന്നും, ആ ചിത്രം ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുമെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ അത് ഇതുവരെ സംഭവിച്ചില്ല. അതിന് ശേഷമാണ് ലോഗേഷ് കനകരാജ് കമൽഹാസനെ നായകനാക്കി 'വിക്രം' എന്ന ചിത്രവും, രജനികാന്തിനെ നായകനാക്കി 'കൂലി'യും സംവിധാനം ചെയ്തത്. 'കൂലി'ക്ക് ശേഷം കാർത്തി നായകനാകുന്ന 'കൈതി'യുടെ രണ്ടാം ഭാഗമാണ് ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്നതെന്നുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ 'കൈതി' രണ്ടാം ഭാഗത്തിന്റെ നിർമ്മാതാക്കളുമായി ലോഗേഷ് കനകരാജ് സംസാരിച്ച് ചിത്രം മാറ്റിവച്ചെന്നും, 'കൈതി' രണ്ടാം ഭാഗത്തിന് മുൻപായി രജിനികാന്തിനെയും, കമൽഹാസനെയും ഒന്നിപ്പിച്ച് ഒരു ബ്രമ്മാൻഡ പാൻ ഇന്ത്യൻ സിനിമ ഒരുക്കാനാണ് ലോഗേഷ് കനകരാജ് ശ്രമിച്ച് വരുന്നത് എന്നാണ് പറയപ്പെടുന്നത്. ഇത് സാധ്യമാകുകയാണെങ്കിൽ തമിഴ് സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ബ്രമ്മാൻഡ ചിത്രമായിരിക്കും അതെന്നും പറയപ്പെടുന്നുണ്ട്.