വിപിന്‍ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പലനടയില്‍ എന്ന ചിത്രത്തില്‍ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചു പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുകയാണ് മിനിസ്ക്രീന്‍ താരവും മിമിക്രിതാരവും അഭിനേതാവുമായ അഖില്‍ കവലയൂര്‍. ഫ്ളവേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്കിലൂടെ ശ്രദ്ധേയനായ അഖില്‍ കവലയൂര്‍ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഹാസ്യ അഭിനയമികവാണ് ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത്. സ്റ്റാര്‍ മാജിക്കില്‍ ആദ്യം തന്‍റെ ശബ്ദത്തിലൂടെ അശരീരിയായി എത്തിയ അദ്ദേഹം ഇപ്പോള്‍ അതെ പരിപാടിയുടെ പ്രധാന ഗ്ലാമറാണ്. ഗുരുവായൂരമ്പലനടയില്‍ വിനുവിന്‍റെ സഹപ്രവര്‍ത്തകന്‍ എന്നതിലുപരി വിനുവിന്‍റെയും ആനന്ദിന്‍റെയും ജീവിതത്തിലെ പല വഴിത്തിരിവുകള്‍ക്കും തിരികൊളുത്തുന്നത് അഖില്‍ അവതരിപ്പിച്ച 'കുഞ്ഞുണ്ണി' എന്ന കഥാപാത്രമാണ്. അയ്യപ്പഭക്തനായ ആനന്ദന്‍റെ കൂട്ടുകാരന്‍ രണ്ടെണ്ണം കയ്യില്‍ നിന്ന് ഇട്ടത് പല മടങ്ങായി പ്രേക്ഷകര്‍ ഏറ്റെടുത്തു. 'നാനാ' ഫിലിം മാഗസിനില്‍ അഖില്‍ കവലയൂര്‍ മനസ്സ് തുറക്കുന്നു.
എങ്ങനെയാണ് അഖില്‍ കവലയൂര്‍ എന്ന പേര് ലഭിക്കുന്നത്?
അഖില്‍ കവലയൂര്‍ എന്ന പേര് വരാന്‍ കാരണം മിമിക്രി തുടങ്ങുന്ന സമയത്ത് എല്ലാ ആര്‍ട്ടിസ്റ്റുകളും സ്വന്തം സ്ഥലപ്പേര് കൂട്ടിച്ചേര്‍ക്കുന്ന ഒരു പതിവുണ്ടായിരുന്നു. അങ്ങനെ ഞാനും എന്‍റെ സ്ഥലപ്പേര് കൂട്ടിച്ചേര്‍ത്ത് അങ്ങനെ കവലയൂര്‍ എന്ന പേര് മിമിക്രി വേദികളില്‍ സജീവമായി. പിന്നെ ചാനല്‍ ഫീല്‍ഡില്‍ വന്നപ്പോഴും അത് അങ്ങനെതന്നെ തുടര്‍ന്നു.
എങ്ങനെയാണ് സിനിമയിലേക്കേത്തുന്നത്?
സ്ക്കൂള്‍ നാടകങ്ങളിലൂടെയാണ് എന്‍റെ കലാപ്രവര്‍ത്തനം തുടങ്ങുന്നത്. അതുകഴിഞ്ഞ് പ്ലസ് ടുവിന് ഒക്കെ ആകുമ്പോഴാണ് മിമിക്രിയിലേക്ക് കമ്പം വരുന്നത്. മിമിക്രിതാരമായി സ്റ്റേജുകളില്‍ പ്രോഗ്രാം കളിച്ചുനടന്നപ്പോഴാണ് ഒരു സിനിമാനടന്‍ ആകണം എന്നുള്ള ആഗ്രഹം സജീവമായി മനസ്സില്‍ കയറിക്കൂടിയത്. ആദ്യമായി മുഖം കാണിച്ച സിനിമ ലെനിന്‍ രാജേന്ദ്രന്‍ സാറിന്‍റെ അന്യര്‍. ഡയലോഗ് ഉള്ള ഒരു വേഷം ലഭിക്കുന്നത് ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന സിനിമയിലായിരുന്നു. നല്ലൊരു ക്യാരക്ടര്‍ റോള്‍ ആയി വന്നത് ഒരു തെക്കന്‍ തല്ല് കേസ് എന്ന ചിത്രത്തില്‍ ആയിരുന്നു. ഗുരുവായൂരമ്പലനടയില്‍ എന്ന ചിത്രത്തിലാണ് നല്ല ഒരു ക്യാരക്ടര്‍ ചെയ്തത്.
