തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനാകുന്ന 'ജയിലർ'. മലയാളത്തിന്റെ സ്വന്തം മോഹൻലാലും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തിൽ അഭിനയിച്ചിട്ടുണ്ട് എന്നുള്ളതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. അനിരുദ്ധ് സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ പ്രകാശനം ഇന്നലെ ചെന്നൈയിൽ നടക്കുകയുണ്ടായി. അപ്പോൾ രജനികാന്ത് സംസാരിക്കുമ്പോൾ, 'ജയിലര്‍' എങ്ങനെ ആരംഭിച്ചു എന്നും, സൂപ്പർസ്റ്റാർ പദവിയെ കുറിച്ചും, താൻ ആർക്കെല്ലാം ഭയപ്പെടുന്നു എന്നതിനെക്കുറിച്ചും ഇങ്ങിനെ സംസാരിക്കുകയുണ്ടായി.
'അണ്ണാത്ത''ക്കു ശേഷം ഞാൻ ഒരുപാട് കഥകൾ കേട്ടിരുന്നു. എന്നാല്‍ എല്ലാം 'ബാഷ' മാതിരിയോ 'അണ്ണാമലൈ' മാതിരിയോ ആയിരുന്നു. അതിനാല്‍ ഞാൻ പല സ്ക്രിപ്റ്റുകളും നിരസിച്ചു. കഥ കേൾക്കാൻ തന്നെ മടുപ്പ് തോന്നി. എന്നാൽ നെൽസൺ ദിലീപ്കുമാർ പറഞ്ഞ ആശയം ഇഷ്ടമായി. എന്നാൽ അദ്ദേഹത്തിന്റെ മുന്‍ ചിത്രമായ 'ബീസ്റ്റി'ന് മോശം അഭിപ്രായമാണ് ലഭിച്ചിരുന്നത്. അതിനാൽ നെൽസന്റെ കൂടെ പ്രവർത്തിക്കുന്ന കാര്യത്തിൽ നിറയെ ചർച്ചകൾ നടത്തേണ്ടി വന്നു. എന്നാൽ 'ബീസ്റ്റ്'ന്റെ നിർമ്മാതാവായ കലാനിധിമാരൻ പറഞ്ഞ ചില കാര്യങ്ങൾ എനിക്ക് നെൽസണുമായി മുന്നോട്ടുപോകുവാനുള്ള ധൈര്യം തന്നു. അങ്ങിനെയാണ് 'ജയിലർ' തുടങ്ങിയത്.
'ജയിലറി'ലെ ഹുക്കും എന്ന ഗാനത്തില്‍ നിന്നും സൂപ്പർസ്റ്റാർ എന്ന വാക്ക് നീക്കാന്‍ ഞാൻ ആവശ്യപ്പെട്ടിരുന്നു. കാരണം സൂപ്പർസ്റ്റാർ എന്ന പട്ടം എപ്പോഴും പ്രശ്നമാണ്. ചില വർഷങ്ങൾക്കു മുൻപും സൂപ്പർസ്റ്റാർ എന്ന പദവി വേണ്ടെന്നു പറഞ്ഞിരുന്നു, അപ്പോൾ രജനി പേടിച്ചിട്ടാണ് ഇങ്ങനെ പറയുന്നത് എന്നാണു എല്ലാവരും പറഞ്ഞ് പരത്തിയത്. ഞാന്‍ ഭയക്കുന്നത് രണ്ടുപേരെ മാത്രമാണ്. ഒന്നാമത് ദൈവത്തിനെ, രണ്ടാമത് നല്ല മനുഷ്യരെ. നല്ല മനുഷ്യര്‍ നമ്മളെ ശപിച്ചാല്‍ അത് ദുരന്തമാണ്.
തനിക്ക് നേരെയുണ്ടാകുന്ന വിമർശനങ്ങളെ കുറിച്ച് രജനി പ്രതികരിച്ചു സംസാരിക്കുമ്പോൾ, ' 'പക്ഷികളുടെ കൂട്ടത്തില്‍ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. പരുന്ത് അത്തരത്തില്‍ ചെയ്യില്ല. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തും. എന്നാല്‍ പരുന്ത് അതിന് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കും. കാക്കയ്ക്ക് ആ ഉയരത്തില്‍ എത്താന്‍ കഴിയില്ല. ഞാന്‍ ഇങ്ങിനെ പറയുന്നത് ഒരാളെ ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരും. കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. അത് രണ്ടും നമ്മുടെ നാട്ടില്‍ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ല. നമ്മൾ നമ്മുടെ പണിയുമായി മുന്നോട്ട് പോയാൽ ആരും ഒന്നും ചെയ്യുവാൻ പറ്റില്ല'' എന്നും രജനി സംസാരിച്ചു.
രജനികാന്ത് സൂപ്പർസ്റ്റാർ പദവി കുറിച്ച് ഇങ്ങിനെ സംസാരിക്കുവാൻ കാരണം തമിഴ് സിനിമയിലെ ഇപ്പോഴത്തെ സൂപ്പർസ്റ്റാർ വിജയ് ആണ് എന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകളെ കുറിച്ചായിരുന്നു.