NEWS

എഴുത്തുകാരനായാലും ആക്ടറായാലും ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുക എന്നതുതന്നെയാണ് പ്രധാനപ്പെട്ട കാര്യം- സജിന്‍ ചെറുകയില്‍

News

എഴുത്തുകാരനായാലും ആക്ടറായാലും ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുക എന്നതുതന്നെയാണ് പ്രധാനപ്പെട്ട കാര്യം. തുടക്കസമയത്ത് ഷോര്‍ട്ട് ഫിലിമിനെല്ലാം ക്യാമറ പോലും ചെയ്തിട്ടുണ്ട്. സിനിമയാണ് ഇഷ്ടം. അതിനൊപ്പം നില്‍ക്കുക എന്നതുതന്നെയാണ് സന്തോഷവും. എഴുതാന്‍ ഇഷ്ടപ്പെട്ട ഒരാള്‍ ആക്ടറായി മാറുന്നു. സിനിമ മാത്രമാണ് സംതൃപ്തി തരുന്ന ജോലി. അഭിനയിച്ചുതുടങ്ങിയതിനുശേഷം മോശമില്ലാത്ത വേഷങ്ങള്‍ തേടി വന്നു. അള്ളു രാമചന്ദ്രനിലൂടെയാണ് കോ-റൈറ്ററായി ആദ്യം എഴുതിത്തുടങ്ങുന്നത്. 2024 ല്‍ ഇതാ ഇപ്പോള്‍ സ്വതന്ത്ര എഴുത്തുകാരന്‍ എന്ന റോളിലുമെത്തി. മൊത്തത്തില്‍ ഹാപ്പിയാണ്. സ്വാഭാവിക അഭിനയമികവ് കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സജിന്‍ ചെറുകയില്‍ ഐ ആം കാതലന്‍ എന്ന ഗിരീഷ് എ.ഡി ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് എന്ന റോളും മനോഹരമാക്കിയിരിക്കുകയാണ്. അഭിനയ-എഴുത്ത് വിശേഷങ്ങളെക്കുറിച്ച് ഇതാദ്യമായി സജിന്‍ തുറന്ന് സംസാരിക്കുന്നു.


ഐ ആം കാതലനിലൂടെ സ്വതന്ത്ര എഴുത്തുകാരനായ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ സജിന്‍ ചെറുകയില്‍


2024 എഴുത്തുകാരനായ വര്‍ഷം

കഴിഞ്ഞവര്‍ഷം തീയേറ്ററുകളില്‍ ഐ ആം കാതലന്‍ മികച്ച പ്രതികരണം നേടി മുന്നേറി എന്നതില്‍ സന്തോഷമുണ്ട്. സിനിമ കണ്ടവര്‍ തിരക്കഥ ചേര്‍ത്തു പ്രശംസിക്കുമ്പോള്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ ഹാപ്പിയാണ്. എഴുത്താണ് സന്തോഷം നല്‍കുന്ന കാര്യമെങ്കിലും പലപ്പോഴും മടി മുന്നില്‍ നില്‍ക്കാറുണ്ട്. അഭിനയിക്കാന്‍ വളരെ യാദൃച്ഛികമായി എത്തിയതാണ്. ഷോര്‍ട്ട് ഫിലിം കണ്ടാണ് ലില്ലിയുടെ സംവിധായകന്‍ പ്രശോഭ് വിളിക്കുന്നത്. ലില്ലിയ്ക്കുശേഷമാണ് അള്ളു രാജേന്ദ്രന്‍ ഞങ്ങള്‍ എഴുതുന്നത്. ഞാന്‍ സൈബര്‍ സെക്യൂരിറ്റി വിഭാഗത്തില്‍ ജോലി ചെയ്തതുകൊണ്ട് മാത്രമാണ് ഐ ആം കാതലന്‍ സ്ക്രിപ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. അവിടെ കണ്ട പല മുഖങ്ങളും അവര്‍ സംസാരിക്കുന്ന കാര്യങ്ങളും മാത്രമാണ് സ്ക്രിപ്റ്റിലേക്ക് പകര്‍ത്തിയത്. തീയേറ്ററുകളില്‍ കണ്ടവര്‍ എല്ലാം നല്ല അഭിപ്രായം പറഞ്ഞിരുന്നു. ഇനി ഒ.ടി.ടിയിലേക്ക് എത്തുമ്പോള്‍ കുറച്ച് പേരിലേക്ക് കൂടെ എത്തുമെന്നതില്‍ ഉറപ്പാണ്.

