NEWS

മണിമുഴക്കം മുടങ്ങി ഏഴാം വർഷം...

News

ചാലക്കുടി എന്ന് പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ ഓർമ്മയിലെത്തുന്ന ആദ്യമുഖം കലാഭവൻ മണിയുടേതാണ്. തനിക്ക് മുന്നിൽ കൈനീട്ടിയെത്തുന്ന ഒരാളെയും വെറും കയ്യാൽ മടക്കിയയയ്ക്കാത്ത ചാലക്കുടിക്കാരുടെ സ്വന്തം ചങ്ങാതി കലാഭവൻ മണി യാത്ര പറയാതെ പോയി മറഞ്ഞിട്ട് ഏഴുവർഷം തികയുന്നു. ഓട്ടോ ഡ്രൈവറായും മരംകയറ്റക്കാരനായും ചുമട്ടുതൊഴിലാളിയായും ജീവിതത്തെ തൊട്ടറിഞ്ഞ കരുത്തിൽ നിന്നാണ് സിനിമയിലേക്കുള്ള ചുവടുമാറ്റം. കൈപിടിച്ച് കയറ്റാനും ഉപദേശങ്ങൾ നൽകാനും ഒരു ഗോഡ്ഫാദറില്ലാതെ മലയാള സിനിമയിലും തമിഴിലും തെലുങ്കിലും സ്വതഃസിദ്ധമായ ശൈലിയിൽ തന്റേതായ ഒരിടം കണ്ടെത്തിയ കലാകാരൻ. സിനിമ സമ്മാനിച്ച സൗഭാഗ്യങ്ങളെല്ലാം തന്റെ ബോണസാണെന്ന് മണി പറഞ്ഞിട്ടുണ്ട്. കേരളത്തിൽ ഫോക്‌ലോർ സംഗീതത്തിൽ ഒരുപാട് പ്രതിഭകളുണ്ടെങ്കിലും നാടൻപാട്ടിനെ ഇത്രയധികം ജനകീയമാക്കിയതിൽ കലാഭവൻ മണിക്കുള്ള പങ്ക് വളരെ വലുതാണ്. കേരളത്തിലെ നാടൻപാട്ടുകൾക്ക് ഇത്രയധികം ഭംഗിയുണ്ടെന്ന് മണിയുടെ ശബ്ദത്തിലൂടെയാണ് മലയാളികൾ അടുത്തറിഞ്ഞത്. സാധാരണക്കാരിൽ വെറും സാധാരണക്കാരനായാണ് ഈ അതുല്യകലകാരൻ ജനമനസ്സുകളിൽ നിറഞ്ഞുനിന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേർപാട് ഓർക്കുമ്പോൾ മലയാളികളുടെ മനസ്സിൽ വേദനയുടെ കനലെരിയുന്നുണ്ട്.

