NEWS

വക്കീല്‍ കുപ്പായത്തിനോട് നോ പറഞ്ഞു സിനിമാലോകത്തേയ്ക്ക്!! -മീനാക്ഷി ഉണ്ണി രൂപവാണി

News

 

മലയാളി പ്രേക്ഷകര്‍ ഹൃദയംകൊണ്ട് സ്വീകരിച്ച വാഴ എന്ന ഹിറ്റ് സിനിമയിലെ  നായികമാരില്‍ ഒരാളായ മീനാക്ഷി ഉണ്ണി രൂപവാണി മനസ്സ് തുറക്കുന്നു...

 

ച്ഛന്‍ ഉണ്ണി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്നു. കുഞ്ഞുന്നാളില്‍ അച്ഛനോടൊപ്പം പല സിനിമാലൊക്കേഷനുകളില്‍ പോകാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. അങ്ങനെ ഒരിക്കല്‍ തൊമ്മനും മക്കളും സിനിമയുടെ സെറ്റില്‍ അതിന്‍റെ ക്ലൈമാക്സ് ചിത്രീകരണദിവസം പോകാനിടയായി. അന്ന് മമ്മൂക്ക പെര്‍ഫോം ചെയ്തത് ഇന്നും ഓര്‍മ്മയിലുണ്ട്. അതുപോലെ ഒരു ദിവസം എനിക്കും ക്യാമറയ്ക്ക് മുന്‍പില്‍ പെര്‍ഫോം ചെയ്യണം എന്ന് ഞാന്‍ മനസ്സില്‍ കുറിച്ചു.

സ്വപ്നത്തിലേക്ക് കൈപിടിച്ച് തരാന്‍ അച്ഛനുണ്ടെന്ന വിശ്വാസം മൂന്നാം ക്ലാസില്‍ അസ്തമിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛന്‍ ഞങ്ങളെ വിട്ടുപോയി. അതോടെ സിനിമാമോഹം മനസ്സിന്‍റെ ഒരു മൂലയിലേക്ക് തല്‍ക്കാലം ഒതുക്കിവെച്ചിട്ട് പഠിക്കാന്‍ തുനിഞ്ഞു. കുസാറ്റില്‍ നിന്ന് നിയമം പഠിച്ചു. ഹൈക്കോടതിയില്‍ വക്കീലായി. എന്‍റോള്‍ ചെയ്തുകയറി. വക്കീല്‍കുപ്പായം അണിഞ്ഞു കോടതിവരാന്തയിലൂടെ നടക്കുമ്പോഴാണ് എനിക്ക് മനസ്സിലായത്, എന്നോടൊപ്പം, ആ  മൂലയിലെ കൊച്ച് ആഗ്രഹവും വലുതായിരുന്നെന്ന്. പതുക്കെ മാടമ്പള്ളിയിലെ തെക്കിനിയിലെ വാതില്‍ തുറക്കുന്നത് പോലെ, ഞാനും ആ ആഗ്രഹത്തെ തുറന്നുവിടാന്‍തന്നെ തുനിഞ്ഞു. ڇയെസ് യുവര്‍ ഓണര്‍ എന്നതല്ല, ആക്ഷനും കട്ടും ആണ് എന്‍റെ ആവശ്യം എന്ന് മനസ്സിലാക്കിയ ഞാന്‍ വക്കീല്‍ കുപ്പായത്തോട് ബൈ പറഞ്ഞു.

