NEWS

എന്റെ പ്രണയം പരസ്യമാക്കിയത് നാനയാണ് ഷാജു ശ്രീധർ

News

സിനിമാപ്രസിദ്ധീകരണങ്ങളിൽ ഞാനിഷ്ടപ്പെടുന്ന ഒരു പ്രസിദ്ധീകരണമാണ് 'നാന.' ഞാൻ സിനിമയിലെത്തുന്നതിനും മുൻപുതന്നെ 'നാന' വായനക്കാരനായിരുന്നു. പണ്ടൊക്കെ ഇന്നത്തേതുപോലെ സിനിമാക്കാരെ നേരിട്ടുകാണാനും ഒരുമിച്ച് ഫോട്ടോയെടുക്കാനുമൊന്നുമുള്ള അവസരങ്ങളില്ലായിരുന്നുവല്ലോ. 'നാന'യിലൂടെയാണ് പുതിയ സിനിമകളെക്കുറിച്ചും സിനിമാക്കാരുടെ വിശേഷങ്ങളും ഒക്കെ അറിഞ്ഞുകൊണ്ടിരുന്നത്.

'നാന'യുടെ പതിവ് പംക്തികളിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചിരുന്നത് 'സിനിമയിലല്ല' എന്ന പേജാണ്. സിനിമയിലുണ്ടാകാത്ത, അല്ലെങ്കിൽ സിനിമയിൽ ഉള്ളതല്ലാത്ത ഒരു ചിത്രം ആ പേജിൽ വരും. എല്ലാ ആഴ്ചയിലും വ്യത്യസ്തമായ ഒരു ഫോട്ടോ 'സിനിമയിലല്ല' എന്ന പേജിൽ കാണുമ്പോൾ അത് കൗതുകം തന്നിരുന്നു. അഭിനയമല്ലാത്ത മുഖവും ഭാവങ്ങളുമായിരുന്നു അഭിനേതാക്കളുടേതായി ആ പേജിൽ കണ്ടുകൊണ്ടിരുന്നത്.

പണ്ട് ഒരു സിനിമാതാരമെന്നു പറയുന്നത് ഒരു താരം തന്നെയായിരുന്നു. ദൂരെ നിന്ന് നോക്കിക്കാണാനെ കഴിയുമായിരുന്നുള്ളു. ഒരിക്കലും നമുക്ക് അത്ര അടുത്ത് എത്താൻ കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് അഭിനേതാക്കളെ താരം എന്നുപറയുന്നത്. ഇന്നിപ്പോൾ താരവും പ്രേക്ഷകരും എല്ലാം വളരെ അടുത്താണ് പോകുന്നത്. ഷൂട്ടിംഗ് സ്ഥലങ്ങളറിയാം, എല്ലാവരും അഭിനയിക്കുന്നു. സോഷ്യൽ മീഡിയയുടെ വരവ്.

അന്ന് സിനിമാവിവരങ്ങൾ അറിയാൻ 'നാന'പോലുള്ള സിനിമാപ്രസിദ്ധീകരണങ്ങളേ ഉണ്ടായിരുന്നുള്ളൂ.

'മിമിക്‌സ് ആക്ഷൻ 500' എന്ന സിനിമയിൽ ഞാനാദ്യമായി അഭിനയിക്കുമ്പോൾ എന്റെ ചിത്രവും എന്റെ സിനിമയെക്കുറിച്ചുള്ള വിവരങ്ങളും നാനയിൽ പ്രസിദ്ധീകരിച്ചുവന്നത് ഞാനോർക്കുന്നു.

ഞാനും ചാന്ദ്‌നിയും തമ്മിൽ പ്രണയമുണ്ടെന്ന് പറയാതെ പറഞ്ഞ ഗോസിപ്പ് ആദ്യം 'നാന'യിലാണ് വന്നത്. മലയാള സിനിമാരംഗത്തുള്ള ആർക്കും തന്നെ അറിയില്ലായിരുന്നു ഞങ്ങളുടെ പ്രണയത്തെക്കുറിച്ച്. ഒരു ചെറിയ കോളത്തിൽ ഞങ്ങളുടെ രണ്ടുപേരുടേയും ഫോട്ടോ കൊടുത്തിട്ട് പ്രണയത്തെക്കുറിച്ച് സംശയം ഫീൽ ചെയ്യുന്ന ഒരു വാർത്തയാണ് അന്ന് നാനയിൽ വന്നിരുന്നത്. അതോടെ അത് എല്ലാവരും അറിയുകയും ചെയ്തു.

പിന്നീട് വിവാഹം വരെയും ഞങ്ങളെക്കുറിച്ചുള്ള വാർത്തകൾ വന്നിട്ടുണ്ട്. വിവാഹചിത്രങ്ങളടക്കം ഞങ്ങളുടെ വിശേഷങ്ങൾ പ്രസിദ്ധീകരിച്ചുവന്നു. പിന്നീട് മക്കളുണ്ടായതിനുശേഷം കുടുംബചിത്രവും മകൾ സിനിമയിൽ അഭിനയിച്ചപ്പോൾ ആ വാർത്തയും എല്ലാം 'നാന'യിൽ വന്നു.

എന്റെ സിനിമാജീവിതത്തിന്റെ ഒരു ചക്രം ഇങ്ങനെ'നാന'യിലൂടെ കടന്നുപോയിട്ടുണ്ട്.

50 വർഷം ആഘോഷിക്കുന്ന ഈ വേളയിൽ 'നാന'യ്ക്കും അതിന്റെ എല്ലാ പ്രവർത്തകർക്കും ആശംസകൾ...

 

 


LATEST VIDEOS

Latest