NEWS

ഓണം ഓര്‍മ്മയില്‍ ധനേഷ് ആനന്ദ്

News

സ്ക്കൂള്‍ കാലഘട്ടത്തിലെ ഓണാഘോഷവും പൂക്കളമത്സരത്തിന്‍റെ സ്പിരിറ്റും എല്ലാ മലയാളികളും അനുഭവിച്ച ഒരു കാര്യമായിരിക്കും. അങ്ങനെ സ്ക്കൂള്‍ ഓണാഘോഷത്തില്‍ ഉണ്ടായ ഒരു രസകരമായ കഥയുണ്ട്. ചെറുതായി വരയ്ക്കും എന്നുള്ളതുകൊണ്ട് എന്ത് പൂക്കളത്തിന്‍റെ മുഴുവന്‍ ചുമതലയും ടീച്ചര്‍ എന്നെ ഏല്‍പ്പിച്ചു. സംഭവം വെറൈറ്റി ആയി വേണമെന്നതും മറ്റ് ക്ലാസുകാര്‍ ഇടുന്നതിനേക്കാള്‍ മികച്ചതാവണമെന്നാണ് ആ സമയങ്ങളിലെല്ലാം ഞങ്ങളുടെ പ്രധാന ചര്‍ച്ചാവിഷയം. എല്ലാ കുട്ടികളില്‍ നിന്ന് കാശ് കളക്ട് ചെയ്തശേഷം പുറത്തുനിന്നും പൂക്കള്‍ വാങ്ങാനുമുള്ള ചുമതല ഞാന്‍ നല്‍കിയത് എന്‍റെ കൂട്ടുകാരന്  ആയിരുന്നു. ഓണാഘോഷം നടക്കുന്ന അന്ന് നേരത്തെ പൂക്കള്‍ വാങ്ങി വരാന്‍ അവനെ പൈസയും ഏല്‍പ്പിച്ചു.

അങ്ങനെ ഓണാഘോഷദിവസം ഞങ്ങള്‍ ഡിസൈന്‍ വരയ്ക്കാനുള്ളവര്‍ നേരത്തെ ക്ലാസ് മുറിയിലെത്തി. തുമ്പയും മുക്കുറ്റിയും അടങ്ങുന്ന നാടന്‍പൂക്കളുമായി ബാക്കി കുട്ടികളും എത്തിത്തുടങ്ങി. ടൗണില്‍ നിന്ന് പൂക്കളുമായി വരേണ്ട കൂട്ടുകാരന്‍ മാത്രം എത്തിയില്ല. ഇന്നത്തെപോലെ മൊബൈല്‍ സൗകര്യങ്ങള്‍ ഒന്നുമില്ലല്ലോ... എന്ത് ചെയ്യാം എന്നാ അവസ്ഥ. മറ്റുള്ള ക്ലാസുകളില്‍ പൂക്കള്‍ വന്നുനിറഞ്ഞിരിക്കുന്നു. ഞങ്ങള്‍ ആണെങ്കില്‍ ഡിസൈന്‍ വരച്ച് കുറച്ച് നാടന്‍പൂക്കളുമാത്രമായി നില്‍ക്കുകയാണ്.

അളിയനെ കാണാനില്ല. ക്ലാസില്‍ എല്ലാം ടെന്‍ഷന്‍. ബഹളം എല്ലാം തുടങ്ങി. അങ്ങനെ ലാസ്റ്റ് മിനിട്ടില്‍ അവന്‍ കുറച്ചു പൂക്കളുമായി ഓടി കിതച്ചുവരുന്നു. അവന്‍റെ മുഖം കണ്ടപ്പോള്‍ എല്ലാവര്‍ക്കും ശ്വാസം വീണെങ്കിലും അവന്‍റെ കയ്യിലെ പൂക്കള്‍ ഉള്ള കവര്‍ കണ്ടപ്പോള്‍ എല്ലാവരുടെയും മുഖം വാടി. കൊടുത്ത കാശിനുള്ള പൂക്കള്‍ ഇല്ലെന്ന് ഉറപ്പായി. വീടുകളിലെ പൂക്കളം പോലും നിറയ്ക്കാന്‍ അവന്‍റെ കയ്യില്‍ ഇരിക്കുന്ന പൂക്കളെക്കൊണ്ട് സാധിക്കില്ല. പിന്നെ എങ്ങനെയാണ് ഞങ്ങളുടെ ഈ വല്യേ ഡിസൈന്‍ പൂക്കളം നിറയ്ക്കുമെന്നായി ചിന്ത.

