നമ്മൾ ജനിച്ച് ജീവിക്കേണ്ടത് ഈ കാലഘട്ടത്തിലല്ല, കുറെ വർഷങ്ങൾ മുൻപെ ജനിക്കണമായിരുന്നു.
ഇങ്ങനെയൊരു ചിന്ത ആർക്കെങ്കിലും തോന്നാറുണ്ടോ? ആർക്കും അങ്ങനെ തോന്നുകയില്ല എന്നുറപ്പുപറയാൻ കഴിയില്ല. ചിലർക്കെങ്കിലും തോന്നാം.
നടി രസ്‌ന പവിത്രന്റെ മനസ്സിൽ ഇങ്ങനെയൊരു ചിന്ത കടന്നുവരാറുണ്ട്. സംസാരത്തിനിടയിൽ രണ്ട് സാഹചര്യങ്ങളിലാണ് രസ്‌ന ഇക്കാര്യം തുറന്നുപറഞ്ഞത്.
ഹരിഹരൻ, സത്യൻ അന്തിക്കാട്, സിബിമലയിൽ, കമൽ തുടങ്ങിയ പ്രമുഖ സംവിധായകരുടെയൊക്കെ എത്രയോ നല്ല സിനിമകൾ ഒന്നിന് പുറകെ ഒന്നായി റിലീസ് ചെയ്തുകൊണ്ടിരിക്കുന്ന കാലം ഉണ്ടായിരുന്നല്ലോ.
അന്നത്തെ കാലത്ത് അവരുടെയൊക്കെ സിനികളിൽ നായികമാരായി വന്ന നടികളെക്കുറിച്ചും രസ്‌ന ഓർക്കാറുണ്ട്. അവരുടെയൊക്കെ ഒരു ഭാഗ്യം. അന്ന് ഞാനും ആ പ്രായത്തിലൊക്കെ ഉണ്ടായിരുന്നുവെങ്കിൽ അവരെപ്പോലെ ഒരു നായികയായി നല്ല കഥാപാത്രങ്ങളിൽ, നല്ല പ്രോജക്ടുകളിൽ അഭിനയിക്കാമായിരുന്നു.
രസ്‌ന പവിത്രന്റെ മനസ്സിൽ തോന്നിയ മറ്റൊരു കാര്യം, എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആർ.എസ്. വിമലിന്റെ പുതിയ സിനിമയായ 'ശശിയും ശാകുന്തളവും' എന്ന ചിത്രത്തിൽ രസ്‌ന ഒരു ഹിന്ദി പഠിപ്പിക്കുന്ന ഒരു ടീച്ചറായി അഭിനയിച്ചു. 70-75 കാലഘട്ടത്തിലെ കഥ പറയുന്ന ഈ സിനിമയിലെ ടീച്ചറുടെ പേര് സരള. സരളടീച്ചറെ രസ്‌നയ്ക്ക് വലിയ ഇഷ്ടമായി. കാരണം പഴയ കാലഘട്ടത്തിൽ പറയുന്ന കഥയായതുകൊണ്ടുതന്നെ ഓലമേഞ്ഞ പഴയ ട്യൂട്ടോറിയൽ കോളേജുമൊക്കെയാണ് സീനിൽ വരുന്നത്. 70-75 കാലഘട്ടത്തിൽ ട്യൂട്ടോറിയൽ കോളേജിൽ പഠിപ്പിച്ചവരുടേയും മറ്റും ട്യൂട്ടോറിയൽ അനുഭവങ്ങൾ രസ്‌നയെപ്പോലെ ഇന്നുള്ളവർക്ക് ഉണ്ടാകില്ലല്ലോ. പക്ഷേ, രസ്‌ന ഈ സിനിമയിലൂടെ ആ കാലഘട്ടത്തിലേക്ക് തിരിച്ചുപോയപ്പോൾ രസ്‌നയ്ക്ക് നന്നായി രസിച്ചു. ആ പഴയകാല അനുഭവങ്ങൾ സിനിമയിലൂടെയാണെങ്കിലും തൊട്ടറിയാൻ കഴിഞ്ഞു.
ഈയടുത്ത് രസ്‌ന അഭിനയിച്ച് റിലീസായ സിനിമയാണ് 'പടച്ചോനെ.. ങ്ങള്.. കാത്തോളീൻ...' ഈ സിനിമയിൽ ഒരു രക്തസാക്ഷിയുടെ ഭാര്യയായി അഭിനയിച്ചു. സിനിമ കണ്ടവർക്ക് രസ്‌നയുടെ വേഷം മറക്കാൻ കഴിയില്ല.
