NEWS

'ഗവര്‍ണേഴ്സ് അവാര്‍ഡ് ഓഫ് എക്സലെന്‍സ്' 'വന്ദേമാതരം പുരസ്ക്കാരം' സംഗീതമധുവിന്

News

പശ്ചിമബംഗാള്‍ സര്‍ക്കാരിന്‍റെ 'ഗവര്‍ണേഴ്സ് അവാര്‍ഡ് ഓഫ് എക്സലെന്‍സ്' 'വന്ദേമാതരം പുരസ്ക്കാരം' പത്രാധിപയും ഗ്രന്ഥകര്‍ത്രിയുമായ സംഗീതമധുവിന് ലഭിച്ചിരിക്കുന്നു. ബങ്കിംചന്ദ്ര ചാറ്റര്‍ജി രചിച്ച ദേശഭക്തിഗീതമായ വന്ദേമാതരത്തിന്‍റെ നൂറ്റിയമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഇത്തവണത്തെ എക്സലന്‍സ് അവാര്‍ഡ് പ്രഖ്യാപനം. 

വേറിട്ട സഞ്ചാരവും ചിന്തകൊണ്ടും ദശകങ്ങളായി മലയാള മനസ്സില്‍ ഇടംനേടിയ നാന, മഹിളാരത്നം, ജ്യോതിഷരത്നം, ഹാസ്യകൈരളി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ അമരക്കാരിയെന്ന നിലയിലും മറ്റൊരു തുടക്കം, തിരുമുല്‍ക്കാഴ്ച, ഉള്‍ത്തുടിപ്പുകള്‍, നാനാത്വത്തില്‍ ഏകത്വം, ജന്നത്ത്- ഇ- കാശ്മീര്‍ തുടങ്ങി ഒരുപിടി പുസ്തകങ്ങളുടെ രചയിതാവ് എന്ന നിലയിലും സംഗീതമധു കാഴ്ചവച്ച സാംസ്ക്കാരിക വൈശിഷ്ട്യത്തെ മുന്‍നിര്‍ത്തിയുമാണ് എക്സലെന്‍സ് പുരസ്ക്കാരം. 

അച്ചടിമാധ്യമങ്ങള്‍ കാലിടറിയ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും വായന ഇത്തിരിച്ചതുരത്തിലെ മുഷിപ്പിക്കുന്ന അനുഭവമായി മാറിയപ്പോഴും അവയെ അതിജീവിക്കാനും നിലനിര്‍ത്താനും കഴിഞ്ഞതിന്‍റെ അംഗീകാരം കൂടിയാണ് ഈ പുരസ്ക്കാരം. ഇത് മറ്റൊരുവിധത്തില്‍ അവാര്‍ഡ് ജേത്രിയുടെ വഴികാട്ടിയും സഹയാത്രികനുമായ മധു ആര്‍. ബാലകൃഷ്ണനും കൂടി ലഭിച്ച അംഗീകാരമാണ്.

സ്വത്വവ്യക്തിത്വങ്ങള്‍ കൊണ്ടും ഉള്ളടക്കങ്ങള്‍ കൊണ്ടും വ്യത്യസ്തമായി നിലകൊള്ളുന്ന പ്രസിദ്ധീകരണങ്ങളാണ് മഹിളാരത്നം, നാന, ജ്യോതിഷരത്നം, ഹാസ്യകൈരളി എന്നിവ. സ്ത്രീശാക്തീകരണത്തിന്‍റെ കാലമാണിതെന്ന് അവകാശപ്പെടുമ്പോഴും അവരുടെ സഹജീവിബോധവും അറിവും അവകാശവും പല മേഖലയിലും ചോദ്യം ചെയ്യപ്പെടാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീപക്ഷ ചേതനയെ ഉണര്‍ത്തുകയും പ്രതിരോധത്തിന്‍റെ ദിശാമുഖം സൃഷ്ടിക്കുകയും സുരക്ഷിതത്വവും തണലും ഒരുക്കാന്‍ 'മഹിളാരത്ന'ത്തിലെ സംഗീത മധുവിന്‍റെ മുഖക്കുറിപ്പുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 

