ഓണവിശേഷങ്ങളും അഭിനയവിശേഷങ്ങളുമായി സംഗീത പത്മകുമാർ
അഭിനയവഴിയിൽ തുടക്കക്കാരിയാണ് സംഗീത പത്മകുമാർ. തനിക്ക് സന്തോഷം നൽകുന്നത് കലയാണെന്ന് തിരിച്ചറിഞ്ഞ് ഇവിടെ നിൽക്കുമ്പോഴും പല പ്രതിസന്ധി ഘട്ടങ്ങൾ സംഗീത നേരിട്ടു. തീയിൽ കുരുത്ത താൻ വെയിലത്ത് വാടില്ലെന്ന് സംഗീത പറയുമ്പോൾ മുഖത്ത് ആത്മവിശ്വാസത്തിന്റെ ഒരു നിറചിരിയുണ്ടായിരുന്നു. നമ്മൾ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ സംഗീത തന്റെ ഓണവിശേഷങ്ങളും ഒപ്പം അഭിനയവഴികളെക്കുറിച്ചും സംസാരിക്കുന്നു.
ഓണം ഓർമ്മകൾ
പണ്ടൊക്കെ ഓണസമയത്താണ് ഒരുപാട് ഡ്രസ്സ് ഒരുമിച്ച് കിട്ടുക. ഓണം ആവുമ്പോൾ ഏറ്റവും സന്തോഷം അതോർക്കുമ്പോഴാണ്. എല്ലാ കാലത്തും ഡ്രസ്സ് എന്നുപറയുന്നത് സന്തോഷമുള്ള കാര്യമാണ്. ഇപ്പോഴാണെങ്കിലും കുറച്ച് കാശ് കയ്യിൽ വന്നാൽ ആദ്യം ഡ്രസ്സ് എടുക്കാൻ ഓടുകയാണ് ചെയ്യാറുള്ളത്. അമ്മയും അച്ഛനും ഇന്റർകാസ്റ്റ് മാര്യേജ് ആയതുകൊണ്ട് ഏത് ഫെസ്റ്റിവലായാലും അമ്മവീട്ടിലൊന്നും വിരുന്നുപോകാൻ കഴിയില്ല എന്നൊരു വേദന എപ്പോഴും ഉണ്ടായിരുന്നു. അച്ഛന്റെ തറവാട്ടിലാണ് എപ്പോഴും എല്ലാ ഓർമ്മകളും തങ്ങിനിൽക്കുന്നത്. എങ്കിലും ഞങ്ങളുടെ കുഞ്ഞു സ്‌പേസിൽ സന്തോഷം കണ്ടെത്തും. സദ്യയെല്ലാം കഴിഞ്ഞ് അന്ന് അച്ഛന്റെ അനിയന്റെ കാറിൽ തിരുവനന്തപുരത്തെ ലൈറ്റ് കാണാൻ പോകും. അതൊരു സന്തോഷമുള്ള കാര്യമായിരുന്നു. അന്നത്തെ ആ യാത്രയാണ് മനസ്സിന് ഇന്നും സന്തോഷം നൽകുന്ന ഒരു ഓർമ്മ.
സിനിമയാണ് സ്വപ്നം
ചെറുപ്പം മുതൽ സിനിമ മാത്രമാണ് സ്വപ്നം. വർഷങ്ങളായി നല്ലൊരു അവസരത്തിനായി കാത്തിരിക്കുന്നു. പലപ്പോഴും വന്ന അവസരങ്ങൾ ജെന്യുവിനായിരുന്നില്ല. കരിയറിന്റെ തുടക്കസമയത്ത് തന്നെ മഞ്ജു ചേച്ചിയ്‌ക്കൊപ്പം പരസ്യചിത്രത്തിൽ അഭിനയിച്ചു. എന്നെ സംബന്ധിച്ച് അത് വലിയൊരു കാര്യമാണ്. 2018 ലാണ് അഭിനയരംഗത്ത് എത്തുന്നത്. 2022 ലാണ് ആദ്യമായി മിനിസ്‌ക്രീനിൽ എത്തുന്നത്. പ്രേക്ഷക സ്വീകാര്യത ലഭിച്ച ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്കിൽ ഗസ്റ്റ് റോളിൽ അഭിനയിച്ചുകൊണ്ട് മിനിസ്‌ക്രീനിലും എത്തി. ഡോ. നാൻസി എന്ന വേഷം സീരിയൽ രംഗത്തേയ്ക്കുള്ള തുടക്കമായി. പിന്നീട് 2023 ൽ ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്യുന്ന നമ്മൾ എന്ന സീരിയലിൽ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയുടെ ഭാര്യാവേഷമായി അഭിനയിച്ചുവരുന്നു. കണ്ടിന്യുറ്റിയുള്ള വേഷം. പ്രേക്ഷകർക്കും ഇഷ്ടമുള്ള കഥാപാത്രമാണത്. അത്യാവശ്യം പെർഫോം ചെയ്യാനുള്ള കഥാപാത്രമാണ്. എനിക്ക് സന്തോഷം നൽകുന്ന കഥാപാത്രമാണെങ്കിലും സിനിമ തന്നെയാണ് സ്വപ്നം. ബിഗ് സ്‌ക്രീനിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ എക്‌സ്‌പ്ലോർ ചെയ്യണമെന്നുതന്നെയാണ് ആഗ്രഹം. പുതിയ പ്രോജക്ടുകളുടെ ചർച്ചകളും നടക്കുന്നുണ്ട്.
