രാമായണ കഥയെ ആസ്പദമാക്കി പത്തിലധികം സിനിമകളും, ടിവി സീരിയലുകളും ഇതിനോടകം വന്നിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു രാമായണം ചിത്രം ഒരുങ്ങുകയാണ്. ഇതിൽ രാമനായി ബോളിവുഡ് താരം രൺബീർ കപൂറും, സീതയായി തെന്നിന്ത്യൻ താരം സായ് പല്ലവിയുമാണ് അഭിനയിക്കുന്നത്. 'ബാഹുബലി'യെ വെല്ലുന്ന ഗ്രാഫിക്‌സുകളോടെയാണ് ഈ ചിത്രം ഒരുങ്ങുന്നത് എന്നാണ് പറയപ്പെടുന്നത്. ഈ ചിത്രത്തിൽ രാവണനായി 'KGF' താരം യാഷ് അഭിനയിക്കുമെന്നും ഫെബ്രുവരിയിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രം 3 ഭാഗങ്ങളായാണത്രെ പുറത്തുവരാൻ ഇരിക്കുന്നത്. ആദ്യ ഭാഗത്തിൽ രാമനും, സീതയുമായി ബന്ധപ്പെട്ട രംഗങ്ങളും, രണ്ടാം ഭാഗത്തിൽ സീതയെ ശ്രീലങ്കയിലേക്കുള്ള അപഹരണവും രാമനും, രാവണനും തമ്മിലുള്ള യുദ്ധവും, മൂന്നാം ഭാഗത്തിൽ രാമായണത്തിന്റെ മുഴുവൻ കഥയുമാണത്രേ ചിത്രീകരിക്കാൻ പോകുന്നത്.
തെലുങ്ക് സിനിമയിലെ പ്രശസ്ത നിർമ്മാതാക്കളായ അല്ലു അരവിന്ദും, മധു മണ്ടേനയും ചേർന്നാണ് വൻ തുക മുടക്കി ഈ മൂന്ന് ഭാഗങ്ങൾ നിർമ്മിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നിതീഷ് തിവാരിയാണ്.'രാമരാജ്ജിയം' എന്ന പേരിൽ തമിഴിലും, തെലുങ്കിലുമായി പുറത്തിറങ്ങിയ രാമായണ സിനിമയിൽ രാമനായി ബാലകൃഷ്ണയും, സീതയായി നയൻതാരയുമാണ് അഭിനയിച്ചിരുന്നത്. അതുപോലെ അടുത്തിടെ പുറത്തിറങ്ങിയ 'ആദിപുരുഷ്' രാമായണത്തിൽ രാമനായി പ്രഭാസും, സീതയായി കീർത്തി സനോനുമാണ് അഭിനയിച്ചിരുന്നത്. എന്നാൽ ഈ ചിത്രം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയുണ്ടായില്ല.