ഏറെ പ്രതീക്ഷയോടെയാണ് ഷാരൂഖ് ഖാൻ ചിത്രം പത്താന് വേണ്ടി കാത്തിരിക്കുന്നത്. പത്താനിലെ 'ബേഷരം രംഗ്' എന്ന ഗാനം പുറത്ത് ഇറങ്ങിയതിന് പിന്നാലെ ഒരുപാട് വിവാദങ്ങളും ഉടലെടുത്തിരുന്നു. പാട്ടിൽ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ച് ദീപിക എത്തുന്ന രംഗമാണ് ചിലരെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ ചിത്രം ബഹിഷ്കരണം എന്നു പറഞ്ഞു ചിലർ രംഗത്തെത്തി.
പാട്ട് പുറത്തുവന്നതിന് പിന്നാലെ ഷാരൂഖ് ഖാനെ വെല്ലുവിളിച്ചു കൊണ്ട് ബിജെപി നേതാവും മധ്യപ്രദേശ് സ്പീക്കറുമായ ഗിരീശ് ഗൗതമും രംഗത്തെത്തിയിരുന്നു. മകളോടൊപ്പം ചിത്രം കാണുമോ എന്നായിരുന്നു ബിജെപി നേതാവിന്റെ വെല്ലുവിളി. ഇപ്പോഴിതാ മകള്‍ക്കും കുടുംബാഗങ്ങള്‍ക്കുമൊപ്പം പത്താന്‍ കണ്ടിരിക്കുകയാണ് ഷാരൂഖ് ഖാൻ.
ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിന് മുന്നോടിയായിട്ടുള്ള സ്വകാര്യ സ്‌ക്രീനിങ്ങിലാണ് നടന്‍ കുടുംബസമേതം എത്തിയത്. ഭാര്യ ഗൗരി, മക്കളായ ആര്യന്‍, സുഹാന, അബ്രാം എന്നിവര്‍ക്കൊപ്പം കിങ് ഖാന്റെ സഹോദരി, ഷെഹനാസ് ഖാനും ഭാര്യമാതാവ് സവിത ചിബ്ബറും ഉണ്ടായിരുന്നു. ചിത്രം കാണാന്‍ താരവും കുടുംബവും എത്തിയതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്.
ചിത്രം ജനുവരി 25ന് തിയറ്ററുകളിലാണു എത്തുക. 2019 ൽ പുറത്ത് ഇറങ്ങിയ സീറേയാണ് ഷാറൂഖ് ഖാന്റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. സീറോ വൻ പരാജയമായതോടെ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു താരം.
സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖിനൊപ്പം ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്.