രസ്‌നയെ ഈ സിനിമ സന്തോഷിപ്പിക്കുന്നത് മറ്റൊരു തരത്തിലാണ്. രക്തസാക്ഷിയുടെ ഭാര്യ എന്നുപറയുമ്പോൾ വിധവയുടെ വേഷമാണല്ലോ. രക്തസാക്ഷിയെ സിനിമയിൽ കാണിക്കുന്നുണ്ട്. നടൻ ജയസൂര്യ നേരിട്ടല്ലെങ്കിലും നടൻ ജയസൂര്യയുടെ ഭാര്യയായി ഇൻ ഡയറക്ടറായി അഭിനയിക്കാൻ കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ സന്തോഷമുണ്ട്. രസ്‌നയുടെ മുഖത്തെ ചിരിയിൽ പവിത്രതയുണ്ട്.
വിദേശത്തുള്ള മാൾട്ട എന്ന സ്ഥലത്ത് നിരവധി ഹോളിവുഡ് സിനിമകൾ ഷൂട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഒരു മലയാളം സിനിമ ഇതാദ്യമാണ്. 'മിൽട്ടൻ ഇൻ മാൾട്ട' എന്ന സിനിമയിൽ(ഈ പേര് ചിലപ്പോൾ മാറിയേക്കും) ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയും രസ്‌ന അവതരിപ്പിച്ചുകഴിഞ്ഞു. മാൾട്ട എന്ന സ്ഥലത്തെ കാഴ്ചകൾ പുതിയതായിരുന്നുവെന്നും അതെല്ലാം കാണാൻ കഴിഞ്ഞു എന്നതാണ് മറ്റൊരു ഹൈലൈറ്റെന്നും രസ്‌ന പറയുന്നു.
ലുക്കിൽ വൈവിദ്ധ്യവും എക്‌സ്‌പെരിമെന്റലായിട്ടുള്ള കഥാപാത്രങ്ങളാണ് എനിക്ക് കിട്ടിയിട്ടുള്ളത്. അതിൽ സന്തോഷമുണ്ട്. ഇനിയും മുന്നോട്ടുപോകുമ്പോഴും ഇതുപോലെ വ്യത്യസ്തമായ വേഷങ്ങൾ കിട്ടണമെന്ന് ആഗ്രഹിക്കുന്നു.
ഒരു തമിഴ് സിനിമയുടെ ഓഫർ വന്നിട്ടുണ്ടെന്നും രസ്‌ന പറയുകയുണ്ടായി.
'ഊഴം' സിനിമയിൽ പൃഥ്വിരാജിന്റെ അനുജത്തിയായി അഭിനയിച്ചിട്ടുണ്ട്.'ജോമോന്റെ സുവിശേഷങ്ങൾ' എന്ന ചിത്രത്തിൽ ദുൽഖറിന്റെ സഹോദരിയായി അഭിനയിച്ചു. കമലിന്റെ 'ആമി'യിൽ ബാലാമണിയമ്മയുടെ ചെറുപ്പകാലം അഭിനയിച്ചത് നല്ലൊരു വഴിത്തിരിവായി. ബാലാമണിയമ്മ ഭംഗിയായി വരുമോയെന്ന കാര്യത്തിൽ എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു. മേക്കപ്പ് കഴിഞ്ഞുവന്നപ്പോൾ എല്ലാവരും നന്നായി എന്നുപറഞ്ഞപ്പോഴാണ് സമാധാനമായത്. ആ ഗെറ്റപ്പിൽ എന്നെ കണ്ടപ്പോഴാണ് കമൽസാറിനും ടെൻഷനുണ്ടായിരുന്നുവെന്നും ഇപ്പോൾ ഓ.കെയായെന്നും പറഞ്ഞത്. എന്തായാലും ആ വേഷം ഭംഗിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മാത്രമല്ല, ഇവിടെ ജീവിച്ചിരുന്നതും അറിയപ്പെടുന്നതുമായ ഒരു വ്യക്തിയെ അതേ രീതിയിൽ സിനിമയിൽ അവതരിപ്പിക്കാൻ എനിക്ക് കഴിഞ്ഞല്ലോ. ആ അവസരത്തിനും ഭാഗ്യത്തിനും മനസ്സ് ഏറെ നിർവൃതി കൊണ്ടിരുന്നു.
രസ്‌ന പവിത്രൻ ചിരിയോടെ പറഞ്ഞ വാക്കുകൾ.
ജി. കൃഷ്ണൻ