പിന്നീട് അവനെ തിരിച്ചും മറിച്ചും ചോദ്യം ചെയ്തു. അപ്പോഴാണ് അവന്‍ പറയുന്നത് ഞാന്‍ ഏല്‍പ്പിച്ച കാശില്‍ നിന്ന് അവന്‍ തലേന്ന് സിനിമയ്ക്ക് പോയി, അത് അച്ഛന്‍റന്ന് വാങ്ങി നികത്താം എന്നാണ് കരുതിയെങ്കിലും അവന്‍ എഴുന്നേല്‍ക്കും മുന്നേ അച്ഛന്‍ ജോലിക്ക് പോയി. പിന്നെ അന്നൊന്നും പൈസ എവിടുന്നും കിട്ടില്ലല്ലോ. അവന്‍ കുറേനേരം കാശിനുവേണ്ടി നിന്നെങ്കിലും ഒന്നും കിട്ടാതായപ്പോള്‍ ഉള്ള കാശിന് പൂക്കള്‍ വാങ്ങി ഓടിവന്നതാ. ഇത് കേട്ടതും ദേഷ്യവും സങ്കടവും എല്ലാം കൂടെയുള്ള ഒരു ഇമോഷന്‍ ആയിരുന്നു ഞങ്ങള്‍ക്ക്. പെണ്‍കുട്ടികള്‍ ഒരു ഭാഗത്തു നിങ്ങളെയൊക്കെ ഏല്‍പ്പിച്ചത് കൊണ്ടാണ് നമ്മള്‍ തോല്‍ക്കാന്‍ പോകുന്നതെന്ന് പറഞ്ഞു കരച്ചില്‍ തുടങ്ങി. 

പിന്നെ ഒന്നും നോക്കിയില്ല. ഞങ്ങള്‍ക്ക് മത്സരിച്ചേ പറ്റൂ. സ്ക്കൂളിന് അപ്പുറവും ഇപ്പുറവുമുള്ള വീടുകളിലേക്ക് ഓടി. ഓണം അടുത്തുവരുന്നതുകൊണ്ട് പൂക്കളൊന്നും ആരും തരില്ല. എന്നിട്ടും പല വീടുകളില്‍ നിന്ന് അവരെ പറഞ്ഞു കന്‍വിന്‍സാക്കി പൂക്കള്‍ കളക്ട് ചെയ്തു. നിമിഷനേരം കൊണ്ട് ഓടിനടന്നു പൂക്കള്‍ പറിച്ചു. പൂക്കളം ഇട്ടു. അന്ന് ഞങ്ങളുടെ എഫോര്‍ട്ട് കണ്ട് ജഡ്ജസ് ഞങ്ങള്‍ രണ്ടാം സ്ഥാനം തന്നു. അത് ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു. അവസാനനിമിഷം ഞങ്ങള്‍ എടുത്ത റിസ്ക്ക് രണ്ടാം സ്ഥാനത്തിന്‍റെ മാധുര്യത്തില്‍ ഞങ്ങളും ഹാപ്പിയായി. ഇപ്പോള്‍ അന്നടിച്ച ടെന്‍ഷന്‍ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.

പണിപാളിയ സെറ്റോണം

സിനിമയില്‍ വന്നതിനുശേഷം സെറ്റില്‍ ഓണം ആഘോഷിക്കണം എന്നത് ഏതൊരു ആര്‍ട്ടിസ്റ്റും ആഗ്രഹിക്കുന്ന കാര്യമാണ്. അതുപോലെ ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു. സെറ്റില്‍ ഓണം ആഘോഷിക്കണമെന്ന്. വര്‍ഷങ്ങള്‍ കുറച്ചായി ഇന്‍ഡസ്ട്രിയില്‍ ഉണ്ടെങ്കിലും കഴിഞ്ഞ വര്‍ഷമാണ് ഓണം സെറ്റില്‍ ആഘോഷിക്കാനുള്ള അവസരം വരുന്നത്. സാധാരണ കോഴിക്കോട് ബാലുശ്ശേരി വീട്ടിലെ ഓണം മിസ്സ് ചെയ്യുമെങ്കിലും ഞാന്‍ കാലങ്ങളായി ആഗ്രഹിച്ച സെറ്റിലെ ഓണം നടക്കുകയാണല്ലോ. ആ സാക്ഷാത്ക്കാരത്തിന്‍റെ സന്തോഷത്തില്‍ ഞാനെല്ലാം മറന്നു.