ആദ്യ സിനിമ വാങ്കിലേക്കുള്ള യാത്ര

വീടുപണിയുടെ ആവശ്യമായി ഒരു ഫാമിലി ഫോട്ടോ എടുക്കാന്‍ വേണ്ടിയാണ് അനീഷ് ഉപാസനയുടെ സ്റ്റുഡിയോയില്‍ പോയത്. അന്ന് അനീഷ് ഉപാസന സംവിധായകന്‍ ആണെന്നോ, സിനിമയില്‍ നിശ്ചലഛായാഗ്രാഹകന്‍ ആണെന്നോ ഒന്നും അറിഞ്ഞില്ല. അവിടെ പോയി ഫാമിലി ഫോട്ടോ എടുത്ത ശേഷം ചേട്ടന്‍ എന്‍റെ ഒറ്റയ്ക്കുള്ള കുറെ സ്റ്റില്‍സ് എടുത്തുതന്നു. ചേട്ടന്‍റെ കയ്യിലെ എന്‍റെ ഫോട്ടോസ് കണ്ട് പല പരസ്യങ്ങള്‍ എനിക്ക് വന്നു. ഉള്ളില്‍ സിനിമ ആയിരുന്നതുകൊണ്ടുതന്നെ ആഡുകളും, മോഡലിംഗും വേണ്ടെന്ന് അന്നേ ഉറപ്പിച്ചിരുന്നു. പിന്നീട് ഈ ഫോട്ടോസ് വാങ്ക് എന്ന സിനിമയുടെ ടീമില്‍ എത്തുകയും, അതിന്‍റെ തിരക്കഥാകൃത്ത് ഷബ്നം മുഹമ്മദ് എന്നെ വിളിപ്പിക്കുകയും ആയിരുന്നു. അങ്ങനെയാണ് വാങ്കില്‍ ദീപ എന്ന കഥാപാത്രമായി ഞാന്‍ മാറിയത്.

വാഴയിലെ മായ

വാങ്കിനുശേഷം ഒത്തിരി ഓഡിഷനുകളില്‍ പങ്കെടുത്തു. പക്ഷേ, നിരാശ ആയിരുന്നു ഫലം. ആ ഇടക്കാലത്ത് അറ്റന്‍ഡ് ചെയ്ത ഓഡിഷനുകളില്‍ ഒന്നാണ് വാഴയുടേത്. രണ്ട് ഓഡിഷനുകള്‍ ആണ് വാഴയ്ക്കുണ്ടായിരുന്നത്. സെലക്ട് ആയതോടെ റൈറ്റര്‍ വിപിന്‍ ചേട്ടനും സംവിധായകന്‍ ആനന്ദേട്ടനും മുടിവെട്ടണം, ഒരു ടോംബോയ് കഥാപാത്രമാണെന്ന് പറഞ്ഞു. ഞാന്‍ അപ്പോഴേ റെഡി ആയി. മുടി വെട്ടി, ഇത്രയേറെ ആണ്‍കുട്ടികളോടൊപ്പം ഒന്നിച്ചു സഹവാസം കൂടി ആയപ്പോള്‍ ആ ടോംബോയ് രീതികള്‍ എല്ലാം തനിയെ എനിക്ക് വന്നുചേര്‍ന്നു.

വാഴ ഇത്രയേറെ ഹിറ്റായത് വലിയ സന്തോഷം നല്‍കിയ ഒന്നാണ്. അതിന്‍റെ കയ്യടി മുഴുവന്‍ വിപിന്‍ ചേട്ടനും ആനന്ദേട്ടനും തന്നെ ഉള്ളതാണ്.

പ്രേക്ഷകരുടെ പ്രതികരണം

മായ എന്ന കഥാപാത്രത്തിന് ഒരു പ്രത്യേക ഓഡിയന്‍സ് ഉണ്ടായിരുന്നു എന്ന് തോന്നീട്ടുണ്ട്. ഒത്തിരി ആണ്‍കുട്ടികളും, പെണ്‍കുട്ടികളും എനിക്ക് മെസ്സേജ് ചെയ്യാറുണ്ട്. പല സിനിമാ ഗ്രൂപ്പുകളില്‍ കഥാപാത്രം ചര്‍ച്ച ചെയ്യപ്പെടുന്നു.  ഒരുപാട് പേര്‍ തിരിച്ചറിയുന്നു. ഒരിക്കല്‍ ഒരു തീയേറ്റര്‍ വിസിറ്റിന് പോയപ്പോള്‍ ഒരു ആന്‍റി ഓടിവന്ന് കയ്യില്‍ കയറി പ്പിടിച്ചു കുറെ കരഞ്ഞു. എനിക്ക് കരിയറില്‍ കിട്ടിയ ഒരു വലിയ അവാര്‍ഡ് ആണ് ആ പ്രതികരണം. ജീവിതത്തില്‍ ഇനി ഏതൊക്കെ സിനിമ ചെയ്താലും, ആ ആന്‍റിയെയും, സംഭവത്തെയും ഞാന്‍ മറക്കില്ല.

