ഞാൻ ബാംഗ്ലൂരിലാണ് ജനിച്ചതും വളർന്നതും ജീവിച്ചതുമെല്ലാം. ഞാൻ ഏതാനും മലയാളം സിനിമകളിൽ അഭിനയിക്കും മുൻപുതന്നെ എനിക്ക് മലയാളികളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മലയാളി ഫ്രണ്ട്‌സിന്റെ വീടുകളിലും ഫ്‌ളാറ്റിലുമൊക്കെ ഞാൻ പോകാറുമുണ്ടായിരുന്നു. അങ്ങനെയെനിക്ക് കേരളക്കരയുടെ ഓണ ഫെസ്റ്റിവലിനെക്കുറിച്ചറിയാമായിരുന്നു. കേരളത്തിന്റെ വലിയ ആർഭാടമയ ഒരു ഉത്സവാഘോഷം തന്നെയാണ് ഓണം എന്നത് ഞാൻ മനസ്സിലാക്കിവച്ചിരുന്നു.
ഓണം സെലിബ്രേറ്റ് ചെയ്യുന്ന എല്ലാ മലയാളികളേയും ഞാൻ ആശംസിക്കുന്നു.. അഭിനന്ദിക്കുന്നു..
മലയാളികൾ 'ഓണസദ്യ' എന്ന് വിശേഷിപ്പിക്കുന്ന ട്രെഡീഷണൽ ഫുഡ് ഞാൻ വളരെ ആസ്വദിച്ചുകഴിച്ചിട്ടുണ്ട്. അതിന്റെ രുചിയും വിഭവങ്ങളും എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്.
പെൺകുട്ടികൾ തനിമയാർന്ന കസവുസാരികളുടുത്ത് തിരുവോണം ആഘോഷിക്കുന്നത് കണ്ടിട്ടുണ്ട്. ഏതൊരു ഭംഗിയാണത്. ഏയ്ഞ്ചൽ സാരിയെന്നാണ് കസവുസാരിയെ ഞാൻ വിശേഷിപ്പിക്കുന്നത്.
ഇത്തവണ 'നാന' യിലൂടെ ഞാനും ആ ഏയ്ഞ്ചൽ സാരിയുടുത്ത് ഓണാഘോഷത്തിൽ പങ്കുകൊള്ളുകയാണ്. അതിനെനിക്ക് അവസരം തന്ന 'നാന'യ്ക്ക് എന്റെ നന്ദി അറിയിക്കട്ടെ.
ഓണത്തിന്റെ സ്‌പെഷ്യൽ രംഗോലിയാണ് പൂക്കളുടെ അലങ്കാരം. പൂക്കൾ കൊണ്ടുള്ള ഒരുക്കവും അതിന്റെ ഭംഗിയും സുഗന്ധവുമെല്ലാം ബാംഗ്ലൂരിലെ ഒരു പെൺകുട്ടി എന്ന നിലയിൽ ഞാൻ ആസ്വദിച്ചിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്.
നിങ്ങൾ വള്ളംകളി എന്നുപറയുന്ന ബോട്ട് റേസ് ഞാൻ ടെലിവിഷനിൽ കണ്ടിട്ടുണ്ട്. എന്തൊരു ആവേശമാണ് ആ വള്ളംകളിക്ക്. മലയാളികൾക്ക് സമ്മാനിക്കുന്നത്. ഇനി ഒരിക്കലെങ്കിലും അതൊന്ന് നേരിട്ടുകാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്.
ഞാൻ അഭിനയിച്ചു പൂർത്തിയാക്കിയ ഒരു മലയാളം സിനിമയുടെ ലാസ്റ്റ് ഷെഡ്യൂൾ ഓണക്കാലത്ത് കൊച്ചിയിൽ നടക്കാനിരുന്നതാണ്. എന്തോ കാരണത്താൽ ആ ഡേറ്റ്‌സ് പോസ്‌പോൺഡ് ചെയ്തതായി അവർ അറിയിച്ചപ്പോൾ വിഷമം തോന്നി. ഓണസദ്യ കഴിക്കണമെന്ന് ആശിച്ചു. ബാംഗ്ലൂരിലാണുള്ളതെങ്കിലും മലയാളി ഫ്രണ്ട്‌സിന്റെ ഏതെങ്കിലും ഒരാളുടെ വീട്ടിൽ നിന്നും ഞാൻ 'ഓണസദ്യ' കഴിക്കും. അത് തീർച്ചയാണ്.
- ചിരിയോടെ സഞ്ജന ഗൽറാണി പറഞ്ഞു.
ജി.കെ