NEWS

ഭാഗ്യം തന്നെ ഫാലിമി

News

തീയേറ്ററിൽ ചിരിയുടെ ആവേശം പരത്തി മുന്നേറുന്ന 'ഫാലിമി' എന്ന ചിത്രത്തിലെ അഭി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സന്ദീപ് പ്രദീപ് ജീവിതത്തിലെയും സിനിമയിലെയും വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

ഫാലിമിക്ക് കിട്ടുന്ന പ്രതികരണങ്ങൾ?

വളരെ മികച്ചതും സന്തോഷം തരുന്നതുമായ പ്രതികരണമാണ് ചിത്രത്തെ സംബന്ധിച്ച് ലഭിക്കുന്നത്. എല്ലാവർക്കും നല്ല അഭിപ്രായം. സർപ്രൈസ് ആയി തിയേറ്റർ വിസിറ്റ് ചെയ്യുമ്പോൾ ഞങ്ങൾക്കും അതൊരു വല്ലാത്ത അനുഭവമായിരുന്നു.

വീട്ടിലും ആ അനിയൻ കഥാപാത്രം പോലെയാണോ?

സിനിമയിലെ അഭിയുമായി ചില കാര്യങ്ങളിലൊക്കെ കണക്ഷനുണ്ട്. ഇത് എന്റെ മൂന്നാമത്തെ ചിത്രമാണ്. ഒരു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഓടിനടക്കുന്നത് ഇപ്പോഴാണ്. അതിന്റെ ഒരു സന്തോഷമുണ്ട്. എന്റെ വീട്ടുകാരും വലിയ സന്തോഷത്തിലാണ്. കാരണം ഇത് ആദ്യമാണ് ഇത്തരം അനുഭവമൊക്കെ.

സിനിമയിലെ അപ്പൂപ്പനും മോനും ഓഫ് സ്‌ക്രീനിലും കമ്പനിയാണോ?

അതെ, ലൊക്കേഷനിൽ ഞങ്ങൾ നല്ല കമ്പനിയായിരുന്നു. അപ്പൂപ്പൻ നമ്മളെപ്പോലെ തന്നെയായിരുന്നു പെരുമാറുന്നത്. ഞങ്ങൾ ഒരു റൂമിലായിരുന്നു ഒരുമിച്ച് താമസിച്ചിരുന്നത്. അത്രയധികം കമ്പനിയായിരുന്നു ഞങ്ങൾ രണ്ടുപേരും. എന്റെ പ്രായത്തിലുള്ള ഒരാളെപ്പോലെ ആയിരുന്നു സെറ്റിൽ അപ്പൂപ്പൻ പെരുമാറിയത്. ചിരിച്ചും കളിച്ചും കഥകൾ പറഞ്ഞും നല്ല രസമായിരുന്നു. രാവിലെ എഴുന്നേറ്റ് ചായ കുടിക്കാൻ ഒരുമിച്ച് പുറത്തുപോകും. ശരിക്കും കൂട്ടുകാരെ പ്പോലെയായിരുന്നു. കുറേയധികം വിശേഷങ്ങൾ പറയും. 50 വർഷം കൊണ്ട് നാടകരംഗത്ത് പ്രവർത്തിക്കുന്ന പ്രഗത്ഭനായ ഒരാളാണ് അപ്പൂപ്പൻ. അതിനാൽ കഥകൾ പറയാൻ ഒരുപാടുണ്ട്. ആ എക്‌സ്പീരിയെൻസ് വളരെ വലുതായിരുന്നു.

എങ്ങനെയായിരുന്നു ലൊക്കേഷനിലെ കാലാവസ്ഥ?

പറഞ്ഞുഫലിപ്പിക്കാൻ കഴിയാത്ത കാലാവസ്ഥയായിരുന്നു അവിടെ. രാജസ്ഥാനിൽ വെച്ചുള്ള ഷൂട്ടിംഗ് സമയം ഓർമ്മയുണ്ട്. പകൽ ഒരേസമയം ചൂടും തണുപ്പും ഒക്കെ നമുക്ക് അനുഭവപ്പെടും. രാത്രി വളരെ വലിയ തണുപ്പാണ്. ഹെൽത്ത് ഇഷ്യൂ വന്നിരുന്നു. ആരോഗ്യം വളരെ പിന്നോക്കം പോയിരുന്നു. സമയം കിട്ടുമ്പോഴൊക്കെ ക്ഷീണം കാരണം ഉറങ്ങാൻ കിടക്കും. തിണ്ണയിലും പ്ലാറ്റ്‌ഫോമിലും ഇവരുടെ മുന്നിൽ തന്നെയാണ് കിടക്കുന്നത്. കാരണം ഷൂട്ടിന് വിളിച്ചാൽ അപ്പോഴേ എഴുന്നേറ്റ് പോകാമല്ലോ(ചിരി).

