മലയാളികള്‍ എക്കാലവും ഇഷ്ടപ്പെടുന്ന ഒരു കോമ്പിനേഷനാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാടും നടന്‍ മോഹന്‍ലാലും...
ഗാന്ധിനഗര്‍ സെക്കന്‍റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, എന്നും എപ്പോഴും... ഇങ്ങനെ എത്രയെത്ര സിനിമകളാണ് ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിരിക്കുന്നത്.
അക്ഷരാര്‍ത്ഥത്തില്‍ എന്നും എപ്പോഴും തന്നെ ഇവരുടെ സിനിമകളിലെ നര്‍മ്മപ്രസക്തമായ മുഹൂര്‍ത്തങ്ങളെ ഓമനിച്ചും ഓര്‍മ്മിച്ചും പ്രേക്ഷകര്‍ രസം കണ്ടെത്താറുണ്ട്. ചിരി നല്‍കുന്ന സംഭാഷണങ്ങള്‍ നിത്യജീവിതത്തിന്‍റെ തന്നെ മിക്കപ്പോഴും ഒരു ഭാഗമായി കടന്നുവരാറുണ്ട്. കുടുബാംഗങ്ങള്‍ ആയാലും സുഹൃത്തുക്കളായാലും അത് കേള്‍ക്കുന്നവരും ചിരിക്കുന്നു.
ഇവര്‍ ഒത്തുചേരുന്ന ഏറ്റവും പുതിയ സിനിമ 'ഹൃദയപൂര്‍വ്വ'മാണ്.
വണ്ടിപ്പെരിയാര്‍ ടൗണ്‍ കഴിഞ്ഞ് വാളാഡി ജംഗ്ഷനില്‍ നിന്നും ഇടത്തോട്ടുള്ള വഴിയില്‍ ആനക്കുഴി എന്ന സ്ഥലത്തുള്ള ഒരു പഴയ ബംഗ്ലാവിലാണ് ചിത്രീകരണം നടക്കുന്നത്. ഇരുവശവും തേയിലക്കാടുകളുള്ള എസ്റ്റേറ്റിലേക്കുള്ള ഇടുങ്ങിയ വഴി. വളഞ്ഞും പുളഞ്ഞും കയറ്റവും ഇറക്കവുമായി ആ വഴി ചെന്നെത്തുന്നത് ആനക്കുഴി എന്ന സ്ഥലത്തേയ്ക്കാണ്. ഇത്തിരി ദുര്‍ഘടമായ ആ പാതയിലൂടെയുള്ള സഞ്ചാരത്തിനിടയിലും സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെക്കുറിച്ച് ആലോചിച്ചിരുന്നു.
മോഹന്‍ലാല്‍ അഭിനയിച്ച് ഫലിപ്പിച്ചിട്ടുള്ള രസകരമായ രംഗങ്ങള്‍ ഒരു മിന്നല്‍ പോലെ കടന്നുപോയി. ഷൂട്ടിംഗിന്‍റെ ഇടവേളയില്‍ ആ സിനിമകളെ പരാമര്‍ശിച്ചുകൊണ്ടുതന്നെ സത്യന്‍ അന്തിക്കാടുമായി സംസാരിക്കണമെന്ന് തോന്നിയിരുന്നു.
നാല് ദശാബ്ദങ്ങള്‍ക്കും മുന്‍പ്. കൃത്യമായി പറഞ്ഞാല്‍ 43 വര്‍ഷങ്ങള്‍ക്ക് മുന്‍പ്. സത്യന്‍ അന്തിക്കാട് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നത് 1982 ലാണ്. ആദ്യമായി ചെയ്ത 'കുറുക്കന്‍റെ കല്യാണം' എന്ന സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. '43 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഞാന്‍ പുതിയ സിനിമ ചെയ്യുമ്പോഴും മോഹന്‍ലാല്‍ എന്‍റെ സിനിമയില്‍ നായകനാകുന്നു എന്നുള്ളത് സന്തോഷകരമായ ഒരു കാര്യമാണെന്ന്' സത്യന്‍ അന്തിക്കാട് പറഞ്ഞു. എന്നിട്ട് അദ്ദേഹം തുടര്‍ന്നു.
'മോഹന്‍ലാല്‍ എന്‍റെ സിനിമകളില്‍ അഭിനയിക്കുമ്പോഴുള്ള സന്തോഷം എന്നെ വിട്ടുമാറിയിട്ടില്ല. അതിനെന്നും ഒരു പുതുമ തന്നെയുണ്ട്. മോഹന്‍ലാലിന്‍റെ നിഷ്ക്കളങ്കമായ ഹ്യൂമറാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ഇന്നസെന്‍റ് ഹ്യൂമര്‍. അത് വേറെ ആരു ചെയ്യുന്നതിലും വളരെ നന്നായി ചെയ്യുന്നത് മോഹന്‍ലാല്‍ തന്നെയാണ്. അത്തരമൊരു ക്യാരക്ടര്‍ വന്നപ്പോഴാണ് എന്‍റെ ഈ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചാല്‍ നന്നായിരിക്കുമെന്ന് ഞാന്‍ ചിന്തിച്ചത്.
