ഇനിയൊരിക്കലും ഐറ്റം ഡാൻസ് ചെയ്യില്ലെന്ന് നടി സാമന്ത. സെക്സിയായിരിക്കുക എന്നത് തനിക്ക് പറ്റുന്ന കാര്യമല്ലെന്നും താരം പറയുന്നു. ‘‘ഊ അന്തവാ...’’യുടെ ആദ്യ രംഗം ചിത്രീകരിക്കുമ്പോൾ താൻ പേടിച്ച് വിറയ്ക്കുകയായിരുന്നു എന്നാണ് താരം വെളിപ്പെടുത്തുന്നത്. അല്ലു അർജുൻ ചിത്രം പുഷ്പയിൽ താൻ അവതരിപ്പിച്ച ‘ഊ അന്തവാ...’ എന്ന ഐറ്റം ഡാൻസിനെക്കുറിച്ചുള്ള അനുഭവം വ്യക്തമാക്കവെയാണ് താരം ഇനിയൊരു ഐറ്റം ഡാൻസിന് തയ്യാറാകില്ലെന്ന് തുറന്നു പറഞ്ഞത്.
‘‘അഭിനേതാവ് എന്ന നിലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യണം എന്ന ചിന്തയിൽ നിന്നുമാണ് ‘‘ഊ അന്തവാ...’’ പാട്ട് ചെയ്യാം എന്ന തീരുമാനത്തിലേക്കെത്തിയത്. അത് അത്ര എളുപ്പമായിരുന്നില്ല. വിവാഹമോചനത്തിനിടെയാണ് ‘‘ഊ അന്തവാ...’’എന്നിലേക്ക് എത്തുന്നത്. ഒരു ഐറ്റം സോങ്ങിൽ ഞാൻ എത്തും എന്ന പ്രഖ്യാപനമുണ്ടായതോടെ എൻറെ അടുപ്പക്കാരും കുടുംബവും അതിൽ നിന്നും പിന്തിരിപ്പിക്കാൻ ഏറെ ശ്രമിച്ചു. വിവാഹമോചന സമയത്ത് ഐറ്റം ഡാൻസ് ചെയ്യരുത് എന്നാണ് അവർ പറഞ്ഞത്. വെല്ലുവിളികൾ ഏറ്റെടുക്കാൻ എനിക്ക് ധൈര്യം തന്ന അടുത്ത സുഹൃത്തുക്കൾ പോലും ഐറ്റം ഡാൻസ് ചെയ്യരുതെന്ന് ഉപദേശിച്ചു. അങ്ങനെയെങ്കിൽ അത് തീർച്ചയായും ചെയ്യണമെന്ന് എനിക്കു തോന്നി. പക്ഷേ ഇനി ഞാൻ ഐറ്റം ഡാൻസ് അവതരിപ്പിക്കില്ല. കാരണം, അതിൽ ഞാൻ വെല്ലുവിളികൾ ഒന്നും കാണുന്നില്ല‘’- സമാന്ത പറഞ്ഞു.