വംശി പൈഡിപ്പള്ളി സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് 'വാരിസ്'. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ജനുവരി 12 പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക. ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായിക. കഴിഞ്ഞ ദിവസം നടന്ന 'വാരിസി'ന്റെ ഓഡിയോ ലോഞ്ച് പരിപാടിയിൽ നടി പറഞ്ഞ കാര്യമാണ് ശ്രദ്ധ ആകർഷിക്കുന്നത്. വിജയ്‌യോടുള്ള തന്റെ ആരാധനയെ കുറിച്ചാണ് നടി സംസാരിച്ചത്. എവിടെ ചെന്നാലും ഇഷ്ട നടനോ ക്രഷ് ആരാണെന്നോ ചോദിച്ചാൽ വിജയ് എന്നാണ് തന്റെ മറുപടിയെന്നും നടി പറഞ്ഞു.
'വിജയ് സാറെന്ന് പറഞ്ഞാൽ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. അത് എല്ലായിടത്തും ഞാൻ പോയി പറഞ്ഞിട്ടുണ്ട്. എനിക്ക് നുണ പറയാനൊന്നും അറിയില്ല. എവിടെ ചെന്നാലും ഇഷ്ട നടനോ ക്രഷ് ആരാണെന്നോ ചോദിച്ചാൽ വിജയ് സാറെന്ന് ഞാൻ പറയും'
വാരിസ്' അനൗണ്‍സ് ചെയ്തപ്പോൾ തന്നെ ഈ സിനിമ ചെയ്യാൻ പറ്റുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. എന്നാൽ എനിക്ക് വിജയ് സാറിനെ കാണണം, അത്രേയേയുള്ളു. ഞാൻ ശല്യപെടുത്തുകയൊന്നുമില്ല ഒരു സൈഡിൽ ഇരുന്ന് കണ്ടിട്ട് പൊക്കോളാം എന്നാണ് വംശി സാറിനോട് പറഞ്ഞത്. പക്ഷെ ഇങ്ങനെയൊരു അവസരം എനിക്ക് തന്നതിന് വംശി സാറിനോട് നന്ദി പറയുന്നു. സിനിമയുടെ പൂജക്കിടയിൽ വിജയ് സാറിനോട് സംസാരിക്കാൻ വളരെയധികം തയാറെടുപ്പോടെയാണ് പോയത്. സാറിന്റെ അടുത്ത് പോയി എങ്ങനെയിരിക്കുന്നു എന്നൊക്കെ ചോദിച്ചപ്പോൾ എന്തൊരു ക്യൂട്ട് ആയിരുന്നു. ഷൂട്ടിംഗ് ടൈമിൽ മുഴുവൻ ഞാൻ സാറിനെ ശല്യം ചെയ്യുകയായിരുന്നു. സാറിനെ നോക്കികൊണ്ടിരിക്കുമായിരുന്നു', രശ്‌മിക പറഞ്ഞു.
വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്.