ഹൈദരാബാദ്: റാമോജി റാവു (87) അന്തരിച്ചു. റാമോജി ഫിലിം സിറ്റി സ്ഥാപകനും ഈടിവി, ഈനാട് അടക്കമുള്ള വൻകിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയുമായിരുന്നു 87കാരനായ റാമോജി റാവു. ശ്വാസതടസത്തെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് 2016ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
1983ൽ സ്ഥാപിതമായ ചലച്ചിത്ര നിർമാണ കമ്പനിയായ ഉഷാകിരൻ മൂവീസിന്റെ സ്ഥാപകൻ കൂടിയാണ് റാമോജി റാവു. നാലു ഫിലിംഫെയർ അവാർഡുകളും ദേശീയ ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. .
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിൽ ഒരു കാർഷിക കുടുംബത്തിലാണ് റാവു ജനിച്ചത്. മാർഗദർസി ചിറ്റ് ഫണ്ട്, രാമദേവി പബ്ലിക് സ്കൂൾ, പ്രിയ ഫുഡ്സ് എന്നിവയുടെയും സ്ഥാപകനാണ് ഇദ്ദേഹം. ആന്ധ്രാപ്രദേശിലെ ഡോൾഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന്റെ ചെയർമാൻ കൂടിയാണ്.