ബാല്യകാലം മുതൽ തന്നെ ദാരിദ്ര്യവും അവഗണനയും ഒരുപാട് സഹിച്ചു. ഒടുവിൽ തന്റെ അസാധാരണ കഴിവുകൾ കൊണ്ട് മലയാള സിനിമയെ ഞെട്ടിച്ച കലാഭവൻ മണി ഒത്തിരി സ്വപ്നങ്ങൾ ബാക്കി വച്ചാണ് പാതിവഴിയിൽ കൈവിട്ടുപോയത്. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്താണ് അഭ്രപാളിയിൽ നിറഞ്ഞാടിയത്. സംഗീതവും അഭിനയവും ആലാപനവും രചനയും, അങ്ങനെ മണി കൈവക്കാത്ത മേഖലകൾ കുറവ് തന്നെയായിരുന്നു. ഹാസ്യനടനായിട്ടായിരുന്നു മലയാള സിനിമയിൽ തുടക്കും കുറിച്ചതെങ്കിലും പിന്നീട് വില്ലൻ വേഷങ്ങളിലുൾപ്പെടെ വ്യത്യസ്തത നിറഞ്ഞ നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. അഭിനേതാവ് എന്നതിലുപരി ഗായകനെന്ന നിലയിൽ മണി മലയാളി മനസ്സുകൾക്കിടയിൽ ഇടംപിടിച്ചത് ചുരുങ്ങിയ സമയം കൊണ്ടായിരുന്നു. അമ്പലപ്പറമ്പിലെ നാടൻപാട്ട് വേദികളിൽ ഗാനമേളകൾ പൊടിപൊടിക്കുമ്പോൾ ജനങ്ങൾ ഉറക്കെ ഇപ്പോഴും ആവശ്യപ്പെടുന്ന ഒരു പാട്ട്, അത് മണിച്ചേട്ടന്റേത് തന്നെയായിരിക്കും. എല്ലാ ഗാനമേളയുടെയും അവസാന ഓളത്തിനുവേണ്ടി ഗായകർ തെരഞ്ഞെടുക്കുന്നതും കലാഭവൻ മണിയുടെ പാട്ടുകൾ തന്നെയാണ്. മരണം മണിക്ക് മുന്നിൽ തോറ്റുപോകുന്നതും ഇത്തരം നിമിഷങ്ങളിലൂടെയാണ്. ജീവിച്ചിരുന്നപ്പോൾ കൈനിറയെ സ്‌നേഹം വാരിക്കോരി കൊടുത്തതിന്റെ പകരമായാണ് അദ്ദേഹത്തിന്റെ വേർപാടിലും പത്തിരട്ടി സ്‌നേഹം ആരാധകർ തിരിച്ച് സമ്മാനിക്കുന്നത്. പാടിവെച്ച വരികളെല്ലാം ഇന്ന് കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓർമ്മപ്പെടുത്തലാണ് അതെന്ന് മലയാളികൾ മനസ്സിലാക്കുന്നു. പേരിനൊപ്പം ചേർത്തുവെച്ച കലാഭവനാണ് മണിയുടെ ജീവിതത്തിൽ സൗഭാഗ്യങ്ങൾ കൊണ്ടുവന്നത്. അത്രയും വലിയ കലാകാരനൊപ്പമുള്ള ആ ഒരു ലേബൽ പേരിനൊപ്പം ചേർത്തുവയ്ക്കാൻ പറ്റിയതിൽ ഒരുപാട് അഭിമാനം തോന്നുന്നുണ്ടെന്ന് കലാഭവൻ ഷാജോൺ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഷാജോൺ മാത്രമല്ല, കലാഭവനിലെ ഓരോ കലാകാരന്മാർക്കും മണി സമ്മാനിച്ചത് നല്ല നിമിഷങ്ങളും സന്തോഷങ്ങളും മാത്രമാണ്.

മലയാളസിനിമയിൽ കലാഭവൻ മണിയെപ്പോലെ പാട്ടും അഭിനയവും ഒത്തിണങ്ങിയ ഒരു കലാകാരൻ വേറെയില്ല. വന്ന വഴി മറന്നിട്ടില്ല മണി. കഷ്ടതകൾ നിറഞ്ഞ ഭൂതകാലത്തെ മറച്ചുപിടിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. അദ്ദേഹം നടന്നുവന്ന വഴികളെല്ലാം മലയാളികളെ ഓരോ തവണയും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ജീവിതം കെട്ടുറപ്പിലാക്കുന്നതിന്റെ ഓട്ടപ്പാച്ചിലിനിടയിലാണ് കലഭവനിൽ എത്തിയതും സ്റ്റേജ് ഷോകൾ കീഴടക്കിയതും. 90 കാലഘട്ടത്തിലാണ് മലയാളികളുടെ വീടുകളിൽ കാസറ്റ് പ്ലെയറുകൾ സുപരിചിതമാകുന്നത്. സിനിമാപാട്ടുകൾ ആസ്വാദനവേളകളിൽ ഹരം പിടിപ്പിക്കാൻ ഇടംപിടിച്ചതിന് പിന്നാലെ തന്നെ നാടൻപാട്ടുകൾ ആസ്വദിക്കാൻ മലയാളികളെ ശീലിപ്പിച്ചതും മണി തന്നെയാണ്. ഈ കാലഘട്ടങ്ങളിലാണ് മണിയുടെ ശബ്ദം സ്റ്റേജ് ഷോകളിൽ സജീവമായത്. മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ജയറാമും ദിലീപും സലിംകുമാറും നാദിർഷയുമൊക്കെയുള്ള സിനിമാലോകത്ത് മണിയും ഇടംപിടിച്ചു. മിമിക്രി വേദികളിൽ കരിയർ ആരംഭിച്ച അദ്ദേഹം ഹാസ്യവേഷങ്ങളിലൂടെയാണ് ആദ്യം ശ്രദ്ധ നേടിയെടുത്തത്. പിന്നീട് ക്യാരക്ടർ വേഷങ്ങൾ വന്നുചേർന്നു. ശേഷം വില്ലനായും സഹനടനായും നായകനായും വേഷപ്പകർച്ച നടത്തി.