ടെൻഷൻ ഉണ്ടായിരുന്നോ?

ടെൻഷനുണ്ടായിരുന്നു. കാരണം എന്റെ കൂടെ അഭിനയിച്ചവർ എല്ലാവരും 'ലെജൻഡറി' എന്ന് വിശേഷിപ്പിക്കാവുന്ന അഭിനേതാക്കൾ ആയിരുന്നല്ലോ. ഞാൻ കാരണം തെറ്റ് വരാൻ പാടില്ല എന്നുണ്ടായിരുന്നു. വീണ്ടും ടേക്ക് എടുക്കേണ്ട സാഹചര്യം ഞാൻ ആയി വരുത്തരുത്. ആ ചിന്ത കൊണ്ട് കൂടുതൽ പരിശ്രമം ഞാൻ എടുക്കണം.. മനസ്സിൽ അത് എപ്പോഴും ഉണ്ടായിരുന്നു. കൂടെ അഭിനയിച്ചിരുന്നവരും അതിനായി എന്നെ സഹായിച്ചു എനിക്ക് ടെൻഷൻ വരാതെയിരിക്കാൻ അവരും ശ്രദ്ധിച്ചു. നല്ല കംഫർട്ടാക്കിയാണ് എന്നെ അവർ കൂടെ നിർത്തിയത്. മഞ്ജുചേച്ചി മോനെപ്പോലെയാണ് എന്നെ നോക്കിയത്. സുഖമില്ലാതെ ഇരുന്നപ്പോഴൊക്കെ എനിക്ക് കഞ്ഞി കോരി തന്നതൊക്കെ മഞ്ജുചേച്ചിയാണ്. ജഗദീഷ് ചേട്ടനും നല്ല കെയറിംഗ് ആയിരുന്നു. ബേസിലേട്ടൻ ഒരു അനിയനെപ്പോലെയാണ് എന്നെ കണ്ടത്. ഒരുപാട് തമാശ പറയും. നല്ല കമ്പനി ആയിരുന്നു. ഞങ്ങൾ തമ്മിൽ ഒരു ഫാമിലി തന്നെയായിരുന്നു.

ഷൂട്ട് എവിടെയൊക്കെ വെച്ചായിരുന്നു?

ഒരുപാട് ഷെഡ്യൂൾ ഉണ്ടായിരുന്നു. രാജസ്ഥാൻ, വാരണാസി, കർണ്ണാടക, ട്രിവാൻഡ്രം, ജെയ്‌സാൽമെർ അങ്ങനെ പല സ്ഥലത്തും വെച്ചായിരുന്നു ഷൂട്ട്.

ട്രെയിനിൽ നിന്ന് വീഴുന്ന ആ സീൻ?

അത് എന്നെ ആകർഷിച്ച ഒരു സീൻ തന്നെയായിരുന്നു. അത് ഷൂട്ട് ചെയ്യുമ്പോൾ ഞാൻഅവിടെ തൊട്ടടുത്തുണ്ടായിരുന്നു. ഹൈ സ്പീഡ് ക്യാമറ വെച്ചാണ് ആ രംഗം പകർത്തുന്നത്. രാത്രി ആയതുകൊണ്ട് സ്ലോ മോഷൻ എടുക്കണമെങ്കിൽ ഒരുപാട് ലൈറ്റ്‌സ് വേണമല്ലോ. അല്ലെങ്കിൽ ക്വാളിറ്റിയെ അത് ബാധിക്കും. ടെക്‌നിക്കൽ ടീമിനെയാണ് പ്രത്യേകം പ്രശംസിക്കേണ്ടത്.

വാരണാസി എക്‌സ്പീരിയെൻസ്?

