NEWS

"വേദിയിൽ വിങ്ങി കരഞ്ഞ് നടി; ഞാന്‍ ജീവിതത്തില്‍ എത്ര ബുദ്ധിമുട്ടുകള്‍ നേരിട്ടാലും ഒരു കാര്യം മാറില്ല.. അത് സിനിമയോടുള്ള സ്നേഹമാണ്"

News

അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരുടെ മനം കവർന്നത് താര സുന്ദരിയാണ് സാമന്ത. തെലുങ്കിലും തമിഴിലുമായിട്ട് ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലാണ് സാമന്ത നായികയായിട്ടുള്ളത്. ഇപ്പോഴിതാ തെലുങ്കു ചിത്രം ശാകുന്തളത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ വികാരഭരിതയായി നടി സാമന്ത. ചിത്രത്തിന്റെ സംവിധായകന്‍ ഗുണശേഷര്‍ ഷൂട്ടിങ് ഓര്‍മകൾ പങ്കുവയ്ക്കുന്നതിനിടെയാണ് സാമന്ത കണ്ണീരൊപ്പിയത്.

ജീവതത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയ നടിയാണ് സാമന്ത. വിവാഹമോചനത്തിനുശേഷം മയോസൈറ്റിസ് എന്ന രോഗവുമായുള്ള പോരാട്ടത്തിലാണ് സാമന്ത. എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ് . ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്. നിരന്തരമായി വേദനയും ക്ഷീണവും അനുഭവപ്പെടുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്. ഇരിക്കാനും നില്‍ക്കാനുമുള്ള പ്രയാസം, തല ഉയര്‍ത്തിപ്പിടിക്കാനാവാത്ത അവസ്ഥ തുടങ്ങിയവയെല്ലാം മയോസൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ ഒരു ഇടവേളയ്ക്ക് ശേഷമാണ് സാമന്ത പൊതുവേദിയിലെത്തിയത്.

''ഞാന്‍ ജീവിതത്തില്‍ എത്ര ബുദ്ധിമുട്ടുകള്‍ നേരിട്ടാലും ഒരു കാര്യം മാറില്ല. അത് സിനിമയോടുള്ള സ്നേഹമാണ്. അത്രമാത്രം ഞാന്‍ സിനിമയെ സ്നേഹിക്കുന്നു. സിനിമ എന്നെ തിരികെ സ്നേഹിക്കുന്നു. ശാകുന്തളത്തോടെ ഈ സ്നേഹം പലമടങ്ങ് വളരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇന്ത്യന്‍ സാഹിത്യ ചരിത്രത്തില്‍, ശകുന്തളയുടെ കഥ അവിസ്മരണീയമായ ഒന്നാണ്. ഗുണശേഖര്‍ സാര്‍ എന്നെ ഈ കഥാപാത്രത്തിനായി തിരഞ്ഞെടുത്തത് ഭാഗ്യമായി കരുതുന്നു. ഇത് ശരിക്കും വലിയ പദവിയാണ്''- സാമന്ത പറഞ്ഞു.

മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തന്‍ പ്രണയകഥയായ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കിയാണ് ശാകുന്തളം ഒരുക്കിയത്. ഫെബ്രുവരി 17 ന് തീയേറ്ററുകളില്‍ എത്തും. ചിത്രം 3D-യിലും റിലീസ് ചെയ്യും. സാമന്ത ശകുന്തളയായി എത്തുമ്പോള്‍ 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നതാണ് താരനിരയിലെ മറ്റൊരു ആകര്‍ഷണം. അദിതി ബാലന്‍ അനസൂയായും മോഹന്‍ ബാബു ദുര്‍വാസാവ് മഹര്‍ഷിയായും എത്തുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ സച്ചിന്‍ ഖേദേക്കര്‍ കബീര്‍ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിരയും ചിത്രത്തിൽ എത്തുന്നുണ്ട്.


LATEST VIDEOS

Top News