സിനിമ മാറിക്കൊണ്ടിരിക്കുകയാണല്ലോ. പുതിയ സിനിമകള്‍ക്കൊപ്പം സഞ്ചരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ സിനിമയുടെ കഥയുടെ ആശയവും നായകകഥാപാത്രത്തെക്കുറിച്ചും പറയുന്നത് എന്‍റെ മകന്‍ അഖില്‍ സത്യന്‍ തന്നെയാണ്. ആ കഥ ഇഷ്ടമായപ്പോള്‍ തിരക്കഥയുടെ കാര്യം ആലോചിച്ചു. ഞാന്‍ ആ സമയത്ത് പത്തുമിനിറ്റ് ദൈര്‍ഘ്യമുള്ള 'നെഗറ്റീവ് റോള്‍' എന്നൊരു ഷോര്‍ട്ട് ഫിലിം കണ്ടിരുന്നു. സോനു ടി.പിയാണ് അത് ചെയ്തത്. ഷോര്‍ട്ട് ഫിലിം ഇഷ്ടമായപ്പോള്‍ സോനുവിനെ ഫോണില്‍ വിളിച്ച് ഞാന്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. സോനുവിനോട് ഈ കഥ പറഞ്ഞപ്പോള്‍ സോനുവിനും ഇഷ്ടമായി. അങ്ങനെ അഷിലും സോനുവും അനൂപും കൂടിയിരുന്ന് ഡിസ്ക്കസ് ചെയ്ത് സ്ക്രീന്‍പ്ലേ എഴുതി. യംഗ്സ്റ്റേഴ്സിന്‍റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നമുക്ക് പുതിയ ഒരനുഭവമാണ്. പുതിയ ഒരു ഫീല്‍ കിട്ടും. അല്ലെങ്കിലും ഞാന്‍ പുതിയ ട്രെന്‍റുകളുടെ പുറകെ പോകാറില്ല. എന്‍റെ ഓരോ സിനിമയ്ക്കും ഓരോ ജോണറാണുള്ളത്. ഗാന്ധിനഗര്‍ സെക്കന്‍റ് സ്ട്രീറ്റും സന്മനസ്സുള്ളവര്‍ക്ക് സമാധാനവും ഇടത്തരക്കാരുടെ ജീവിതമാണ് പറഞ്ഞതെങ്കില്‍ ഈ സിനിമ പക്ഷേ, അത്തരമൊരു കഥയല്ല പറയുന്നത്.
മോഹന്‍ലാല്‍ ഈ സിനിമയില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച്...?
സന്ദീപ് ബാലകൃഷ്ണന്‍ എന്നാണ് ലാലിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ക്ലൗഡ് കിച്ചന്‍ നടത്തുന്ന ഒരാളാണ്. മോഡേണ്‍ സമൂഹത്തിന് ക്ലൗഡ് കിച്ചന് വളരെ പ്രസക്തിയാണല്ലോ ഉള്ളത്. ഇതൊരു ആധുനിക സിനിമയാണ്. കാലിക പ്രസക്തിയുള്ള, നര്‍മ്മം ഇടകലര്‍ന്ന ഒരു സിനിമ. കാലഘട്ടത്തിന്‍റെ മാറ്റങ്ങളനുസരിച്ചുള്ള മാറ്റം സിനിമയിലും എന്തായാലും ഉണ്ടാകുമല്ലോ. പുതിയ ആളുകളുടെ സിനിമകളും ഞാനെപ്പോഴും വാച്ച് ചെയ്യുന്ന ഒരാളാണ്. എന്നാല്‍, എന്‍റെ നിലപാടുകളില്‍ നിന്നും മാറാതെ തന്നെയാണ് ഈ പ്രമേയം അവതരിപ്പിക്കുന്നതും. എനിക്കെന്‍റെ കാഴ്ചപ്പാടുകളില്‍ നിന്നും മാറാനും കഴിയുന്നില്ല. ഹ്യൂമറിന് പ്രാധാന്യം കൊടുത്തുകൊണ്ട് എന്‍റെ സിനിമയുടെ കള്‍ച്ചറില്‍ നിന്നും മാറാതെ പറയുന്ന സിനിമയാണിത്. കുടുംബപശ്ചാത്തലവും ഉണ്ട്. ഒരു വീടിന്‍റെ ഉള്ളില്‍ നിന്നുകൊണ്ട് മാത്രമല്ല, കുറച്ചുകൂടി വൈഡായ ഒരു ക്യാന്‍വാസില്‍ നിന്നുകൊണ്ടാണ് ഈ സിനിമയുടെ കഥ പറയുന്നത്. കേരളത്തിലും പൂനെയിലും ചിത്രീകരണമുണ്ട്. മിലിട്ടറി ബാക്ക്ഗ്രൗണ്ടും സിനിമയുടെ പ്രത്യേകതയാണ്.
