NEWS

വിനോദരംഗം പ്രിയം -സനം ഷെട്ടി

News

പത്തുകൊല്ലം മുമ്പ് അമ്പുലി എന്ന സിനിമയിലൂടെ നായികയായി രംഗപ്രവേശം ചെയ്ത സനം ഷെട്ടിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. പിന്നീട് തമിഴ്, മലയാളം, കന്നടം, തെലുങ്ക് എന്നീ ഭാഷകളില്‍ തിരക്കുള്ള നടിയായി മാറി. സിനിമാക്കമ്പനി, ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് എന്നിവയാണ് മലയാളത്തില്‍ സനം ഷെട്ടി അഭിനയിച്ച സിനിമകള്‍. കമലഹാസന്‍ അവതരിപ്പിച്ച ബിഗ് ബോസ് 4 ല്‍ പങ്കെടുത്തതോടെ പ്രസിദ്ധി വര്‍ദ്ധിച്ചു. മോഡലിംഗ് രംഗത്തുനിന്നും അഭിനയത്തിലേക്ക് വന്ന, 2016 ല്‍ മിസ് സൗത്ത് ഇന്‍ഡ്യയായി തെരഞ്ഞെടുക്കപ്പെട്ട, സജീവയായ സനംഷെട്ടി തന്‍റെ സിനിമാ പ്രവേശം, ആദ്യത്തെ അനുഭവം എന്നിവ പങ്കുവയ്ക്കുന്നു...

സോഫ്റ്റ് വേര്‍ എഞ്ചിനീയറായ സനം ഷെട്ടി സിനിമാനടിയായത് എങ്ങനെയാണ്...?

 സ്ക്കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ ഫോട്ടോഷൂട്ടുകളിലും പരസ്യചിത്രങ്ങളിലും അഭിനയിക്കുമായിരുന്നു. അമ്മയ്ക്കും ഇതില്‍ താല്‍പ്പര്യമുണ്ടായിരുന്നതുകൊണ്ട് സൗകര്യമായി. കോളേജില്‍ പഠിക്കുമ്പോള്‍ ഹോബിയായി മോഡലിംഗ് ചെയ്തു. അച്ഛന്‍ വളരെ കര്‍ക്കശക്കാരനായിരുന്നു. ഡിഗ്രി ഒരെണ്ണം വാങ്ങിച്ചശേഷം എന്തുവേണമെങ്കിലും ആയിക്കൊള്ളൂ എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. ഡിഗ്രി കഴിഞ്ഞയുടന്‍ ഐ.ടി കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. ആ സമയത്താണ് നല്ല നല്ല അവസരങ്ങള്‍ എന്നെത്തേടി എത്തിയത്. ധാരാളം പരസ്യചിത്രങ്ങളില്‍ അഭിനയിച്ചു. അതുകണ്ടിട്ടാണ് സിനിമയില്‍ അവസരം എന്നെ തേടിയെത്തിയത്. പിന്നീട് ജോലി ഉപേക്ഷിച്ച് അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

എന്നിട്ട് അഭിനയം എങ്ങനെ പഠിച്ചു...?

 ഞാന്‍ ആക്ടിംഗ് സ്ക്കൂളിലൊന്നും പഠിച്ചിട്ടില്ല. എന്നാല്‍ ധാരാളം വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുത്തിരുന്നു. എന്‍റെ ആദ്യസിനിമ 'അമ്പുലി'യാണ്. ആ സിനിമയുടെ ടീം ആക്ടിംഗ്, ക്യാമറാ ആങ്കിള്‍ എന്നീ കാര്യങ്ങളില്‍ എനിക്ക് ട്രെയിനിംഗ് തന്നു. അതിനുശേഷം ഓരോ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോഴും അഭിനയത്തെക്കുറിച്ച് പഠിച്ചു.

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നിങ്ങനെ എല്ലാ ഭാഷകളിലും അഭിനയിക്കുന്നുണ്ടല്ലോ? ആ ഭാഷകള്‍ എല്ലാം വശമുണ്ടോ?

എനിക്ക് കന്നടം, തെലുങ്ക്, തമിഴ്, ഹിന്ദി അറിയാം. മലയാളം ഡയലോഗുകള്‍ വായിച്ചുപറയാനും അറിയാം.

മോഡലിംഗ്, സിനിമ ഏതാണ് കംഫര്‍ട്ട്?

