കണ്ണൂർ സ്വദേശിയായ റിയ മാട്ടൂസ് കുടുബസമേതം ദുബായിലാണ് താമസിക്കുന്നതും പഠിക്കുന്നതും. സിനിമ ഒരു മോഹമായി മനസ്സിൽ കൊണ്ടുനടക്കുന്ന റിയയ്ക്ക് മലയാളസിനിമയിൽ അഭിനയിക്കണമെന്നത് ഒരു വലിയ ആഗ്രഹം തന്നെയായിരുന്നു.
അവിടുത്തെ കോളേജ് പഠനത്തിനിടയിൽ റിയ ആ ആഗ്രഹം സാധിച്ചെടുത്തു. കേരളത്തിൽ വന്ന് സിനിമയിലഭിനയിച്ചിട്ട് റിയ ദുബായിലേക്ക് തിരിച്ചുപോയി. ഇനി ആ സിനിമയുടെ ഒരു ഷെഡ്യൂൾ ചിത്രീകരണം കൂടി ബാക്കിയുണ്ടെന്ന് റിയ പറഞ്ഞു.
ആദ്യസിനിമയെക്കുറിച്ച് റിയ ഇങ്ങനെ സൂചിപ്പിച്ചു.
'ഡയറക്ടർ മലയാളത്തിലെ ഒരു പ്രശസ്തനായ നടൻ കൂടിയാണ്. ഇതിനുമുമ്പും അദ്ദേഹം മലയാള സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ മലയാള സിനിമയിലെ പ്രശസ്തയായ ഒരു നായിക നടിയും ആയിരുന്നു.'
അഭിനയം എന്റെ ജീവിതത്തിലെ വലിയ ഒരു സ്വപ്നമാണെന്നും മോഹമാണെന്നും പറയുന്ന റിയ ദുബായിൽ മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ പരസ്യചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ല.
റിയ മാട്ടൂസ് ദുബായിൽ സെറ്റിലായിരിക്കുന്ന മലയാളി പെൺകുട്ടിയാണെങ്കിലും മലയാളം നന്നായി വായിക്കാനും സംസാരിക്കാനും അറിയാം. എഴുതാൻ അറിയില്ലെന്നുമാത്രം.
ചെറുപ്പം മുതൽ സ്‌ക്കൂൾ പഠനകാലത്തെല്ലാം ഡ്രാമ ചെയ്യുമായിരുന്നു. ചിത്രകലയിലും പ്രാവീണ്യമുണ്ട്.
റിയ ബി.എസ്.സി ഫോറൻസിക് സയൻസ് ചെയ്തു. ഇപ്പോൾ എം.എസ്.സി സൈക്കോളജി ചെയ്യുന്നു. പഠിത്തത്തിലും മിടുക്കിയായ റിയയ്ക്ക് ബാച്ചിലേഴ്‌സ് അക്കാഡമിക് എക്‌സലന്റ് അവാർഡ് ലഭിച്ചിട്ടുണ്ട്.
പഠിത്തകാര്യത്തിലും സിനിമാ അഭിനയത്തിലും പേരന്റ്‌സിന്റെ ഫുൾ സപ്പോർട്ടുണ്ടെന്നും ആയതിനാൽ ഭാവിയിൽ മലയാളത്തിൽ നല്ലൊരു നടിയായി മാറണമെന്നതാണ് ആഗ്രഹമെന്നും റിയ പറയുകയുണ്ടായി.