തമിഴിൽ ഈയിടെ റിലീസായി സൂപ്പർഹിറ്റായ ചിത്രമാണ് 'അമരൻ'. ശിവകർത്തികേയനും, സായ്പല്ലവിയും നായകൻ, നായകിയായി അഭിനയിച്ച ഈ ചിത്രത്തിനെ തുടർന്ന് സായ് പല്ലവിക്ക് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ ഒരുപാട് അവസരങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ രണ്ടു ഭാഗങ്ങളായി ഹിന്ദിയിൽ ഒരുങ്ങുന്ന 'രാമായണം' എന്ന സിനിമയിലും, ഇനിയും പേരിടാത്ത രണ്ടു ചിത്രങ്ങളിലും അഭിനയിച്ചുകൊണ്ടിരിക്കുന്ന സായ് പല്ലവി, അടുത്ത് പ്രശസ്ത ബോളിവുഡ് നടനായ അമീർഖാന്റെ മകൻ ജുനൈദ് ഖാൻ നായകനാകുന്ന ഒരു ഹിന്ദി ചിത്രത്തിൽ അഭിനയിക്കാനും കരാറിൽ ഒപ്പിട്ടു എന്നുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. അടുത്തിടെ 'മഹാരാജ്' എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ജുനൈദ് ഖാൻ ഈ ചിത്രത്തിന് ശേഷം തമിഴിൽ ഹിറ്റായ 'ലവ് ടുഡേ' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലും അഭിനയിച്ചിട്ടുണ്ട്. ഇതിൽ ശ്രീദേവിയുടെ ഇളയ മകളായ ഖുഷി കപൂറാണ് നായികിയായി അഭിനയിച്ചിരിക്കുന്നത്. 'ലവേയപ്പാ' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം അടുത്ത മാസം ഏഴിന് റിലീസാകാനിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ജുനൈദ് ഖാൻ, സായ്പല്ലവിക്കൊപ്പം അഭിനയിക്കാൻ പോകുന്നത്. ആമിർ ഖാൻ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സുനിൽ പാണ്ഡെയാണത്രെ! ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.