വിഷ്ണു എന്ന ഹാക്കറെ പരിചയമില്ല

സൈബര്‍ സെക്യൂരിറ്റി വിങ്ങില്‍ ജോലി ചെയ്തതുകൊണ്ട് മാത്രമാണ് എനിക്ക് ഐ ആം കാതലന്‍ എഴുതാന്‍ കഴിഞ്ഞത്. സിനിമയില്‍ വന്നുപോയവര്‍ എല്ലാവരും എനിക്ക് അറിയാവുന്ന ആള്‍ക്കാരാണ്. അവിടെ നടക്കുന്ന ഓരോ സാഹചര്യങ്ങളും സ്ക്രിപ്റ്റിലേക്ക് പകര്‍ത്താന്‍ സാധിച്ചു. പക്ഷേ വിഷ്ണു എന്ന ഹാക്കറെ മാത്രം എനിക്ക് നേരിട്ട് പരിചയമില്ലാത്തൊരാളാണ്. സാധാരണ പുറത്തുള്ള സിനിമകളില്‍ മാത്രമാണ് ഹാക്കര്‍മാരെ നമ്മള്‍ അധികം കണ്ടിട്ടുള്ളൂ. ഹുഡിയും ഡാര്‍ക്ക് മൂഡിലുമെല്ലാം കാണുന്ന ഹാക്കര്‍മാര്‍. എന്നാല്‍ നമ്മുടെ ഇടയിലുള്ള ഹാക്കര്‍മാര്‍ ഒരിക്കലും അങ്ങനെയുള്ള വേഷംധരിച്ചു പേടിപ്പിക്കുന്നവരൊന്നുമാവില്ല. സാധാരണ വിഷ്ണുവിനെപ്പോലെയുളളവരായിരിക്കും. വിഷ്ണു എന്ന കഥാപാത്രം എഴുതുമ്പോള്‍ നസ്ലിന്‍ തന്നെയായിരുന്നു മനസ്സില്‍.

ഗിരീഷിലേക്ക് എത്തിയത്

ഗിരീഷിന് സ്ക്രിപ്റ്റ് വര്‍ക്ക് ആയതുകൊണ്ട് തന്നെയാണ് സംവിധാനം ചെയ്യാന്‍ തയ്യാറായത്. ഞങ്ങളെല്ലാം സുഹൃത്തുക്കളായതുകൊണ്ടുതന്നെ കഥകള്‍ എല്ലാം ചര്‍ച്ച ചെയ്യാറുണ്ട്. ഗിരീഷ് ഇതുവരെ ചെയ്യാത്ത ജോണര്‍ ആയതുകൊണ്ട് എങ്ങനെയാണ് പ്രേക്ഷകര്‍ എടുക്കുക എന്നൊരു കൗതുകം ഉണ്ടായിരുന്നു.

