തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ പ്രശാന്ത്, അഭിനയിച്ചു 2003-ൽ റിലീസായി സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ചിത്രമാണ് 'വിന്നർ'. സുന്ദർ.സി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കിരണാണ് പ്രശാന്തിനൊപ്പം നായികയായി അഭിനയിച്ചത്. ഇവർക്കൊപ്പം വടിവേലു, റിയാസ് ഖാൻ തുടങ്ങിയവരും അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന്റെ വമ്പൻ വിജയത്തിന് പ്രധാന കാരണമായത് ചിത്രത്തിലെ കോമഡി സീനുകളായിരുന്നു. മുൻപ് റിലീസായി സൂപ്പർഹിറ്റായ ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങൾ ഒരുക്കുന്ന സീസൺ ആണല്ലോ ഇപ്പോൾ... അതനുസരിച്ചു 'വിന്നർ' ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുങ്ങുന്നു എന്നുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നടൻ പ്രശാന്ത് തന്നെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കുവാൻ തീരുമാനിച്ചിരിക്കുന്നതിന്റെ പിന്നിൽ വേറൊരു കാരണവും ഉണ്ട്. 13 വർഷങ്ങൾക്ക് മുൻപ് സുന്ദർ.സി സംവിധാനം ചെയ്തു വിശാൽ, അഞ്ജലി, വരലക്ഷ്മി തുടങ്ങിയവർ അഭിനയിച്ചു റിലീസാകാതെ മുടങ്ങി കിടന്നിരുന്ന ഒരു ചിത്രമായിരുന്നു 'മദകരാജാ'. ഈ ചിത്രം പൊങ്കലിന് റിലീസായി വമ്പൻ വിജയമായിരിക്കുകയാണ്. അപ്പോൾ ഏകദേശം 15 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ചിത്രം ഇപ്പോൾ 50 കോടിയിലധികം കളക്ഷൻ നേടി മുന്നേറുകയാണ്. ഈ ചിത്രത്തിന്റെ വിജയത്തിനും പ്രധാന കാരണം ഇതിലെ കോമഡി സീനുകളാണെന്നാണ് പറയപ്പെടുന്നത്. പൊങ്കലിന് റിലീസായ മറ്റുള്ള ചിത്രങ്ങളെ എല്ലാം മറികടന്നു 'മദകരാജാ' വൻ വിജയമായതിനെ തുടർന്ന് സുന്ദർ.സി.യും 'വിന്നർ' രണ്ടാം ഭാഗം എടുക്കുവാനുള്ള തയാറെടുപ്പിലാണെന്നും, ഇത് സബന്ധമായി സുന്ദർ.സി.യും, പ്രശാന്തും, നടൻ വടിവേലുവും അടുത്തിടെ നേരിൽ കണ്ട് ചർച്ചകൾ നടത്തി എന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.