NEWS

തമിഴ്‌നാട്ടിലും കേരളത്തിലും വമ്പൻ റിലീസിനൊരുങ്ങി ഷാരൂഖ് ചിത്രം 'ജവാൻ'

News

 തമിഴ്‌നാട്ടിൽ 450ലധികം സെന്ററുകളിലായി 650 സ്‌ക്രീനുകളിൽ ചിത്രം എത്തുന്നു. 

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാൻ റിലീസാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ചിത്രത്തിന് വമ്പൻ റിലീസാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഒരുങ്ങുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. തമിഴ്‌നാട്ടിൽ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യുഷൻ പാർട്ണർ ആകുമ്പോൾ കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് പാർട്ണറാകുന്നു. തമിഴ്‌നാട്ടിലും കേരളത്തിലുമായി 718 സെന്ററുകളിൽ 1001 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.  

 "തമിഴ്‌നാട്ടിൽ കൂടി വിതരണശൃംഖല ആരംഭിക്കുന്ന ശ്രീ ഗോകുലം മൂവീസിന്റെ ആദ്യ കാൽവയ്പ്പാണ് ജവാനിലൂടെ സംഭവിക്കുന്നത്. തമിഴ്‌നാട്ടിൽ 450ലധികം സെന്ററുകളിലായി 650 സ്‌ക്രീനുകളിൽ ചിത്രം എത്തുന്നു. ചിത്രത്തിന്റെ ഹിന്ദി, തമിഴ് പതിപ്പുകളും തമിഴ്‌നാട്ടിലും കേരളത്തിലും റിലീസ് ചെയ്യും. ഹിന്ദി പതിപ്പിന്റെ കൂടെ സബ്ടൈറ്റിൽ ചേർക്കാനും ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. കേരളത്തിൽ 270 സെന്ററുകളിലായി 350 സ്‌ക്രീനുകളിൽ ചിത്രം പ്രദർശനത്തിനെത്തും. ഒരു ബോളിവുഡ് ചിത്രം കേരളത്തിലും, തമിഴ്നാട്ടിലും നേടുന്ന ഏറ്റവുമധികം റിലീസ് സെന്ററുകളും സ്‌ക്രീനുകളും എന്ന റിക്കാർഡാണ് ജവാനിലൂടെ നേടുന്നത്."
ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്‌ണമൂർത്തിയുടെ വാക്കുകൾ

വലിയ വിജയം നേടിയ പഠാന് ശേഷം ഷാരുഖ് ഖാന്‍ നായകനാകുന്ന ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായികയാകുന്നത്. തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ദീപിക പദുകോൺ ചിത്രത്തിൽ ഗസ്റ്റ് റോളിൽ എത്തുന്നു.

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന് വേണ്ടി ഗൗരി ഖാനാണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്. ഗൗരവ് വർമ്മയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ സെപ്റ്റംബർ 7 ന് ലോകമെമ്പാടും റിലീസ് ചെയ്യും.


LATEST VIDEOS

Latest