സൂപ്പര്‍ ശരണ്യയിലെ അളിയന്‍

ഞാന്‍ ജീവിതത്തിലും തമാശ പറയാനും മറ്റുള്ളവരെ ചിരിപ്പിക്കാനുമൊക്കെ ആഗ്രഹിക്കുന്ന ഒരാളാണ്. സൂപ്പര്‍ ശരണ്യയിലെ അഭിലാഷ് അളിയനെപ്പോലെയുള്ള ഒരാളാണ് ഞാന്‍. അത്രയും ഉത്തരവാദിത്തവും അച്ചടക്കവും ഇല്ലാത്ത ആളെന്നല്ല. അതേപോലെ ചില്ലായുള്ള കൂളായ മനുഷ്യനാണ്. അതുകൊണ്ടുതന്നെ ആ കഥാപാത്രം വളരെ പ്രിയപ്പെട്ട ഒരു വേഷമാണ്. വളരെ ഹാപ്പിയായിരിക്കുന്ന വേഷങ്ങള്‍ ചെയ്യാനാണ് കൂടുതലിഷ്ടം. അതുപോലെ പദ്മിനിയിലെ ജയന്‍ചേട്ടന്‍ എന്ന വേഷത്തിന് ഒരുപാട് പ്രശംസകള്‍ കിട്ടിയിരുന്നു. തണ്ണീര്‍മത്തനെപ്പോലെയോ സൂപ്പര്‍ ശരണ്യയിലെ പ്പോലെയോയുള്ള ഫണ്‍ മോമോന്‍റ്സ് ആയിരുന്നില്ല പദ്മിനിയിലേത്. സെന്ന ഹേഗ്ഡേ എന്ന സംവിധായകന്‍ അയാളെ പലയിടത്തും പ്ലേസ് ചെയ്താണ് നമ്മളെ ചിരിപ്പിക്കുന്നത്. രാരീരം ബെഡ് എല്ലാം അങ്ങനെ ഹിറ്റായതാണ്. ജയന്‍ ചേട്ടനെ ടോക്സിക്കായി വയ്ക്കാന്‍ ശ്രമിച്ചെങ്കിലും വളരെ ക്യൂട്ടായാണ് പ്ലേസ് ചെയ്യപ്പെട്ടത്. ആ വേഷം ഇഷ്ടപ്പെടുന്നവര്‍ ഒരുപാട് പേരുണ്ട്. തണ്ണീര്‍മത്തന്‍ കഴിഞ്ഞതിനുശേഷം പബ്ലിക്കിലേക്ക് പോകുമ്പോള്‍ ഉണ്ടായ വിസിബിലിറ്റി എന്നെ ശരിക്കും ഞെട്ടിച്ചിരുന്നു. മാസ്ക് വച്ച് പോയിട്ടുപോലും തിരിച്ചറിഞ്ഞുസംസാരിക്കുന്നവര്‍ ഉണ്ടായിരുന്നു.

കണ്ണൂര്‍ സ്ക്വാഡില്‍ മമ്മൂക്കയ്ക്കൊപ്പം

നമ്മള്‍ അത്രയും ആരാധിക്കുന്ന മഹാനടനൊപ്പം ഒരു ഫ്രെയിം പങ്കുവയ്ക്കാന്‍ കഴിഞ്ഞ ഒരു സിനിമയാണ്  കണ്ണൂര്‍ സ്ക്വാഡ്. മമ്മുക്കയ്ക്കൊപ്പമുള്ള സീനിന് മുന്‍പ് ഉണ്ടായ  എക്സൈറ്റ്മെന്‍റ് പറഞ്ഞറിയിക്കാവുന്നതിനും അപ്പുറമാണ്. ആദ്യം എന്‍റെ ഒറ്റയ്ക്കുള്ള ഭാഗങ്ങള്‍ നേരത്തെ ചെയ്തുവച്ചിരുന്നു. മമ്മുക്ക വന്നപ്പോള്‍ ആദ്യം ടെന്‍ഷന്‍ തോന്നി. പിന്നെ മമ്മുക്ക വളരെ കൂള്‍ ആയതുകൊണ്ട് ടെന്‍ഷനെല്ലാം പോയി നന്നായി ചെയ്യാന്‍ കഴിഞ്ഞു. സ്ക്രീന്‍ സ്പേസ് കുറവാണെങ്കിലും എന്‍റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രോജക്ട് തന്നെയാണ് കണ്ണൂര്‍ സ്ക്വാഡ്.


 


LATEST VIDEOS

Interviews