അതുപോലെ 'നാന' നവീനമായ ചിന്താപദ്ധതികളോടെ മലയാള ചലച്ചിത്രരംഗത്തെ ചലനങ്ങളെ കാലത്തിന്‍റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വായനക്കാരന്‍റെ മനസ്സില്‍ സന്നിവേശിപ്പിക്കുന്ന സിനിമാപ്രസിദ്ധീകരണമാണ്. 

ഹാസ്യകൈരളി രാഷ്ട്രീയ-സാമൂഹിക അപചയങ്ങളെ ആക്ഷേപ ഹാസ്യവരകള്‍ കൊണ്ടും നര്‍മ്മങ്ങള്‍ കൊണ്ടും ശരിയുടെ മാര്‍ഗ്ഗം തെളിക്കുന്ന മാസികയാണ്. 

ജ്യോതിഷരത്നമാകട്ടെ ആത്മീയരംഗത്ത് വിശ്വാസത്തിന്‍റെയും ഭക്തിയുടെയും ദിവ്യസുഗന്ധം പ്രസരിപ്പിക്കുന്ന പ്രസിദ്ധീകരണമാണ്. അതില്‍ സംഗീതമധു രചിക്കുന്ന ആമുഖകഥകളെല്ലാം ഐതിഹ്യങ്ങളും വായ്മൊഴിവഴക്കങ്ങളെയും പുരാണങ്ങളെയും ഇതിഹാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.

സംഗീതമധു രചിച്ച പുസ്തകങ്ങളെല്ലാം ഒരേസമയം കണ്ണാടിത്തുണ്ടുകളിലെ ജീവിതത്തിന്‍റെ പ്രതിഫലനങ്ങളും നിര്‍വ്വചനങ്ങളുമാകുന്നതൊപ്പം അന്ധകാരത്തില്‍ അഭിരമിക്കുന്ന, സഞ്ചരിക്കുന്ന പലര്‍ക്കും ജീവിതവിജയത്തിന്‍റെ യഥാര്‍ത്ഥമാര്‍ഗ്ഗം കാട്ടുന്നവയും സ്വന്തം കഴിവുകളെ തടാകമാക്കാതെ പുഴയായൊഴുകാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നവയാണ്. 

അവ ചില സന്ദര്‍ഭങ്ങളില്‍ ഋഷിവാടങ്ങളിലും ഹിമശൈലമ മടക്കുകളിലും സകല പ്രതിസന്ധികളെയും തരണം ചെയ്ത് അഭിമാനപുരസ്സരം നിര്‍വൃതിയോടെ, തൊഴുകൈകളോടെ നിന്ന നല്ല നാളുകളെക്കുറിച്ചുള്ള സഞ്ചാരസ്മരണയുണര്‍ത്തുകയും ഭയവും സൗന്ദര്യവും ബോധതലത്തില്‍ സൃഷ്ടിച്ച കാശ്മീര്‍ യാഥാര്‍ത്ഥ്യത്തെ അടുത്തറിയാന്‍ സഹായമാക്കുകയും ചെയ്യുന്നവയാണ്. 

ഇപ്പോള്‍ 'മഹിളാരത്ന'ത്തില്‍ പ്രസിദ്ധീകരിച്ചുവരുന്ന 'മലനിരകളിലെ മഞ്ഞുകണം' ഡാര്‍ജിലിംഗ്- സിക്കിം യാത്രാവിവരണമാണ്. ഈ അക്ഷരസ്നേഹത്തിന്, സാംസ്കാരിക ഔന്നത്യത്തിന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ആദരവാണ് ഗവര്‍ണേഴ്സ് അവാര്‍ഡ് ഓഫ് എക്സലെന്‍സ് പുരസ്ക്കാരം.


LATEST VIDEOS

Exclusive