കഴിഞ്ഞ ദിവസം ചെന്നൈയിൽ 'ജയിലർ' എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് ഫങ്ക്ഷൻ നടക്കുകയുണ്ടായി. ഈ ഓഡിയോ ലോഞ്ചിൽ ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തിൽ അഭിനയിച്ചിട്ടുള്ള മോഹൻലാൽ പങ്കെടുത്തിരുന്നില്ല. എന്നിരുന്നാലും ആ ഫങ്ക്ഷനിൽ താരമായി തിളങ്ങി മോഹൻലാൽ എന്നുവേണം പറയുവാൻ.
സൂപ്പർസ്റ്റാർ രജനികാന്ത് മോഹൻലാലിനെ കുറിച്ച് സംസാരിക്കുമ്പോൾ, "എന്തൊരു മനുഷ്യൻ, മഹാ നടനാണ് മോഹൻലാൽ. അദ്ദേഹം എന്നെ അദ്ഭുതപ്പെടുത്തി'' എന്നാണ് മോഹൻലാനിനെ പുകഴ്ത്തി സംസാരിച്ചത്.
ചിത്രത്തിന്റെ സംവിധായകനായ നെൽസൺ മോഹൻലാലിനെ കുറിച്ച് സംസാരിക്കുമ്പോൾ, ''രജനികാന്തിനോടുള്ള സ്നേഹം കൊണ്ട് മോഹൻലാർ സാർ കഥ പോലും കേള്‍ക്കാതെയാണ് 'ജയിലറി'ല്‍ അഭിനയിക്കാനെത്തിയത്. എന്നെ നേരിട്ട് വിളിച്ചാണ് താന്‍ ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം മോഹന്‍ലാല്‍ സാര്‍ പറഞ്ഞത്. കഥയുടെ മേന്‍മയല്ല രജനിസാറിനോടുള്ള ഇഷ്ടമാണ് ഈ ചിത്രത്തിൽ അഭിനയിക്കാൻ എന്നെ പ്രേരിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനാല്‍ ഇത്തരം ഒരു അവസരം ഒരിക്കലും ദുരുപയോഗം ചെയ്യരുതെന്ന് ഉറപ്പിച്ചു, ലാല്‍ സാറിന് വേണ്ടതെല്ലാം ചിത്രത്തിൽ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരാധകർ നിരാശപ്പെടേണ്ടി വരില്ല. അത് ഉറപ്പാണ്'' എന്നാണു നെൽസൺ പറഞ്ഞത്.
രജനിയുടെ കരിയറിലെ 169-മത്തെ ചിത്രമാണ് 'ജയിലർ'. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജയിലർ'. ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധാണ്.