NEWS

ഒരു ആള്‍ട്ടര്‍നെറ്റ് 'രേഖാചിത്രം'

News


രേഖാചിത്രത്തെക്കുറിച്ച് സംവിധായകന്‍  ജോഫിന്‍ ടി. ചാക്കോ നല്‍കുന്ന ആദ്യഅഭിമുഖം

തുടക്കം പ്രീസ്റ്റിലൂടെ

ആദ്യസിനിമ പ്രീസ്റ്റ് ആയിരുന്നു. ഒട്ടും ഉചിതമല്ലാത്ത സമയത്ത് ആണ് പ്രീസ്റ്റ് ഇറങ്ങുന്നത്. എന്നിട്ടും പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. അതിന്‍റെ സന്തോഷം ഇന്നും ഉള്ളിലുണ്ട്. മമ്മൂട്ടിയും, മഞ്ജുവാര്യരും പോലെ വലിയ അഭിനേതാക്കളെ വെച്ചുതന്നെ ആദ്യ സിനിമ ചെയ്യാനായി എന്നോര്‍ക്കുമ്പോള്‍ അഭിമാനമാണ്. യഥാര്‍ത്ഥത്തില്‍, ഞാന്‍ സിനിമ ആക്കണം എന്ന് ഉള്ളുകൊണ്ട് ആഗ്രഹിച്ച ആദ്യസ്ക്രിപ്റ്റ് രേഖാചിത്രത്തിന്‍റേത് ആയിരുന്നു. എന്നാല്‍, പല പരിമിതികള്‍കൊണ്ടും, തയ്യാറെടുപ്പുകള്‍ക്കും വേണ്ടി ആണ് രേഖാചിത്രത്തിന്‍റെ കഥ രണ്ടാമത്തേത് എന്ന മട്ടില്‍ മാറ്റിവയ്ക്കേണ്ടി വന്നത്.

രേഖാചിത്രം എന്ന കഥയിലേക്ക്

ഒരു സിനിമ കാണാന്‍ തീയേറ്ററില്‍ പോയ അന്ന്, ഇടവേളയുടെ തീരെ ചുരുങ്ങിയ സമയത്തിലാണ് രാമുസുനില്‍ രേഖാചിത്രത്തിന്‍റെ കഥ പറയുന്നത്. കേട്ടപാടെ എനിക്ക് ഇത് ചെയ്യണം എന്ന് മനസ്സില്‍ ഉറപ്പിച്ചു. പ്രീസ്റ്റിനുശേഷം എന്തെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ്, അന്ന് പറഞ്ഞ ആ കഥ എഴുതണം എന്ന് മനസ്സില്‍ ഉറപ്പിക്കുന്നത്. കഥ അനശ്വരയോടും ആസിഫിനോടും പറഞ്ഞപ്പോള്‍ അവരും അതേ ആവേശത്തില്‍ സ്വീകരിക്കുകയായിരുന്നു.

രേഖാചിത്രം ഒരു സസ്പെന്‍സ് ത്രില്ലര്‍ അല്ല

സത്യത്തില്‍ ഒരു ത്രില്ലര്‍ സിനിമ അല്ല. സസ്പെന്‍സ് എന്നത് ഇതില്‍ ഇല്ല. കഥയുടെ ആദ്യം തന്നെ ഇതിലെ എല്ലാ മിസ്റ്ററികളും പ്രേക്ഷകര്‍ക്ക് അറിയാന്‍ കഴിയും. പിന്നീട്, എങ്ങനെയാണ് സംഭവിച്ചത് എന്ന് മാത്രമാണ് സിനിമ പറയുന്നത്.

പുതുമയുള്ള പ്രമേയം

മലയാളത്തില്‍ ഇന്നോളം സംഭവിച്ചിട്ടില്ലാത്ത ഒരു രീതി ആണ് ആള്‍ട്ടര്‍നെറ്റ് ഹിസ്റ്ററി എന്നത്. പുറം ഭാഷകളില്‍ ഈ ജോണറില്‍ ഒരുപാട് സിനിമകള്‍ ഉണ്ട്. ഒരു സംഭവമോ കഥാപാത്രത്തെയോ മറ്റൊരു ഉപരിതലത്തില്‍ സൃഷ്ടിക്കുക, അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കുക എന്നതാണ് ആള്‍ട്ടര്‍നെറ്റ് ഹിസ്റ്ററി. അത്തരത്തില്‍ ഉള്ള ഒരു പ്രമേയം ആണ് എന്‍റെ സിനിമയുടേത്. മലയാളി പ്രേക്ഷകര്‍ക്ക് തീരെ പരിചിതമല്ലാത്ത ഒരു കഥ പറച്ചില്‍ രീതി ആയതുകൊണ്ടുള്ള പേടി ഉണ്ടെങ്കിലും, കഥയില്‍ എനിക്ക് ഉള്ള ആത്മവിശ്വാസം വലുതാണ്.

ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി ബന്ധം

115 ആര്‍ട്ടിസ്റ്റുകളും, 90 ലൊക്കേഷനുകളിലും ആയി ഷൂട്ട് ചെയ്ത സിനിമ ആണ് ഇത്. എന്‍റെ അറിവില്‍ ഇങ്ങനെ ഒരു പ്രൊഫൈല്‍ ഉള്ള സിനിമ മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. എല്ലാത്തിലും ഉപരി ഒരുപാട് നോണ്‍ ഒബ്ജെക്ഷന്‍ വേണ്ടി വന്ന സിനിമ ആണിത്. ഇത് കാരണം സിനിമയില്‍ ജീവിച്ചിരിക്കുന്നവരും മരിച്ച പലരുമായും സാമ്യം ഉണ്ട് കഥാപാത്രങ്ങള്‍ക്ക്. സാമ്യം എന്നതില്‍ ഉപരി, അവര്‍ തന്നെ എന്ന് പറയുന്നതാവും ശരി. കേരളത്തില്‍ നടന്ന ഒരു സംഭവം, അതില്‍ ഉള്‍പ്പെട്ട എല്ലാവരും സ്ക്രീനില്‍ ഉണ്ട്. അത് വലിയ വെല്ലുവിളി ആയിരുന്നു. ഇത്രപേരുടെ എന്‍.ഒ.സി കിട്ടാന്‍ ആണ് ഏറ്റവും കൂടുതല്‍ കാത്തിരിക്കേണ്ടി വന്നത്. ഇത്ര അധികം ആളുകള്‍ ഉള്‍പ്പെട്ടപ്പോള്‍, ആ കഥാപാത്രങ്ങളോട്, അവരുടെ കുടുംബങ്ങളോട് എല്ലാം കഥ പറഞ്ഞ് അവരെ കണ്‍വിന്‍സ് ചെയ്യേണ്ടി വന്നു. പക്ഷേ, എല്ലാത്തിനും ഒടുവില്‍, സിനിമ തിയേറ്ററില്‍ ഇറങ്ങാന്‍ പോകുന്നു എന്നോര്‍ക്കുമ്പോള്‍ സന്തോഷം ആണ്.

എല്ലാം പ്രേക്ഷകരുടെ കയ്യില്‍

ഒരുപാട് ആഗ്രഹിച്ചും, ആസ്വദിച്ചും ആണ് ഞാന്‍ രേഖാചിത്രം സംവിധാനം ചെയ്തത്. പല വെല്ലുവിളികളും തരണം ചെയ്തു. ഇനി പ്രേക്ഷകരുടെ കയ്യില്‍ ആണ് എല്ലാം.

 


LATEST VIDEOS

Interviews