ഗുരുവായൂരമ്പലനടയിലേക്കുള്ള എന്‍ട്രി എങ്ങനെയാണ് ലഭിച്ചത്?
സംവിധായകന്‍ വിപിന്‍ദാസ് ചേട്ടനാണ് ഈ സിനിമയിലേക്ക് എന്നെ ആദ്യം വിളിക്കുന്നത്. അതുകഴിഞ്ഞ് റൈറ്റര്‍ ദീപുച്ചേട്ടന്‍ സിനിമയുടെ കഥ പറഞ്ഞുവിളിച്ചു. സിനിമ റിലീസ് ആയി. തീയേറ്ററില്‍ എന്‍റെ സീനിന് കിട്ടിയ ചിരിയും കയ്യടിയും അതിനുശേഷം കിട്ടിയ പ്രോത്സാഹനവും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്.
ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ അംഗീകാരം ലഭിച്ച ആദ്യപ്രോഗ്രാം ഏതായിരുന്നു?
ആദ്യമായി ടെലിവിഷനില്‍ ശ്രദ്ധിക്കപ്പെടുന്ന പ്രോഗ്രാം ഏഷ്യാനെറ്റിലെ കോമഡി എക്സ്പ്രസ് ആയിരുന്നു. അതിലെ മിക്ക സ്ക്കിറ്റുകളും എഴുതി ഉണ്ടാക്കിയിരുന്നതും ഞങ്ങളുടെ ടീം ആയിരുന്നു. സ്റ്റാര്‍മാജിക്ക് എന്ന പ്രോഗ്രാമിന്‍റെ പിന്നണിയില്‍ നില്‍ക്കുമ്പോഴാണ് എനിക്ക് സ്വന്തമായി എഴുതിയ കണ്ടെന്‍റുകള്‍ ചെയ്തു കയറാനുള്ള അവസരം ലഭിക്കുന്നത്.
അഖിലിന്‍റെ സ്വദേശം എവിടെയാണ്? വീട്ടില്‍ ആരൊക്കെയുണ്ട്?
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനും വര്‍ക്കലയ്ക്കും ഇടയ്ക്കുള്ള ഒരു ഗ്രാമമാണ് കവലയൂര്‍. ഭാര്യയും രണ്ട് മക്കളും അമ്മയും അടങ്ങുന്നതാണ് കുടുംബം. ഭാര്യ ആര്യ അഖില്‍. മക്കള്‍ അവന്തിക അഖില്‍ മൂന്നാം സ്റ്റാന്‍ഡേര്‍ഡിലും അവനിക അഖില്‍ എല്‍.കെ.ജിയിലും പഠിക്കുന്നു.
എവിടെയാണ് അഖില്‍ പഠിച്ചത്?
പഠനം കവലയൂര്‍ ഗവണ്‍മെന്‍റ് ഹൈസ്ക്കൂളില്‍ പത്താം ക്ലാസ് വരെ. അത് കഴിഞ്ഞ് ആറ്റിങ്ങല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ പ്ലസ് ടൂ. ആറ്റിങ്ങല്‍ ഗവണ്‍മെന്‍റ് കോളേജില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കി കലാരംഗത്തേയ്ക്കുള്ള മുഴുനീള യാത്ര ആരംഭിച്ചു. തുടര്‍ന്നും നല്ല വേഷങ്ങള്‍ കിട്ടാന്‍ എല്ലാ പ്രേക്ഷകരുടെയും നാനാ വായനക്കാരുടെയും സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു.