ഒരു സിനിമയിലെ ഒട്ടുമിക്ക സീനുകളിലും മൃതദേഹമായി അഭിനയ്ക്കുക എന്നുള്ളത് വളരെ കഷ്ടമായ കാര്യമാണ്. എന്നാൽ മലയാള സിനിമയിലേയും, തമിഴ് സിനിമയിലേയും പ്രശസ്ത നടിയായ രോഹിണി 30 ദിവസം പഴക്കമുള്ള ശവമായിട്ട് 30 ദിവസത്തോളം ഒരു ചിത്രത്തിന് വേണ്ടി അഭിനയിച്ചിട്ടുണ്ട്. അത് ഈയാഴ്ച്ച റിലീസാകാനിരിക്കുന്ന 'തണ്ടട്ടി' എന്ന ചിത്രമാണ്. ഇതിന് മുമ്പ് 'നമ്മവർ' എന്ന ചിത്രത്തിൽ നാഗേഷ് മൃതദേഹമായി അഭിനയിച്ചിരുന്നു. അതുപോലെ 'എലെ' എന്ന ചിത്രത്തിൽ സമുദ്രക്കനി ഒരു മൃതദേഹമായി അഭിനയിച്ചിരുന്നു. അടുത്തിടെ തമിഴിൽ പുറത്തിറങ്ങിയ 'തലൈക്കൂത്തൽ' എന്ന ചിത്രത്തിലും ഒരു അസിസ്റ്റന്റ് ഡയറക്ടർ ശവമായി അഭിനയിച്ചിരുന്നു. അതിനെ തുടർന്നാണ് ഇപ്പോൾ രോഹിണിയുടെ മൃതദേഹമായുള്ള അഭിനയം.
ഈ ചിത്രത്തിന്റെ കഥയനുസരിച്ച് രോഹിണി ഒരു നാട്ടിൻ പുറത്തിലുള്ള കുടുംബത്തിലെ മൂത്ത സ്ത്രീയാണ്. ആ കുടുംബത്തിലെ തലൈവിയായ രോഹിണി ധരിച്ചിരുന്ന കമ്മൽ ആരോ മോഷ്ടിക്കുന്നു. അതോടെ രോഹിണി മരണപ്പെടുകയും ചെയ്യുന്നു. മോഷ്ടിക്കപ്പെട്ട കമ്മൽ കണ്ടെത്താൻ ഒരു പോലീസ് ഓഫീസർ വരുന്നു. ആ കമ്മൽ കണ്ടെത്താനുള്ള അന്വേഷണത്തിനു വേണ്ടി രോഹിണിയുടെ മൃതദേഹം സംരക്ഷിക്കേണ്ടതായും വരുന്നു. ഇങ്ങിനെ പോകുന്നതാണ് സിനിമയുടെ കഥ. നവാഗതനായ രാം സങ്കയ്യ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രിവ്യു ഷോ ഇന്നലെ ചെന്നൈയിൽ നടക്കുകയുണ്ടായി. അതിനെ തുടർന്ന് ഈ ചിത്രത്തിൽ മൃതദേഹമായി അഭിനയിച്ച രോഹിണിക്കും, സംവിധായകനും നിരൂപകരുടെയും,പ്രേക്ഷകരുടെയും പ്രശംസകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്.