തമിഴ് സിനിമയിൽ ബ്രമ്മാണ്ട ചിത്രങ്ങൾ ഒരുക്കി തുടർന്ന് സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകിയ സംവിധായകനാണ് ശങ്കർ. എന്നാൽ അദ്ദേഹം സംവിധാനം ചെയ്ത് ഈയടുത്ത കാലത്ത് പുറത്തുവന്ന കമൽഹാസൻ നായകനായ 'ഇന്ത്യൻ' രണ്ടാം ഭാഗവും, "ഗെയിം ചേഞ്ചർ' എന്ന ചിത്രവും വൻ പരാജയങ്ങളായിരുന്നു. ഇക്കാരണത്താൽ, ശങ്കർ അടുത്ത് സംവിധാനം ചെയ്യാനിരുന്ന ബിഗ് ബഡ്ജറ്റിൽ രണ്ടു ഭാഗങ്ങളായി ഒരുങ്ങാനിരുന്ന 'വേൾപ്പാരി' ഉടനെ സിനിമയാകാൻ സാധ്യതയില്ല എന്നാണ് കോളിവുഡിലെ ഇപ്പോഴത്തെ റിപ്പോർട്ട്. കാരണം ചരിത്ര കഥയെ ആസ്പദമാക്കി 'വേൾപ്പാരി' സംവിധാനം ചെയ്യാൻ ആയിരം കോടിയോളം രൂപ ചെലവ് വരുമത്രെ! ഇത്രയും വലിയ തുക മുടക്കി ഈ ചിത്രം നിർമ്മിക്കാനിരുന്ന ബാനർ ഇപ്പോൾ അതിൽ നിന്നും പിൻവാങ്ങി എന്നാണ് പറയപ്പെടുന്നത്.
ഈ സാഹചര്യത്തിലാണ് 'ചിയാൻ' വിക്രം തന്റെ മകൻ ധ്രുവ് വിക്രമിനെ നായകനാക്കി സിനിമ ചെയ്യാൻ ആവശ്യപ്പെട്ട് ശങ്കറുമായി ചർച്ചകൾ നടത്തി എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. ശങ്കറിനും 'വേൾപ്പാരി' സംവിധാനം ചെയ്യുന്നതിന് മുൻപായി ചെറിയ ബഡ്ജറ്റിൽ ഒരു ചിത്രം ഒരുക്കണം എന്നുള്ള പദ്ധതി ഉണ്ടത്രേ! അതിനാൽ ധ്രുവ് വിക്രം, ശങ്കർ കൂട്ടുകെട്ടിലുള്ള ചിത്രം ഉണ്ടാകും എന്ന് തന്നെയാണ് പറയപ്പെടുന്നത്. എന്നാൽ ഇത് സംബന്ധമായുള്ള ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.