തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് തുറന്നു പറഞ്ഞ് ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ താര റാണിയായിരുന്ന സമീറ റെഡ്ഡി. തന്റെ മാറിടങ്ങൾക്ക് വലിപ്പക്കുറവാണെന്ന് പറഞ്ഞ് പലരും കളിയാക്കാറുണ്ടായിരുന്നെന്ന് താരം പറയുന്നു. സ്തന സൗന്ദര്യത്തിനായി പ്ലാസ്റ്റിക് സർജറി നടത്താനും ഉപദേശം ലഭിച്ചിരുന്നെന്നും സമീറ വെളിപ്പെടുത്തുന്നു.
അന്ന് തനിക്ക് വണ്ണം കുറവായിരുന്നുവെന്നും അതിനാൽ പലരും തന്നെ അവഹേളിച്ചിട്ടുണ്ടെന്നുമാണ് സമീറ വെളിപ്പെടുത്തിയത്. മാറിടത്തിന് വലിപ്പമില്ലെന്ന് പറഞ്ഞ് തന്നെ അപമാനിച്ചിട്ടുണ്ട്. ചിലർ സർജറി ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സമീറ പറയുന്നത്. ഇതെല്ലാം മൂലം ഒരു ഘട്ടത്തിൽ താൻ സർജറി ചെയ്യാൻ ഒരുങ്ങിയതാണെന്നും സമീറ പറയുന്നു. എന്നാൽ അവസാന നിമിഷം തന്റെ മനസ് മാറുകയായിരുന്നുവെന്നാണ് സമീറ പറയുന്നത്.
''പത്ത് വർഷം മുമ്പത്തെ അവസ്ഥ ഭ്രാന്തമായിരുന്നു. എല്ലാവരും പ്ലാസ്റ്റിക് സർജറി ചെയ്യുമായിരുന്നു. ബൂബ് ജോബും നോസ് ജോബുമൊക്കെ ചെയ്യുമായിരുന്നു. എനിക്ക് എപ്പോഴും മാറിടത്തിൽ പാഡ് ഉപയോഗിക്കേണ്ടി വന്നിരുന്നു. എന്നോട് ബൂബ് ജോബ് ചെയ്യാൻ പറഞ്ഞു. പലവട്ടം. ഞാൻ അതേക്കുറിച്ച് ചിന്തിച്ചിരുന്നു. പക്ഷെ ഞാനത് ചെയ്തില്ല. അതിൽ ഞാനിന്ന് സന്തോഷിക്കുന്നു. കാരണം ഞാൻ അതിൽ ഒട്ടും തൃപ്തയായിരിക്കില്ലെന്ന് എനിക്കറിയാം. സർജറികൾ ചെയ്യുന്നവരുണ്ട്. അത് അവരുടെ തിരഞ്ഞെടുപ്പാണ്. അതിൽ അവർക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ ആകാം. ജീവിക്കൂ ജീവിക്കാൻ അനുവദിക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്. വിധിക്കാൻ നമ്മൾ ആരാണ്?'' - സമീറ ചോദിക്കുന്നു.
സംഗീത ആൽബങ്ങളിലൂടെയാണ് സമീറ റെഡ്ഡി ശ്രദ്ധ നേടുന്നത്. മേനെ ദിൽ തുച്ച് കോ ദിയ ആണ് ആദ്യ സിനിമ. നരസിംഹുഡുവിലൂടെ തെലുങ്കിലെത്തി. വാരണം ആയിരം ആണ് ആദ്യ തമിഴ് ചിത്രം. സിനിമ ക്ലാസിക് ഹിറ്റ് ആയതോടെ സമീറയ്ക്ക് ആരാധകർ ഏറുകയായിരുന്നു. ഒരുനാൾ വരും എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തി. 2014 ലാണ് താരം വിവാഹിതയാകുന്നത്. ഇതോടെ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്.