തമിഴ്, തെലുങ്ക് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ് സാമന്ത! ഇവരുടെ 'അമ്മ മലയാളിയാണെങ്കിലും സാമന്ത ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല. എങ്കിലും അന്യഭാഷാ ചിത്രങ്ങൾ മുഖേന മലയാള സിനിമാ പ്രേക്ഷകർക്കും സാമന്ത വളരെ പരിചയമുള്ള താരമാണ്. തെലുങ്ക് സിനിമയിലെ പ്രശസ്ത നടനായ നാഗ ചൈതന്യയുമായി നടന്ന വിവാഹം, അതിനെ തുടർന്നുണ്ടായ വിവാഹ മോചനം തുടങ്ങിയവയെ തുടർന്ന് സാമന്ത ഇപ്പോൾ സിനിമകളിൽ ശ്രദ്ധ ചെലുത്തി വരികയാണ്. ഈയിടെ സമാന്തയുടേതായി പുറത്തുവന്ന 'ശാകുന്തളം' എന്ന സിനിമ പരാജയമായിരുന്നു. ഇതിനെ തുടർന്ന് 'ഖുഷി' എന്ന ചിത്രത്തിലും, 'സിറ്റാഡൽ' എന്ന വെബ് സീരീസിലും അഭിനയിച്ചു കഴിഞ്ഞു. ഇതെല്ലാം അടുത്തുതന്നെ റിലീസാകാനിരിക്കുന്ന സാഹചര്യത്തിലാണ് സാമന്തയെ മയോസിറ്റിസ് എന്ന രോഗം വീണ്ടും ബാധിച്ചു അതിന് ചികിത്സ എടുത്തു വരുന്നത്.
എന്നാൽ ഈ ചികിത്സ മൂലം അസുഖം പൂർണമായി സുഖം പ്രാപിക്കാൻ കുറച്ചുകാലം പിടിക്കും എന്ന കാരണത്താൽ സാമന്ത മേൽ ചികിത്സക്കായി വിദേശത്തേക്ക് പോകാൻ തീരുമാനിച്ചിരിക്കുകയാണത്രെ! അതിനായി ഒരു വർഷകാലത്തോളം സിനിമയിൽ നിന്നും വിട്ടുനിൽക്കാനും സാമന്ത തീരുമാനിച്ചിട്ടുള്ളതായാണ് വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായി താരം ഇപ്പോൾ പുതിയ ചിത്രങ്ങളുടെ കരാറുകളിലൊന്നും ഒപ്പുവെക്കാതെ അമേരിക്കയിലേക്ക് പോകാനൊരുങ്ങി കൊണ്ടിരിക്കുകയാണ് എന്നാണു അവരുമായി അടുപ്പമുള്ളവർ പറയുന്നത്. സാമന്തയുടെ അസുഖം പൂർണമായും ഗുണമായി അവർ വീണ്ടും സിനിമകളിൽ അഭിനയിക്കണം എന്നു തന്നെയായാണ് എല്ലാവരും ആഗ്രഹിക്കുന്നത്!