ആഗസ്റ്റ് 6-ാം തീയതി എഴുപത് വയസ്സ് പൂർത്തിയായി സപ്തതി ആഘോഷിക്കുകയാണ് ആർ.കെ. ദാമോദരൻ. സപ്തതി ആഘോഷവുമായി ബന്ധപ്പെട്ടും പാട്ടുകളുമായി ബന്ധപ്പെട്ടും സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മമ്മൂട്ടിയെയും മോഹൻലാലിനെയും പരാമർശിച്ചുകൊണ്ട് ഒന്നുരണ്ടുകാര്യങ്ങൾ ആർ.കെ. പറഞ്ഞത്.
സംവിധായകൻ കമലിന്റെ ആദ്യസിനിമ 'മിഴിനീർ പൂവുകൾ.' ഈ സിനിമയ്ക്കുവേണ്ടി ആർ.കെ ദാമോദരൻ എഴുതിയ ഒരു ഗാനമുണ്ട്. ആ ഗാനം തുടങ്ങുന്നത് ചന്ദ്രകിരണത്തിൽ... എന്നാണ്. അർജ്ജുനൻ മാഷ് സംഗീതം നൽകി യേശുദാസ് പാടിയ ഈ ഗാനം രേവതി രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പാട്ടുവരുന്ന സന്ദർഭം കേട്ടുകഴിഞ്ഞാൽ അത് ഏത് രാഗത്തിൽ വേണമെന്ന് തീരുമാനിക്കുന്നത് സംഗീതസംവിധായകനാണ്. അങ്ങനെ അർജ്ജുനൻ മാഷ് രേവതി രാഗത്തിൽ ഒരു പാട്ട് ഒരുക്കിയെടുത്തു. സിനിമയിൽ ആ ഗാനം പാടി അഭിനയിക്കുന്നത് മോഹൻലാലാലാണ്. മോഹൻലാലിന്റെ നക്ഷത്രം രേവതിയാണെന്ന കാര്യം ഓർമ്മിക്കുക. ആ പാട്ടെഴുതിയ ആർ.കെ. ദാമോദരൻ രേവതി നക്ഷത്രക്കാരനാണ്. ഇങ്ങനെ രേവതി നക്ഷത്രക്കാരായ മൂന്നുപേരുടെ ഒത്തുചേരൽ ആ പാട്ടിന്റെ പിന്നിലുണ്ടെന്ന കാര്യം അധികമാർക്കും അറിയില്ല.
മോഹനം എന്ന വാക്കുതന്നെ സുന്ദരം എന്നും മോഹിപ്പിക്കുന്നതെന്നും അർത്ഥമുണ്ട്. എപ്പോഴും പ്ലസന്റായിരിക്കുമെന്നാണ് പറയപ്പെടുന്നത്. സംഗീത വിദ്വാന്മാർ എപ്പോഴും പ്രണയഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത് മോഹനരാഗത്തിലായിരിക്കും. മോഹനരാഗത്തിലുള്ള പ്രണയഗാനങ്ങൾ എത്രയോ മോഹൻലാൽ സിനിമയിൽ പാടിയിരിക്കുന്നു. മോഹനരാഗത്തിലെ ഏത് പാട്ടും എടുത്തുനോക്കൂ. ആർക്കും അത് ഇഷ്ടപ്പെടാതിരിക്കില്ല. നന്നായി ആസ്വദിക്കാൻ കഴിയുന്നതുമായിരിക്കും. രേവതി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങളുടെ അവസ്ഥയും മറിച്ചല്ല.
ഒരു ഗാനം തന്നെ വിവിധ രാഗങ്ങളിൽ ചിട്ടപ്പെടുത്തിയതിനെക്കുറിച്ച്?
സംഗീതത്തിൽ അതിനൊരു സമ്പ്രദായം തന്നെയുണ്ട്. ഞാൻ പാട്ടെഴുതുന്നത് താളത്തിലാണ്. എന്റെ പാട്ടിന് സംഗീതം നൽകുന്നവരാണ് ഏത് രാഗം വേണമെന്ന് തീരുമാനിക്കുന്നത്. സിനിമയിലെ ആളുകൾ അതിന് പറയുന്ന വാക്ക് മീറ്റർ എന്നാണ്. മലയാളത്തിൽ അത് വിശദീകരിച്ചുപറഞ്ഞാൽ വൃത്തം എന്നുപറയും.