ഷൂട്ട് കഴിഞ്ഞ ശേഷമാണ് ഞാൻ രാത്രി വാരണാസി കാണാൻ കൂടുതലും പോയത്. മൃതദേഹം കത്തിക്കുന്ന സ്ഥലങ്ങളൊക്കെ അവിടെയുണ്ടായിരുന്നു. അവിടെ ചെല്ലുമ്പോൾ നമുക്ക് മനസ്സിലാവും മനുഷ്യൻ എന്നാൽ എത്ര നിസ്സാരനാണ് എന്നത്. ഒരു ആത്മീയരീതിയിൽ എന്നാൽ പോലും വളരെ നിസ്സാരമായിട്ടാണ് അവർ മൃതദേഹം കൈകാര്യം ചെയ്യുന്നത്. കാരണം സ്ഥിരമായി അവർ ഇത് കാണുന്നതല്ലേ, നമുക്ക് അങ്ങനെയല്ലല്ലോ. അതൊരു വല്ലാത്ത ഷോക്കിംഗ് ആകും. നമ്മൾ വല്ലാതെയായി പോകും. കത്തിക്കുന്ന രീതിയാണെങ്കിലും വല്ലാതെ ഭയപ്പെടുത്തും. വാരണാസി അത്ര സമാധാനം നിറഞ്ഞ ഒരിടമല്ല.

അഭിനയത്തിന്റെ തുടക്കം?    

പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ മുതലാണ് അഭിനയം തുടങ്ങുന്നത. അന്നാണ് ആദ്യത്തെ ഷോർട്ട് ഫിലിം ഞങ്ങൾ ചെയ്യുന്നത്. ഫ്രണ്ട്‌സ് ആയിട്ട് ചേർന്ന് ചെയ്ത ഷോർട്ട് ഫിലിമായിരുന്നു അത്. എന്റെ സ്‌ക്കൂളിൽ സിനിമ ആഗ്രഹിച്ചു നടന്ന രണ്ട് വ്യക്തികളുണ്ടായിരുന്നു. ഞാനും ആനന്ദ് മേനോൻ എന്ന ഒരു സുഹൃത്തും. ഞങ്ങളുടെ സ്വപ്നം സിനിമ മാത്രമായിരുന്നു. ഈ സിനിമയിലും ഒരു വേഷം അദ്ദേഹം ചെയ്യുന്നുണ്ട്. അന്ന് ഞങ്ങൾ ഫ്രണ്ട്‌സ് ചേർന്ന് ലൂമിയർ ബ്രോസ് എന്ന ടീം രൂപീകരിച്ചു. പിന്നീട് ഞങ്ങൾ ഷോർട്ട് ഫിലിം ചെയ്തു.

പതിനെട്ടാം പടിയിലേക്ക് എങ്ങനെ?

കാസ്റ്റിംഗ് കോൾ ആയിരുന്നു അത്. ഓഡീഷനിലൂടെ ഞാനും ആ സിനിമയുടെ ഭാഗമായി. മമ്മൂക്കയോടൊപ്പം ഒരു ഫോട്ടോയൊക്കെ എടുത്തിട്ടുണ്ട്. ആ സമയത്ത് വലിയ എക്‌സ്പീരിയെൻസ് ആയിരുന്നു എനിക്കത്. എന്റെ ആദ്യ സിനിമ അതായിരുന്നു. എന്റെ നാട് വൈക്കത്താണ്. പണ്ട് മമ്മൂക്ക അവിടെ ഷൂട്ടിന്  വരുമ്പോൾ മതിലിന് ഇപ്പുറം നിന്ന് ഞാൻ കാണുമായിരുന്നു അവിടത്തെ ഷൂട്ടിംഗ് കാഴ്ചകൾ. ഇതേ സാഹചര്യം പതിനെട്ടാം പടി ലൊക്കേഷനിലും കണ്ടിരുന്നു. പല ആളുകൾ മതിലിന് അപ്പുറം നിന്ന് ഷൂട്ടിംഗ് കാണുമ്പോൾ ഞാൻ മമ്മൂക്കയ്ക്ക് ഒപ്പമായിരുന്നു. എനിക്ക് അതൊരു അഭിമാനനിമിഷം തന്നെയായിരുന്നു.


LATEST VIDEOS

Top News