പോരാടി നേടിയ ജീവിതം
ഇടത്തരം ഫാമിലിയിൽ ജനിച്ചുവളർന്ന എന്നെപ്പോലെയൊരു പെൺകുട്ടിക്ക് ഇപ്പോൾ എത്തിനിൽക്കുന്ന ദൂരം ഒട്ടും ഈസിയായിരുന്നില്ല. ചെറുപ്പം മുതൽ കലാപരമായ ഓരോ നേട്ടങ്ങളെയും ആസ്വദിച്ചിരുന്നു. ചെറുപ്പം മുതൽ സംഗീതം കൂടെയുണ്ട്. പഠിച്ചതും സംഗീതമാണ്. നൃത്തം പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും അതിന് വരുന്ന ചെലവ് കൂടുതലായതുകൊണ്ട് പലപ്പോഴും മടങ്ങിപ്പോയിട്ടുണ്ട്. തുടർച്ചയായ നൃത്തപഠനം ഇപ്പോഴും ആഗ്രഹിക്കുന്ന ഒന്നാണ്. കോളേജ് പഠനകാലത്ത് പേജന്റ് മത്സരങ്ങളിൽ പങ്കെടുത്തത് വഴിത്തിരിവായി. ഒരുപാട് പേരിലേക്ക് എന്റെ മുഖം എത്തിപ്പെടാൻ അതിലൂടെ സാധിച്ചു. ടെലിവിഷൻ ചാനലുകൾക്കുവേണ്ടി ജോലി ചെയ്യാൻ കഴിഞ്ഞു. പിന്നീട് ജോലിക്ക് വേണ്ടി പുറത്തുപോയെങ്കിലും തന്റെ സന്തോഷം ഇവിടെ കലാരംഗത്തെന്ന് തിരിച്ചറിഞ്ഞറിഞ്ഞാണ് തിരിച്ചുവരുന്നത്. പിന്നീട് യോഗ, മ്യൂസിക് അങ്ങനെ പല രീതിയും ജീവിതമാർഗ്ഗമായി. കോവിഡ് കാലത്തെ പ്രതിസന്ധിയിൽ പൊതിച്ചോറുണ്ടാക്കി വിറ്റിട്ടുണ്ട്. ഏത് പ്രതിസന്ധിയിലും അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. എന്റെ കഴിവിൽ എനിക്ക് പൂർണ്ണബോധ്യമുള്ളതുകൊണ്ടുതന്നെ എന്റെ സമയം എന്നിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടുള്ള യാത്ര. അഭിനയരംഗത്തോടൊപ്പം ഒരു ബിസിനസ് വുമണാവണമെന്നതും മറ്റൊരു ലക്ഷ്യമാണ്. സ്വന്തം ബ്രാൻഡിംഗിൽ ഡാൻസ്, യോഗ, മ്യൂസിക് തുടങ്ങി ഒരു സ്‌ക്കൂളും ഒരു ബോട്ടിക്കും ഒപ്പം ഓൺലൈനായും സ്വന്തം ബ്രാൻഡിലെ ഡ്രസ്സുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുകയും വേണം. അതിനൊക്കെയുള്ള തുടക്കം എന്ന പോലെ ഇപ്പോൾ ഒലിവേഴ്‌സ് സിഗ്നേച്ചർ ലോഞ്ച് ഗ്രൂപ്പിന്റെ തിരുവനന്തപുരത്ത് പുതിയതായി തുടങ്ങയ ബ്യൂട്ടി സലൂണിൽ മാനേജർ പോസ്റ്റിൽ ജോലി ചെയ്തുവരികയാണ്. നമ്മൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു റോൾ കാത്തിരിക്കുമ്പോൾത്തന്നെ ഇൻഡിപെൻഡൻഡായി ജീവിക്കുന്ന ഒരു പെൺകുട്ടി എന്ന നിലയിൽ ഇതൊരു വരുമാനമാർഗ്ഗം കൂടിയാണ്. ഒപ്പം ഇതെനിക്ക് എക്‌സ്പീരിയെൻസാവുമെന്നതുകൊണ്ടാണ് ഇത്തരത്തിലൊരു ചുവടുകൂടി ജീവിതത്തിൽ വച്ചത്.
ഓണം ഫാമിലിക്കും
ഫ്രണ്ട്‌സിനുമൊപ്പം
എല്ലാ ഓണക്കാലവും കുടുംബത്തിനൊപ്പം ആഘോഷിക്കാനാണ് ഇഷ്ടം. അതുപോലെ എന്തിനും ഒപ്പം നിൽക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുണ്ട്. അവർക്കൊപ്പമായിരിക്കും ഇത്തവണത്തെ ഓണക്കാലം. പണ്ട് ഓണസമയത്ത് ടി.വി. ചാനലുകളിൽ ഓരോ സെലിബ്രിറ്റി ഓണപ്പരിപാടികൾ കണ്ടിരിക്കുമ്പോൾ കൗതുകമായിരുന്നു. എനിക്കും അങ്ങനെ വേണമെന്ന് അതിയായി ആഗ്രഹിച്ചിട്ടുണ്ട്. നിലവിൽ ഇപ്പോഴും സ്ട്രഗിളിംഗിലൂടെയാണ് പ്രതീക്ഷയോടെയാണ് മുന്നോട്ടുപോകുന്നത്.
ബിന്ദു പി.പി