രാഗമാലിക എന്നുപറയുന്ന ഒരു സമ്പ്രദായം തന്നെ സംഗീതത്തിലുണ്ട്. മാലിക എന്നുപറഞ്ഞാൽ മാലയാണ്. അമ്പലത്തിൽ ഭഗവാനുവേണ്ടി കെട്ടുന്ന മാലയിൽ ചെത്തിപ്പൂവുണ്ടാകും. തുളസിയുണ്ടാകും. മന്ദാരമുണ്ടാകും.. എന്ന പോലെയാണ് ചില പാട്ടുകളിൽ രാഗങ്ങൾ വരുന്നത്. പല്ലവിയിലും അനുപല്ലവിയിലും ചരണത്തിലുമൊക്കെ ഓരോ രാഗങ്ങൾ വരാം. പാട്ടിന്റെ സന്ദർഭം അനുസരിച്ച് വിവിധ രാഗങ്ങൾ ചേർന്ന് രാഗമാലികയിൽ വരാറുണ്ട്.
അവാർഡുകളെക്കുറിച്ച്? അംഗീകാരങ്ങളെക്കുറിച്ച്?
എനിക്ക് അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. പല അവാർഡുകളും കിട്ടിയിട്ടുണ്ട്. പക്ഷേ...? ഞാൻ ഇന്നും ഒരു കവിയായി തീർന്നിട്ടില്ല എന്നതിൽ എനിക്ക് ദുഃഖമുണ്ട്. 70 വയസ്സ് പൂർത്തിയാക്കുന്ന ഈ അവസരത്തിൽ ഞാൻ തിരിഞ്ഞുനോക്കുമ്പോൾ അക്കാര്യം എന്നെ വേദനിപ്പിക്കുന്നു. എന്നാൽ, മറ്റുചിലർ എന്റെ പാട്ടുകളെക്കുറിച്ച് അനുമോദിച്ചുകൊണ്ട് പറയുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുകയും ചെയ്യും.
ഈയടുത്ത് ഒരു സംഭവമുണ്ടായി തിരുവനന്തപുരത്ത് ഒരു പ്രോഗ്രാം നടക്കുന്നു. നടൻ മമ്മൂട്ടി മുഖ്യാതിഥിയാണ്. സിനിമയെക്കുറിച്ചും സംഗീതത്തെക്കുറിച്ചും പാട്ടുകളെക്കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചു. അദ്ദേഹത്തിനിഷ്ടപ്പെട്ട പാട്ടിനെക്കുറിച്ചും പറഞ്ഞു.
'കലഹങ്ങൾ മായ്ക്കും
കലയാകും സ്‌നേഹം
സ്‌നേഹഗീതാഞ്ജലി
ഗീതം ജീവിതം...'
മമ്മൂട്ടി അഭിനയിച്ച സിനിമയിലെ ഗാനം തന്നെയായിരുന്നു അത്. ഞാൻ മുൻപെഴുതിയ ഒരു കവിതയിലെ വരികളാണത്. 'ക്രോണിക് ബാച്ചിലർ' എന്ന സിനിമയിലെ ഒരു സന്ദർഭവുമായി ഈ പാട്ട് ഇണങ്ങുമെന്ന് തോന്നിയപ്പോൾ ഞാനത് സിനിമയിലെ പാട്ടായി ഉൾപ്പെടുത്തി. അങ്ങനെയാണ് മമ്മൂട്ടിക്ക് ആ പാട്ടുമായുള്ള പരിചയവും അടുപ്പവും. അദ്ദേഹത്തിന് ആ പാട്ട് വളരെ ഇഷ്ടമാണെന്നറിഞ്ഞതിൽ ആ പാട്ടെഴുതിയ ആളെന്ന നിലയിൽ എനിക്ക് വളരെ സന്തോഷം. വലിയ അവാർഡുകളൊന്നും എനിക്ക് കിട്ടിയില്ലെങ്കിലെന്ത്... മമ്മൂട്ടിയുടെ ഈ അഭിപ്രായം ഒരു ഓസ്‌ക്കാർ അവാർഡ് കിട്ടിയതിന് തുല്യമായി ഞാൻ കണക്കാക്കുന്നു.
ജി. കൃഷ്ണൻ