സുന്ദർദാസിന്റെ 'സല്ലാപം' എന്ന ചിത്രത്തിൽ മഞ്ജുവാര്യർ കോംബോയിലെത്തിയ  രാജപ്പന്റെ വേഷമാണ് മണിയുടെ ഉള്ളിലെ അഭിനേതാവിനെ തേച്ചുമിനുക്കിയെടുത്ത്. പിന്നീടങ്ങോട്ട് നിരവധി ക്യാരക്ടർ റോളുകൾ അദ്ദേഹത്തെ തേടിയെത്തി. മലയാളം മാത്രമല്ല അന്യഭാഷാ ചിത്രങ്ങളും മണിയുടെ കഴിവിനെ ഒരുപാട് ഉപയോഗിച്ചു. ഓരോ കഥാപാത്രങ്ങളിലും ഓരോ പാട്ടുകളിലും അദ്ദേഹത്തിന്റെ ട്രേഡ്മാർക്കായ ചിരി മലയാളികൾ ഇന്നും ഓർക്കുന്നുണ്ട്.

വിനയൻ സംവിധാനം ചെയ്ത ചിത്രങ്ങളിലെ നായകവേഷങ്ങളിലൂടെയാണ് ഒരു അഭിനേതാവെന്ന രീതിയിൽ മലയാളികൾ മണിയെ നെഞ്ചിലേറ്റിയത്. കരുമാടിക്കുട്ടനും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ ചിത്രങ്ങളിലൂടെ മണിയുടെ അസാധ്യപ്രകടനം മലയാളികൾ കണ്ടതാണ്. ഇടയ്ക്ക് അവസരങ്ങൾ കുറഞ്ഞപ്പോൾ തമിഴ് സിനിമയാണ് അദ്ദേഹത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. വില്ലൻ വേഷങ്ങൾ ചെയ്തുകൊണ്ട് മണി തമിഴിലും നിറഞ്ഞാടി.

2016 മാർച്ച് അഞ്ചിനായിരുന്നു വീടിന് സമീപത്തെ അതിഥിമന്ദിരമായ പാടിയിൽ കലാഭവൻ മണിയെ രക്തം ഛർദ്ദിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് വൈകുന്നേരത്തോടെ മരണം കവർന്നെടുക്കുകയായിരുന്നു. മരണത്തിലെ ദുരൂഹതകൾ ഇന്നും ബാക്കിയാണ്. അവയുടെ ചുരുളഴിക്കാൻ ഇതുവരെയും അധികൃതർക്കും സാധിച്ചിട്ടില്ല. ഈ ഒരു വിഷയത്തിൽ അദ്ദേഹത്തിന്റെ ആരാധകർ ഇന്നും ഉത്തരം തേടുന്നുണ്ട്. ഒരു നടനും കിട്ടാത്ത വിടവാങ്ങലായിരുന്നു മണി എന്ന അതുല്യകലാകാരന് ചാലക്കുടി നൽകിയത്. ചാലക്കുടിയുടെ പുഴയോരത്താണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും അഭിനയിച്ചുതീർത്തുകഴിഞ്ഞ ഈ മനുഷ്യന്റെ അടുത്തേക്ക് ഏഴാം വർഷവും ജനങ്ങൾ സ്‌നേഹനിർമ്മലമായ പൂക്കളർപ്പിക്കാൻ ഒഴുകിയെത്തുന്നുണ്ട്. ആ പൂവിൽ തട്ടി തലോടാൻ ചിലപ്പോഴൊക്കെ ചാലക്കുടിപ്പുഴയും ഓളം തല്ലുന്നുണ്ട്.


Feactures