NEWS

S.D. സ്‌കേപ്‌സ് : സ്റ്റീഫൻ ദേവസ്സിയുടെ സ്റ്റുഡിയോ ഫ്‌ലോർ മോഹൻലാൽ ഉദ്ഘാടനം ചെയ്തു.

News

 സംഗീത മാന്ത്രികനായ സ്റ്റീഫൻ ദേവസ്സി മലയാള സിനിമ ലോകത്തിന് തന്റെ കരങ്ങൾ കൊണ്ട് സമ്മാനിക്കുന്ന രണ്ട് സ്റ്റുഡിയോ ഫ്‌ലോറുകളുടെ ഔപചാരികമായ ഉദ്ഘാടനം നടൻ മോഹൻലാൽ നിർവഹിച്ചു. 
26 വർഷക്കാലത്തെ എന്റെ സിനിമ ജീവിതത്തിൽ സംഗീത യാത്രയിൽ എനിക്കു കിട്ടിയ ദൈവാനുഗ്രഹവും സുഹൃദ്ബന്ധങ്ങളും കണക്കിലെടുത്ത് മലയാള സിനിമയ്ക്ക് എന്തെങ്കിലും തിരിച്ചു നൽകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അതിപ്പോൾ സാദ്ധ്യമായെന്നും സ്റ്റീഫൻ ദേവസ്സി ഹൃദയത്തിന്റെ ഭാഷയിൽ പറയുകയുണ്ടായി.
 17000 സ്‌ക്വയർഫീറ്റിൽ വലിയ ഒരു ഫ്‌ലോറും 7000 സ്‌ക്വയർ ഫീറ്റിൽ മറ്റൊരു ഫ്‌ലോറും ഇവിടെയുണ്ട്. ഏകദേശം അഞ്ഞൂറോളം കാറുകൾ പാർക്ക് ചെയ്യാനുളള സൗകര്യമുണ്ട.് സിനിമാ ഷൂട്ടിങ്ങിനും റിയാലിറ്റി ഷോകൾക്കും വിവാഹം പോലുള്ള മംഗള കർമ്മങ്ങൾക്കും വിസ്തൃതമായ ഈ ഫ്‌ലോറുകൾ ഉപയോഗിക്കുവാൻ കഴിയും.
 എസ് ടി സ്‌കേപ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ സ്റ്റുഡിയോ ഫ്‌ലോർ എറണാകുളത്ത് കളമശ്ശേരി ടൗണിനോട് ചേർന്നുള്ള സുന്ദരഗിരി എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 
സുന്ദരഗിരിയിലെ ഈ സ്റ്റുഡിയോ ഭാവിയിൽ സുന്ദരമാകട്ടെയെന്ന് മോഹൻലാൽ ആശംസിച്ചു. മോഹൻലാൽ ഭദ്രദീപം കൊളുത്തിയ ചടങ്ങിൽ സിനിമ രംഗത്തെയും രാഷ്ട്രീയ സാമൂഹിക രംഗത്തെയും പ്രമുഖർ പങ്കെടുത്തു. ബഹു. മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി എന്നീ പ്രമുഖരുടെയും സാന്നിധ്യമുണ്ടായിരുന്നു.
 മോഹൻലാലും മറ്റു പ്രമുഖരും ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് ഉദ്ഘാടനം നിർവഹിച്ചതെങ്കിലും ഒരു പുതുമയ്ക്കും വ്യത്യസ്തതയ്ക്കും വേണ്ടി പിയാനൊ വായിച്ച് ഈ സ്റ്റുഡിയോയുടെ തിരശ്ശീല ഉയർത്തണമെന്ന് സ്റ്റീഫൻ ദേവസ്സി അഭ്യർത്ഥിച്ചതിനെ മാനിച്ച് മോഹൻലാൽ രണ്ടു മിനിറ്റ് ദൈർഘ്യത്തിൽ പിയാനോ വായിച്ചപ്പോൾ സദസ്സിൽ നിന്നും കരഘോഷം മുഴങ്ങി.
 ജൂഡ് ആന്റണി ജോസഫ് സംവിധാനം നിർവഹിക്കുകയും മോഹൻലാലിന്റെ മകൾ വിസ്മയ നായികയാവുകയും ചെയ്യുന്ന സിനിമയുടെ എഗ്രിമെന്റ് മോഹൻലാൽ ഒപ്പുവയ്ക്കുന്ന ചടങ്ങും ഇതേ വേദിയിൽ വച്ച് നടന്നു. ആന്റണി പെരുമ്പാവൂർ, ജൂഡ് ആന്റണി ജോസഫ,് സ്റ്റീഫൻ ദേവസ്സി എന്നിവർ ആ ചടങ്ങിൽ പങ്കുകൊണ്ടു.
 സ്റ്റുഡിയോ വളപ്പിൽ ഒരു മാവിൻ തൈ നടുന്ന ചടങ്ങും  നിർവഹിച്ച ശേഷമാണ് മോഹൻലാൽ യാത്രയായത്..
 

 


LATEST VIDEOS

Latest