മമ്മൂട്ടി മുതല്‍ മമ്മൂട്ടി കമ്പനി വരെ

അടുത്ത സിനിമ മമ്മൂട്ടി നായകന്‍ ആയി, മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന, ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ ആണ്. പേരോ, കഥാപാത്രവിവരങ്ങളോ പുറത്തുപറയാന്‍ സമയം ആയിട്ടില്ല. എന്നാലും, അങ്ങനൊരു വലിയ പ്രൊഫൈലുള്ള സിനിമയില്‍ ഭാഗം ആകുന്നതിന്‍റെ സന്തോഷത്തില്‍ ആണ് ഞാന്‍. ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മമ്മുക്കയോട് നേരില്‍ സംസാരിക്കാന്‍ പറ്റി. അപ്പോള്‍ മമ്മുക്ക വാഴയെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം സിനിമയില്‍ അത്ര അപ്ഡേറ്റഡ് ആണെന്ന് ഞാന്‍ അതിശയിച്ചു. ഇതില്‍ ഏറെ സന്തോഷം കുഞ്ഞുന്നാളില്‍ തൊമ്മനും മക്കളും സിനിമയുടെ ലൊക്കേഷനില്‍ എത്തിയതും, മമ്മുക്കയാണ് മനസ്സില്‍ സിനിമാ മോഹം  ആദ്യമായി കയറ്റിയതെന്നും അദ്ദേഹത്തോട് പറയാന്‍ പറ്റി. മമ്മുക്ക അതുകേട്ട് ചിരി ആയിരുന്നു. എന്തായാലും, മമ്മുക്കയില്‍ തുടങ്ങി, മമ്മൂട്ടി കമ്പനിയില്‍ എത്തിയതിന്‍റെ സന്തോഷം വലുതാണ്.

അമ്മയാണ് ഹീറോ

സിനിമ ഹിറ്റായി നില്‍ക്കുമ്പോള്‍, എന്നെക്കാള്‍ ഏറെ ഈ നിമിഷം ആസ്വദിക്കുന്നത് അമ്മ ആണ്. ശ്രീലത എന്നാണ് പേര്. ചെറുപ്പത്തില്‍ അച്ഛന്‍ മരിക്കുന്നതിന് മുന്‍പ് വരെ വളരെ ഡിപെന്‍ഡന്‍റ് ആയ ഒരാള്‍ ആയിരുന്നു. എന്നാല്‍ മരണശേഷം അമ്മ സ്ട്രോംഗ് ആവുന്നത് ഞാന്‍ ഓരോ നിമിഷവും കണ്ടുനിന്നിട്ടുള്ളതാണ്. ഒരു പെണ്‍കുട്ടിയെ യാതൊരു കുറവും അറിയിക്കാതെ, അവളുടെ എല്ലാ സ്വപ്നങ്ങള്‍ക്കും കൂട്ടുനില്‍ക്കുക എന്നത് വലിയ ടാസ്ക് ആണ്.

ജോലി കിട്ടിയപ്പോഴും, ജോലി വേണ്ടെന്നുവെച്ചപ്പോഴും, അമ്മയാണ് എന്നെ ഏറ്റവും കൂടുതല്‍ വിശ്വസിച്ചതും പ്രോത്സാഹിപ്പിച്ചതും. അതിന്‍റെ ഫലം ആണ് ഞാന്‍ ഇന്നിവിടെ എത്തിനില്‍ക്കുന്നത്. ആകെ അമ്മയ്ക്ക് വിഷമം തോന്നിയത്, വാഴയ്ക്കുവേണ്ടി എന്‍റെ നീളന്‍ മുടി മുറിച്ചപ്പോഴാണ്. അത് എ യൂഷ്വല്‍ മലയാളി അമ്മ തിങ്സ്!!! അമ്മയോടുള്ള നന്ദി വാക്കിലൂടെ പറയാന്‍ പറ്റുന്നതല്ല. ഈ വിജയം അമ്മയോടൊപ്പം തന്നെ എവിടെയോ ഇരുന്നു അച്ഛനും ആസ്വദിക്കുന്നുണ്ടാവും എന്നാണ് വിശ്വാസം.

 


LATEST VIDEOS

Interviews