അച്ഛന്‍ മരിച്ചിട്ട് ഇന്ന് 29 വര്‍ഷമായല്ലോ. അച്ഛന്‍റെ പേരില്‍ നാടകോ ത്സവം നടക്കുന്നതായി അറിഞ്ഞു. അതെക്കുറിച്ച്?
പയ്യന്നൂരിനടുത്ത് മാണിയാട്ട് എന്ന ഗ്രാമമുണ്ട്. അവിടെയാണ് നാടകോത്സവം നടക്കുന്നത്. നീലേശ്വരത്തിനും തൃക്കരിപ്പൂരിനും ഒക്കെ അടുത്തുള്ള ഒരു ഗ്രാമമാണ് മാണിയാട്ട്. ഇതൊരു നാടകഗ്രാമാണെന്ന് പറയാം. നാടകത്തെ സ്നേഹിക്കുന്ന കുറെയാളുകള്‍ ഇവിടെയുണ്ട്. അവരുടെ കൂട്ടായ്മയിലൂടെയുള്ള നാടകപ്രവര്‍ത്തനങ്ങള്‍ വളരെ നന്നായി നടക്കുന്നുണ്ട്. ഏറ്റവും നല്ല നാടകം, ഏറ്റവും നല്ല നടന്‍, നടി... തുടങ്ങി അവാര്‍ഡുകള്‍ നല്‍കുന്നു.
ഇതിന്‍റെ സംഘാടകര്‍ ഒത്തുചേര്‍ന്ന് അവിടെ ഒരു ബില്‍ഡിംഗ് പണിതിട്ടുണ്ട്. എന്‍.എന്‍. പിള്ള സ്മാരകം. താഴത്തെ നിലയില്‍ പാലിയേറ്റീവ് കെയര്‍ സെന്‍റര്‍, മുകളിലത്തെ നിലയില്‍ അവരുടെ ഓഫീസ്, ഏറ്റവും മുകളില്‍ നാടകങ്ങളുടെ റിഹേഴ്സല്‍ നടത്താന്‍ പറ്റിയ ഹാള്‍. അവിടുത്തെ ആളുകള്‍ക്ക് അവര്‍ മൊബൈല്‍ മോര്‍ച്ചറി സൗജന്യമായി നല്‍കുന്നു. പത്തുദിവസത്തെ ആഘോഷമാണ് നാടകങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഏറ്റവുമൊടുവിലത്തെ ദിവസം പങ്കെടുക്കുന്നവര്‍ക്കെല്ലാം സദ്യയുണ്ട്.
കഴിഞ്ഞവര്‍ഷം സമാപനദിവസം ആറായിരത്തോളം പേരുണ്ടായിരുന്നത്രെ. നല്ല ഡിസിപ്ലിനായട്ടുള്ള പ്രവര്‍ത്തനങ്ങളാണവിടെ നടക്കുന്നത്. പോലീസ് പോലും വേണ്ട. എല്ലാദിവസവും നാടകം കഴിഞ്ഞ് നാടകചര്‍ച്ചകളുണ്ടാകും. അന്നാട്ടില്‍ നിന്നും വിദേശത്തുപോയി ജോലി ചെയ്യുന്നവര്‍ ഇപ്പോള്‍ ഓണത്തിനും വിഷുവിനുമൊന്നുമല്ല നാട്ടില്‍ വരാന്‍ ആഗ്രഹിക്കുന്നത്. അവരൊക്കെ ഈ നാടകോത്സവത്തിന്‍റെ സമയത്ത് വരാനാണിപ്പോള്‍ താല്‍പ്പര്യം കാണിക്കുന്നത്. നടന്‍ ജോജുജോര്‍ജ്ജാണ് ഇത്തവണ അതിഥിയായി എത്തിയത്. പിന്നെ, കലാഭവന്‍ ഷാജോണിന് നല്ല നടനുള്ള അവാര്‍ഡും കൊടുക്കുന്നുണ്ടായിരുന്നു. ഒരു പൈസ പോലും എന്നോടാവശ്യപ്പെട്ടിട്ടില്ല. ഇങ്ങനെ എല്ലാം കൊണ്ടും നല്ല രീതിയിലാണ് മാണിയാട്ടുകാര്‍ ഇത് നടത്തിക്കൊണ്ടുപോകുന്നത്. സന്തോഷം തോന്നുന്നു.