മോഡലിംഗ് ഒരു ദിവസത്തെ ഷൂട്ടാണ്. ദീര്‍ഘകാല കമിറ്റ്മെന്‍റില്ല. പക്ഷേ സിനിമ ഒരു നീണ്ടയാത്രയാണ്. കുറഞ്ഞത് നാല്‍പ്പതുദിവസമെങ്കിലും സിനിമയ്ക്കൊപ്പം യാത്ര ചെയ്യണം. എന്നാല്‍ ഒരു നല്ല സിനിമ ചെയ്താല്‍ അതിന്‍റെ റീച്ച് മറ്റൊരു രീതിയിലായിരിക്കും. അതുകൊണ്ട് സിനിമയാണ് എനിക്ക് കംഫര്‍ട്ട്. 

2016 ലെ മിസ് സൗത്ത് ഇന്‍ഡ്യയാണല്ലോ? അതിന്‍റെ അനുഭവം?

അത് മറക്കാനാവാത്ത അനുഭവം തന്നെയാണ്. അതില്‍ വിജയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാ രീതിയിലും നമ്മുടെ കഴിവുകള്‍ വളരെ ഡീറ്റയിലായി അവര്‍ പരിശോധിക്കും. പതിനഞ്ചുദിവസത്തെ കഠിനമായ വര്‍ക്ക്ഷോപ്പാണ് അത്. സ്റ്റൈലായി നടക്കുന്നത് മുതല്‍ നമ്മള്‍  സംസാരിക്കുന്ന വിഷയം വരെ ധാരാളം കാര്യങ്ങളുണ്ട്. സൗന്ദര്യമത്സരം എന്നത് വെറും ശരീരസൗന്ദര്യം മാത്രം കണക്കിലെടുത്ത് തെരഞ്ഞെടുക്കുന്നതല്ല. അത് നമ്മുടെ എല്ലാ കഴിവുകളുടേയും അടിസ്ഥാനത്തിലാണ്.

ബിഗ്ബോസ് 4- ല്‍ ഏതാണ്ട് രണ്ടുമാസത്തിലേറെക്കാലം ഉണ്ടായിരുന്നുവല്ലോ. അവിടുത്തെ അനുഭവങ്ങള്‍ എന്തൊക്കെയായിരുന്നു?

ബിഗ് ബോസ് 4 ല്‍ അവസരം കിട്ടിയില്ലായിരുന്നുവെങ്കില്‍ എനിക്ക് ഇത്രത്തോളം വളരാന്‍ കഴിയില്ലായിരുന്നു. അത് എനിക്ക് നേടിത്തന്ന പോപ്പുലാരിറ്റി വളരെ വലുതാണ്. എല്ലാ ആക്ടറും ആഗ്രഹിക്കുന്ന പേരും, പെരുമയും വിലയും അത് എനിക്ക് നല്‍കി. ആ ടീമിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒന്നുകൂടി പറഞ്ഞാല്‍ എനിക്ക് ആത്മവിശ്വാസം നല്‍കിയതുതന്നെ ആ പരിപാടിയാണ്.

തമിഴ് സിനിമയിലെ ഇഷ്ടപ്പെട്ട ഹീറോ ആരാണ്?

ഞാന്‍ വിജയ്സാറിന്‍റെ ആരാധികയാണ്. അദ്ദേഹത്തിന്‍റെ എല്ലാ സിനിമയും ഞാന്‍ കണ്ടിട്ടുണ്ട്. ഓരോ സിനിമയിലും അദ്ദേഹത്തിന്‍റെ യുവത്വം കൂടി കൂടിവരികയാണ്. വളരെ ചാമിംഗായിട്ടുള്ള പേഴ്സണാലിറ്റി. അദ്ദേഹത്തിന്‍റെ ഡയലോഗ്, ഡാന്‍സ്, എക്സ്പ്രഷന്‍സ് എല്ലാം വേറെ ലെവലാണ്. അതുപോലെ സൂര്യസാറിന്‍റെ പെര്‍ഫോമന്‍സും സൂപ്പര്‍ തന്നെയാണ്. അദ്ദേഹത്തെയും വളരെയധികം ഇഷ്ടമാണ്. അജിത് സാറിനെക്കുറിച്ച് പറയുകയേ വേണ്ട... ഇങ്ങനെ കുറെ ഹറോസിനെ ഇഷ്ടമാണ്.

മനസ്സില്‍ ആഗ്രഹിക്കുന്ന ഒരു കഥാപാത്രം?

ഫീമെയില്‍ ലീഡ് ചെയ്യുന്ന കഥയില്‍ അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട്. അതിന് ആത്മവിശ്വാസമുള്ള സംവിധായകനെ കിട്ടിയാല്‍ അത്രയും സന്തോഷം.. എന്‍റെ ആഗ്രഹവും പൂവണിയും.

 


LATEST VIDEOS

Interviews