വീട്ടില്‍ വിളിച്ചു പറഞ്ഞു ഈ വര്‍ഷം ഞാന്‍ കാണില്ല. എന്‍റെ ഓണം സെറ്റിലായിരിക്കുമെന്നൊക്കെ. അങ്ങനെ ഗമയില്‍ അടിച്ചു വിടുമ്പോള്‍ ഒരിക്കലും അതിന്‍റെ പുറകില്‍ വലിയൊരു ചതി ഉണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല(ചിരിക്കുന്നു). ഒന്നാം ഓണത്തിന്‍റെ ഷൂട്ട് കഴിഞ്ഞു പ്രൊഡക്ഷനില്‍ നിന്ന് വിളി വരുന്നു. 'ധനേഷ് നാളെ ഇയാള്‍ക്ക് ഷൂട്ടില്ല' എന്ന്. ഇതുകേട്ടതും കിളിപോയി. വീട്ടിലേക്ക് പോവാന്‍ സാധിക്കോ? ഫ്ളാറ്റിലെ സുഹൃത്തുക്കള്‍ എല്ലാം ഓണം ആഘോഷിക്കാന്‍ നാട്ടിലും പോയി. അങ്ങനെ സെറ്റില്‍ തിരുവോണം ആഘോഷിക്കാന്‍ ഇരുന്ന ഞാന്‍ ആ ഫ്ളാറ്റില്‍ ഒറ്റയ്ക്ക്. ഓണം എന്നാല്‍ എനിക്ക്  സദ്യയാണ്. 

അത് കോംപ്രമൈസ് ചെയ്യുക എന്നെ സംബന്ധിച്ച് വിഷമമുള്ള കാര്യമാണ്. നെക്സ്റ്റ് പ്ലാന്‍ അടുത്ത ഹോട്ടലുകളിലെല്ലാം സദ്യയ്ക്ക് വേണ്ടി വിളിച്ചുനോക്കി. പക്ഷേ കൊച്ചി പോലെയൊരു സ്ഥലത്ത് തലേന്ന് ഓണസദ്യയ്ക്ക് വേണ്ടി വിളിച്ചാല്‍ എങ്ങനെ കിട്ടാനാ.. ആഴ്ചകള്‍ക്ക് മുന്‍പേ ബുക്ക് ചെയ്യണം. എന്ത് വന്നാലും സദ്യ കഴിച്ചിട്ടേ അടങ്ങൂ എന്ന ഭാവത്തില്‍ ഞാന്‍. അവസാനം വൈക്കത്തപ്പന്‍ ക്ഷേത്രത്തിലെ ഓണസദ്യ കഴിക്കാം എന്ന പ്ലാനില്‍ അങ്ങോട്ട് തിരിച്ചു. പക്ഷേ അവിടെ കണ്ട ജനത്തിരക്ക്, പൊടി, ബഹളം, ചൂട്... എല്ലാം കണ്ട് ആദ്യം ഒന്ന് ആശങ്കയില്‍ ആയെങ്കിലും ഓണസദ്യ ഓര്‍ത്തപ്പോള്‍ ആ വലിയ ക്യൂവിന് പിന്നിലായി ഞാന്‍ നിന്നു. അങ്ങനെ നീണ്ട ഒരു മണിക്കൂര്‍ കാത്തിരിപ്പിനുശേഷം എനിക്ക് മുന്നില്‍ സദ്യയെത്തി. സദ്യ കഴിച്ചുമടങ്ങുമ്പോള്‍ എന്നാലും സെറ്റില്‍ ഓണം ആഘോഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നൊരു കുഞ്ഞു സങ്കടം ഉണ്ടായി. ഈ വര്‍ഷം എങ്കിലും സെറ്റില്‍ ഓണം ആഘോഷിക്കാന്‍ കഴിയണമെന്നാണ് ഇപ്പോഴത്തെ പ്രാര്‍ത്ഥന.
 


LATEST VIDEOS

Interviews