NEWS

നേർക്ക് നേർ രജനികാന്തിന്റെ 'കൂലി'യും, അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ളി'യും

News

രജനികാന്ത് നായകനാകുന്ന, ലോഗേഷ് കനഗരാജ് ചിത്രമായ 'കൂലി'യും, അജിത്ത് നായകനായി, ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്തു വരുന്ന 'ഗുഡ് ബാഡ് അഗ്ലി'യും ഒരേ ദിവസം റിലീസാകുമെന്നാണ് ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നു കൊണ്ടിരിക്കുന്ന വാർത്തകൾ! 'തൃഷ ഇല്ലേനാ നയൻതാര', 'മാർക്ക് ആൻ്റണി' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത ആധിക് രവിചന്ദ്രൻ അജിത്തിൻ്റെ കടുത്ത ആരാധകനാണ്. അങ്ങിനെയുള്ള ആധിക് രവിചന്ദ്രൻ അജിത്തിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗുഡ് ബാഡ് അഗ്ലി'. ആധിക് അജിത്തിന്റെ ഒരു ഫാൻ ബോയ് ആയിട്ടാണ് 'ഗുഡ് ബാഡ് അഗ്ലി' ഒരുക്കുന്നത്. ചിത്രത്തിൻ്റെ ചിത്രീകരണം അവസാന ഘട്ടത്തിലെത്തി. 'ഗുഡ് ബാഡ് അഗ്ലി'യിൽ അജിത്തിനൊപ്പം തൃഷയാണ് ഒരു നായകിയായി അഭിനയിക്കുന്നത്. ദേവിശ്രീ പ്രസാദ് ആണ് സംഗീതം ഒരുക്കുന്നത്. തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ 'മൈത്രീ മൂവി മേക്കേഴ്‌സ്' ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ 2025 മെയ് ഒന്നിന് തൊഴിലാളി ദിനത്തിൽ ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. ഇത് കൂടാതെ മെയ്-1 അജിത്തിൻ്റെ പിറന്നാൾ ദിനവുമാണ്! അതിനാൽ 'ഗുഡ് ബാഡ് അഗ്ലി'യെ മെയ്-1-ന് റിലീസ് ചെയ്യുവാനുള്ള ഒരുക്കങ്ങൾ നടത്തി വരികയാണ്. അതേ സമയം രജനികാന്ത് നായകനാകുന്ന, ലോഗേഷ് കനഗരാജ് ചിത്രമായ 'കൂലി'യും മെയ് 1-ന് റിലീസ് ചെയ്യാനുള്ള നീക്കങ്ങൾ നടത്തി വരികയാണ്. ഈ ചിത്രം നിർമ്മിക്കുന്നത് വമ്പൻ ബാനറായ സൺ പിക്ചേഴ്സ് ആണ്. രജനികാന്ത് നായകനായ 'ജയിലർ' എന്ന ചിത്രത്തിന് ശേഷം സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രത്തിലും വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്. ലോഗേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കൂലി' മെയ്-1 വ്യാഴാഴ്ച വരുന്നതിനാലും പിന്നെ വരുന്ന വെള്ളി, ശനി, ഞായർ ആഴ്ച്ചയുടെ അവസാന നാളുകൾ എന്നതിനാലും ചിത്രത്തിന് മികച്ച കളക്ഷൻ ലഭിക്കുമെന്ന് കരുതിയാണ് ഈ സിനിമയും മെയ് 1-ന് റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ ആലോചിക്കുന്നത്. ഇതിന് മുമ്പ്, അതായത് 2019-ൽ പൊങ്കൽ ഉത്സവത്തിന് അജിത്തിൻ്റെ 'വിശ്വാസ'വും രജനികാന്തിന്റെ 'പേട്ട'യും നേർക്കുനേർ ഏറ്റുമുട്ടി. ഇതിൽ 'വിശ്വാസം' സൂപ്പർഹിറ്റായി മികച്ച കളക്ഷൻ നേടി! ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് അതായത് 6 വർഷത്തിന് ശേഷം വീണ്ടും രജിനികാന്തിന്റെയും, അജിത്തിന്റെയും ചിത്രങ്ങൾ ഒരേ ദിവസം നേർക്ക് നേർ ഏറ്റുമുട്ടാനിരിക്കുന്നത്. അങ്ങിനെ ഈ രണ്ടു ചിത്രങ്ങളും ഒരേ ദിവസം റിലീസാവുകയാണെങ്കിൽ ഇതിൽ ഏത് ചിത്രം വമ്പൻ വിജയമാകുമെന്ന് കണ്ടറിയണം.


LATEST VIDEOS

Top News