രജനികാന്ത്, അമിതാബ് ബച്ചൻ, ഫഹദ് ഫാസിൽ, റാണാ, മഞ്ജു വാരിയർ തുടങ്ങിയവർ അണിനിരക്കുന്ന 'വേട്ടൈയ്യൻ' ഈ മാസം 10-ന് റിലീസാകാനിരിക്കുകയാണല്ലോ! ഇതിനോടനുബന്ധിച്ചു ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളും നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തിന്റെ സംവിധായകനായ ടി.ജെ. ജ്ഞാനവേൽ രജനികാന്ത്, ഫഹദ് ഫാസിൽ സംബന്ധിച്ച ഒരു വാർത്ത പുറത്തുവിട്ടിരിക്കുന്നത്. അതായത് സംവിധായകരും, നിർമ്മാതാക്കളും, നടീ നടന്മാരുമാണ് സാധാരണയായി രജനിയുടെ കാൾ ഷീറ്റിനായി കാത്തിരിക്കാറുള്ളത്. എന്നാൽ ഈ ചിത്രത്തിന് വേണ്ടി രജനികാന്ത് ഫഹദ് ഫാസിലിനായി 45 ദിവസത്തോളം, അതായത് ഒന്നര മാസകാലത്തോളം കാത്തിരുന്നുവത്രെ! സംവിധായകൻ ടി.ജെ.ജ്ഞാനവേൽ ഈ ചിത്രത്തിന് വേണ്ടിയുള്ള കഥയെഴുതുമ്പോൾ ഒരു കഥാപാത്രം ഫഹദ് ഫാസിലിനെ മനസ്സിൽ കണ്ടുകൊണ്ടാണത്രെ എഴുതിയത്. അതിൽ ഫഹദ് ഫാസിൽ അല്ലാതെ വേറൊരു നടനെ ആലോചിക്കാൻ കൂടി സാധിക്കാത്ത തരത്തിലുള്ള ഒരു കഥാപാത്രമാണത്രെ അത്. എന്നാൽ 'വേട്ടൈയ്യൻ' ചിത്രീകരണം തുടങ്ങിയ സമയത്ത്, ഫഹദ് ഫാസിൽ, 'പുഷ്പ'യുടെ രണ്ടാം ഭാഗത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നുവത്രെ! അതിനാൽ രജിനിക്കൊപ്പം അഭിനയിക്കാൻ ഫഹദ് ഫാസിലിനെകൊണ്ട് വരാൻ സാധിച്ചില്ല. ഈ വിവരം രജനിയുടെ അടുക്കൽ ടി.ജെ.ജ്ഞാനവേൽ അവതരിപ്പിക്കുമ്പോൾ, 'ഫഹദ് ഫാസിലിനെ മനസ്സിൽ വെച്ചാണ് ആ കഥാപാത്രം എഴുതിയതെന്നും, അദ്ദേഹം വരുവാൻ ഒന്നരമാസത്തോളം ആകുമെന്നും പറഞ്ഞപ്പോൾ രജനികാന്ത് അതിന് ഉടനെ സമ്മതിച്ചുവത്രെ! അങ്ങിനെ ഒന്നര മാസ കാലത്തോളം ഫഹദ് ഫാസിലിനായി രജനികാന്ത് കാത്തിരുന്നു അഭിനയിച്ച ചിത്രമാണത്രെ 'വേട്ടൈയ്യൻ' ഫഹദ് ഫാസിലിനെ കുറിച്ച് ടി.ജെ.ജ്ഞാനവേൽ ഇങ്ങിനെയും പറയുകയുണ്ടായി... ''ഫഹദ് മറ്റ് അഭിനേതാക്കളെ അപേക്ഷിച്ച് കുറച്ച് സിനിമകളിൽ മാത്രമാണ് അഭിനയിക്കുന്നത്. എന്നാൽ വളരെ തിരക്കുള്ള നടനുമാണ്. കഥാപാത്രം ഇഷ്ടപ്പെട്ടാൽ മാത്രമേ അദ്ദേഹം അഭിനയിക്കുകയുള്ളൂ. സിനിമയുടെ റിലീസിന് ശേഷം അദ്ദേഹത്തിൻ്റെ കഥാപാത്രവും, അഭിനയവും വലിയ തോതിൽ പ്രശംസകൾ നേടും എന്നുള്ളത് ഉറപ്പാണ്''.