ക്ലൗഡ് കിച്ചന്‍ പുതുമയുള്ള ആശയമാണല്ലോ?
അതെ. ക്ലൗഡ് കിച്ചണിന് റെസ്റ്റോറന്‍റൊന്നുമില്ല. ക്ലൗഡ് കിച്ചന്‍ നടത്തുന്ന സന്ദീപ് ബാലകൃഷ്ണന്‍ എന്നയാളുടെ ജീവിതത്തിലേക്ക് വരുന്ന രണ്ട് സ്ത്രീകളുടെയും കൂടി കഥയാണിത്. പക്ഷേ... അവര്‍ക്കിടയില്‍ പ്രണയമൊന്നുമില്ല. ഇവര്‍ രണ്ടുപേരും പൂനയിലാണുള്ളത്. ഒരു പ്രത്യേകസാഹചര്യത്തില്‍ സന്ദീപിന് പൂനയില്‍ വരേണ്ടിവരികയും ഇവരെ കണ്ടുമുട്ടേണ്ടി വരികയും ചെയ്യുന്നുണ്ട്. നാലുമാസക്കാലം സന്ദീപ് പൂനയിലുണ്ടായിരുന്നു. അന്നുവരെ അയാള്‍ അനുഭവിച്ചതില്‍ നിന്നും വ്യത്യസ്തമായിരുന്നു പുതിയ ജീവിതാനുഭവങ്ങള്‍. ഒരു റിയല്‍ ലൈഫ് അയാള്‍ക്ക് കാണേണ്ടി വരുന്നു. അത് കുടുംബബന്ധങ്ങളുടെ ശക്തി തെളിയിക്കുന്നതായിരുന്നു.
ഫാമിലി ഓഡിയന്‍സിനെ മുന്‍നിര്‍ത്തിക്കൊണ്ടുതന്നെ എന്‍റെ പാറ്റേണിലുള്ള ഒരു സിനിമയാണ് 'ഹൃദയപൂര്‍വ്വം'- സത്യന്‍ അന്തിക്കാട് പറഞ്ഞു.
ആമുഖത്തില്‍ സൂചിപ്പിച്ചതുപോലെതന്നെ മോഹന്‍ലാലിന്‍റെ എക്കാലത്തെയും കോമഡി വേഷങ്ങള്‍ പ്രേക്ഷകര്‍ ഇന്നും മനസ്സില്‍ സൂക്ഷിച്ചുകൊണ്ടാണ് നടക്കുന്നത്. അത്തരമൊരു വേഷം ഒരാവര്‍ത്തികൂടി കാണുവാന്‍ പ്രേക്ഷകമനസ്സ് കൊതിക്കുന്നുണ്ടായിരുന്നുവെങ്കിലും എന്തുകൊണ്ടോ അത് സംഭവിക്കുന്നുണ്ടായിരുന്നില്ല. അതിന്‍റെ കാരണങ്ങള്‍ പലതുമുണ്ടാകാം. എന്തുതന്നെയായാലും ഇപ്പോള്‍ ഒരു ദീര്‍ഘകാലത്തെ ഇടവേള കഴിഞ്ഞിട്ടാണെങ്കിലും അത്തരമൊരു സിനിമ സംഭവിച്ചുകൊണ്ടിരിക്കുന്നു.
പ്രേക്ഷകര്‍ മാത്രമല്ല, മോഹന്‍ലാലും ഇത്തരമൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടായിരുന്നുവെന്ന് വണ്ടിപ്പെരിയാറിലെ ലൊക്കേഷനില്‍ നില്‍ക്കുമ്പോള്‍ തോന്നിപ്പോയി. മോഹന്‍ലാലും വളരെ എന്‍ജോയ് ചെയ്തുകൊണ്ടായിരുന്നു ഓരോ ഷോട്ടിലും അഭിനയിച്ചുകൊണ്ടിരുന്നത്.
അതെ...
ആ പഴയ മോഹന്‍ലാല്‍ ഈ ആധുനിക സിനിമയിലൂടെ പുതിയ ശബ്ദത്തിലും പുതിയ ഭാവത്തിലും പുതിയ നോട്ടത്തിലും ചിരിയിലുമെല്ലാം നമുക്കരികിലേക്ക് വീണ്ടും തിരിച്ചുവരുന്നതുപോലെ...
സത്യന്‍ അന്തിക്കാട് സിനിമയിലെ, മിക്കവരും പറയുന്ന ആ ഡയലോഗ് തന്നെ ഇവിടെ എഴുതി അവസാനിപ്പിക്കാം...
'എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ....!'