തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചു വരുന്ന മലയാളി താരമാണ് സംയുക്ത മേനോൻ. തമിഴിൽ ഈയിടെ പുറത്തുവന്ന ധനുഷിന്റെ 'വാത്തി'യിൽ സംയുക്തയായിരുന്നു നായിക! ഈ ചിത്രം തമിഴിൽ 'സാർ' എന്ന പേരിലും പുറത്തു വന്നിരുന്നു. തമിഴിലും, തെലുങ്കിലും വൻ വിജയമായ ഈ ചിത്രത്തിനെ തുടർന്ന് സംയുക്ത അഭിനയിച്ച മറ്റൊരു തെലുങ്ക് ചിത്രമായ 'വിരൂപാക്ഷ'യും വൻ വിജയമായിരിക്കുകയാണ്. നവാഗത സംവിധായകൻ കാർത്തിക് വർമ്മ തണ്ടു സംവിധാനം ചെയ്ത, ഈ ചിത്രത്തിൽ സായ് ധരം തേജ് എന്ന യുവ താരത്തിനൊപ്പമാണ് സംയുക്ത അഭിനയിച്ചത്. തെലുങ്കിൽ ഏപ്രിൽ 21-ന് റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ മുതൽ മുടക്ക് 25 കോടിയാണത്രെ! എന്നാൽ ഈ ചിത്രം ഇതുവരെ 80 കോടി കളക്ഷൻ നേടി വൻ വിജയമായി മാറിയിരിക്കുകയാണ്. ഇതിനെ തുടർന്ന് ഈ ചിത്രത്തിനെ തമിഴിൽ മൊഴിമാറ്റം നടത്തി റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തി വന്നിരുന്നു. ആ ഒരുക്കങ്ങൾ പൂർത്തിയായി ഇപ്പോൾ ചിത്രം നാളെ തിയേറ്ററുകളിലെത്താനിരിക്കുകയാണ്. തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പനികളിലൊന്നായ 'സ്റ്റുഡിയോ ഗ്രീൻ' ആണ് ഈ ചിത്രം അതേ പേരിൽ തമിഴിൽ പുറത്തിറക്കുന്നത്. തെലുങ്കിൽ ഒരുക്കി തമിഴിൽ മൊഴിമാറ്റം നടത്തി വിജയിച്ച ചിത്രങ്ങളായ "അമ്മൻ, അരുന്ധതി" പോലെ ഭക്തിയും മാന്ത്രിക തന്ത്രവും നിറഞ്ഞ ഒരു സിനിമയായാണ് 'വിരൂപാക്ഷ'യും നിർമ്മിച്ചിരിക്കുന്നത്. 1991 കാലഘട്ടത്തിൽ നടക്കുന്ന കഥയയാണ് ചിത്രീകരിച്ചിരിക്കുന്നത്. തെലുങ്കിലെ പോലെ തമിഴിലും ഈ ചിത്രം വിജയിക്കുകയാണെങ്കിൽ സംയുക്തക്ക് തമിഴിലും തെലുങ്കിലും വൻ സ്വീകരണം ലഭിക്കുന്നതായിരിക്കും.