തമിഴിൽ ഓരോ ആഴ്ചയും നാലഞ്ചു ചിത്രങ്ങളാണ് റിലീസാകുന്നത്. ഇങ്ങിനെ റിലീസാകുന്ന ചിത്രങ്ങളിൽ അപൂർവം ചില സിനിമകൾ മാത്രമാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടി വിജയിക്കുന്നത്. അങ്ങിനെ ഈയാഴ്ച, അതായത് ഇന്നലെ (ജൂൺ-9ന്) റിലീസായ ചിത്രങ്ങളാണ് ശരത്കുമാർ, അശോക് സെൽവൻ, നിഖില വിമൽ അണിനിരന്ന 'പോർ തൊഴിൽ', സിദ്ധാർത്ഥ് നായകനായ 'ട്ടക്കർ', ആദി നായകനായ 'വീരൻ', സമുദ്രക്കനി നായകനായ 'വിമാനം' തുടങ്ങിയ ചിത്രങ്ങൾ! ഈ ചിത്രങ്ങളിൽ ശരത്കുമാർ, അശോക് സെൽവൻ, നിഖില വിമൽ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ച 'പോർ തൊഴിൽ' പ്രേക്ഷകരുടെയും, നിരൂപകരുടെയും പ്രശംസകൾ നേടി വൻ വിജയമായി പ്രദർശനങ്ങൾ തുടരുകയാണ്. ഇന്നലെ റിലീസായ മറ്റുള്ള ചിത്രങ്ങളുടെ കളക്ഷൻ റിപ്പോർട്ടുകൾ വളരെ ദയനീയമാണ്.
ആരുടെ കൂടെയും അസിസ്റ്റന്റായി ജോലി ചെയ്യാതെ, ചില ഹ്രസ്വചിത്രങ്ങൾ മാത്രം സംവിധാനം ചെയ്ത പരിചയത്തോടു കൂടി നവാഗതനായ വിഘ്നേഷ് രാജ സംവിധാനം ചെയ്തിട്ടുള്ള ചിത്രമാണ് 'പോർ തൊഴിൽ'. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമായി പുറത്തുവന്നിട്ടുള്ള ഈ ചിത്രത്തിന് മലയാളിയായ ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. പാട്ട്, ഡാൻസ്, കോമഡി, ലവ് തുടങ്ങിയ കൊമേർഷ്യൽ വിഷയങ്ങൾ ഒന്നും ഇല്ലാതെ പ്രേക്ഷകരെ ആദ്യം മുതൽ അവസാനം വരെ പിടിച്ചിരുത്തുന്ന ഈ ത്രില്ലെർ ചിത്രത്തിന്റെ വിജയത്തിൽ സംഗീത സംവിധായകനായ ജേക്സ് ബിജോയ്‌ക്കും വലിയ പങ്കുണ്ടെന്നു പറയാം.'പ്രേക്ഷകരുടെ ബുദ്ധിയെ അവഹേളിക്കാതെയാണ് ഞാൻ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്' എന്ന് പറഞ്ഞിരിക്കുന്ന സംവിധായകൻ വിഘ്‌നേശ് രാജാ ചിത്രത്തിൽ ആ നിലവാരം പുലർത്തുകയും ചെയ്തിട്ടുണ്ട്. ചെറുകിട ബഡ്ജറ്റിൽ ഒരുങ്ങി ഈയിടെ പുറത്തുവന്നു വൻ വിജയമായ 'ലവ് ടുഡേ', 'അയോതി, 'ഗുഡ് നൈറ്റ്' തുടങ്ങിയ ചിത്രങ്ങളുടെ ലിസ്റ്റിൽ 'പോർ തൊഴിൽ' ചിത്രവും ഇടം പിടിക്കും എന്നുള്ളത് നിശ്ചയമാണ്.