രജനികാന്തിന്റെ മൂത്ത മകൾ ഐശ്വര്യ സംവിധാനം ചെയ്തു ഇന്നലെ (9-2-24) റിലീസായ ചിത്രമാണ് 'ലാൽ സലാം'. വിഷ്ണു വിശാൽ, വിക്രാന്ത് നായകന്മാരായി അഭിനയിച്ച ഈ ചിത്രത്തിൽ രജനികാന്ത് അതിഥി വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് രജനികാന്ത് വീണ്ടും ഒരു ചിത്രത്തിൽ അതിഥി വേഷത്തിൽ അഭിനയിക്കുന്നു എന്നുള്ള വാർത്ത ലഭിച്ചിരിക്കുന്നത്. രജനികാന്തിന്റെ മൂത്ത മകൾ ഐശ്വര്യയെ തുടർന്ന് രജനികാന്തിന്റെ ഇളയമകൾ സൗന്ദര്യയും ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്നുണ്ടത്രേ! നേരത്തെ തന്റെ പിതാവായ രജനികാന്തിനെ നായകനാക്കി 'കോച്ചടയാൻ' എന്ന ചിത്രവും, ധനുഷിനെ നായകനാക്കി 'വേലയില്ലാ പട്ടധാരി'യുടെ രണ്ടാം ഭാഗവും സൗന്ദര്യ സംവിധാനം ചെയ്തിരുന്നു. നിലവിൽ അടുത്ത് സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിൽ രാഘവ ലോറൻസാണത്രെ നായകനായി അഭിനയിക്കുന്നത്. ഈ ചിത്രം നിർമ്മിക്കുന്നത് തമിഴ് സിനിമയിലെ പ്രശസ്ത ബാനറുകളിൽ ഒന്നായ കലൈപ്പുലി എസ്.ധാനുവിന്റെ 'വി ക്രിയേഷൻസ്' ആണെന്നാണ് പറയപ്പെടുന്നത്. ഈ ചിത്രത്തിലും രജനികാന്ത് അഥിതി വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ട്. അതിനായി സൗന്ദര്യക്ക് 10 ദിവസത്തെ കാൾഷീറ്റ് നല്കിയിട്ടുണ്ടത്രെ രജനികാന്ത്! ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.