തമിഴിൽ അടുത്തടുത്ത് ഹിറ്റ് സിനിമകൾ നൽകി പിന്നീട് ബോളിവുഡിലും പ്രവേശിച്ച് 'ജവാൻ' എന്ന സൂപ്പർഹിറ്റ് ചിത്രം നൽകിയ സംവിധായകനാണ് അറ്റ്‌ലി. ഷാരുഖ് ഖാൻ, നയൻതാര, വിജയ് സേതുപതി തുടങ്ങിയവർ പ്രധാനകഥാപത്രങ്ങൾ അവതരിപ്പിച്ച ഈ ചിത്രം 1000 കോടിയിലധികം കളക്ഷൻ നേടുകയും ചെയ്തു. ഈ ചിത്രത്തിന് ശേഷം തെലുങ്കിലെ മുൻനിര നായകന്മാരിൽ ഒരാളായ അല്ലു അർജുനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാനാണ് അറ്റ്‌ലി ഒരുങ്ങി വന്നത്. എന്നാൽ അറ്റ്‌ലി ഒരുക്കിയ കഥയിൽ അല്ലു അർജുൻ ചില മാറ്റങ്ങൾ വരുത്താൻ നിർബന്ധിച്ചതിനാൽ അറ്റ്‌ലി ഈ പ്രോജെക്റ്റിൽ നിന്നും വിലകുകയാണ് ചെയ്തത്. അതിന് ശേഷം അറ്റ്‌ലി ബോളിവുഡിലെ സൽമാൻ ഖാനെ കണ്ട് കഥ പറയുകയും, സൽമാൻ ഖാൻ അഭിനയിക്കാൻ സമ്മതിക്കുകയും ചെയ്തു എന്നുള്ള റിപ്പോർട്ടും, ഈ ചിത്രത്തിൽ വരുന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ കമൽഹാസനുമായി ചർച്ചകൾ നടത്തി വരികയാണെന്നുമുള്ള വിവരങ്ങൾ മുൻപ് നൽകിയിരുന്നു. ഇപ്പോൾ ഈ കൂട്ടുകെട്ടിൽ ചിത്രം ഒരുങ്ങും എന്നുള്ള കാര്യം ഉറപ്പായി എന്നുള്ള വാർത്തകളാണ് ഇപ്പോൾ അറ്റ്‌ലിയുടെ ഭാഗത്തുനിന്നും വന്നുകൊണ്ടിരിക്കുന്നത്. അതിനെ തുടർന്ന് അറ്റ്‌ലി ചിത്രത്തിൻ്റെ പ്രാരംഭ ജോലികൾ തുടങ്ങി എന്നും 2025 ജനുവരി മുതൽ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങാനുമാണ് പ്ലാൻ ചെയ്തിരിക്കുന്നത് എന്നുമാണ് അറിയുവാൻ കഴിയുന്നത്. എ.ആർ.മുരുകദാസ് സംവിധാനം ചെയ്യുന്ന 'സിക്കന്ദർ' എന്ന ഹിന്ദി ചിത്രത്തിലാണ് സൽമാൻ ഖാൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതുപോലെ മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫി'ലാണ് കമൽഹാസൻ അഭിനയിക്കുന്നത്. അതിന് ശേഷം 'ഇന്ത്യൻ-3' യ്ക്ക് വേണ്ടിയും, സ്റ്റണ്ട് മാസ്റ്റർമാരായ അൻപറിവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും കമൽഹാസൻ അഭിനയിക്കേണ്ടതുണ്ട്. ഈ ചിത്രങ്ങൾ പൂർത്തിയായ ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാനാണത്രെ കമൽഹാസൻ പ്ലാൻ ചെയ്തിരിക്കുന്നത്. അങ്ങിനെയെങ്കിൽ അറ്റ്‌ലി, കമൽഹാസൻ, സൽമാൻ ഖാൻ എന്നിവർ ഒന്നിക്കുന്ന ബ്രമ്മാണ്ട ചിത്രം അടുത്തു തന്നെ പ്രതീക്ഷിക്കാം! ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് അറ്റ്‌ലി ഇതിനെ ഒരുക്കാൻ പോകുന്നത് എന്നും ഈ ചിത്രത്തിൽ വേറെ ചില പ്രശസ്ത താരങ്ങളെ അണി നിരത്താനും അറ്റ്‌ലി പദ്ധതിയിട്ടുണ്ട് എന്നും പറയപ്പെടുന്നുണ്ട്.