NEWS

ഫഹദ്ഫാസില്‍ ഇന്ദ്രന്‍സേട്ടന്‍ വിജയരാഘവന്‍സാര്‍ ഉര്‍വ്വശിചേച്ചി എന്നിവര്‍ക്കൊപ്പമുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ പങ്കുവെയ്ച്ച് -Jaya Kurup

News

പതിനെട്ടാമത്തെ വയസ്സ് മുതല്‍ പ്രൊഫഷണല്‍ ട്രൂപ്പില്‍ തിരക്കിട്ട് നാടകങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ഒരു അഭിനേത്രിയുടെ വിദൂരസ്വപ്നങ്ങളില്‍ ഒന്നുമാത്രമായിരുന്നു സിനിമ. എന്നാല്‍ ഇന്ന്, സിനിമയുടെ ലോകത്ത് നല്ല തിരക്കിലാണ് ജയകുറുപ്പ്. ജെല്ലിക്കെട്ട്, ക്രിസ്റ്റഫര്‍, ഗിര്‍ര്‍ര്‍, അയല്‍വാശി, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, സാജന്‍ ബേക്കറി, കൊണ്ടല്‍, പാല്‍ത്തു ജാന്‍വര്‍, ഉള്ളൊഴുക്ക് എന്നിങ്ങനെ പതിനെട്ടോളം സിനിമകള്‍ ചെയ്തു. ഇനിയും റിലീസ് ആകാന്‍ പടങ്ങളുണ്ട് ജയയ്ക്ക്.

സിനിമയിലേക്ക്

നാടകത്തിന്‍റെ ഒരു സീസണ്‍ കഴിഞ്ഞാല്‍, അടുത്ത സീസണിലേക്കുള്ള റിഹേഴ്സലുകള്‍, ക്യാമ്പുകള്‍ ഇതായിരുന്നു ജീവിതശൈലി. അങ്ങനെ ഇരിക്കുമ്പോഴാണ്, ജെല്ലിക്കെട്ട് സിനിമയുടെ ഓഡിഷന്‍ നടക്കുന്നുണ്ടെന്ന വാര്‍ത്ത ഒരു സുഹൃത്ത് വഴി അറിഞ്ഞത്. നാടകനടന്‍ കൂടി ആയ ഭര്‍ത്താവ് ഓഡിഷന് പോകാം എന്നുപറഞ്ഞപ്പോഴേ, പേടികൊണ്ട് ആദ്യം ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്. എന്നാല്‍ അദ്ദേഹത്തിന്‍റെ നിര്‍ബന്ധം കൂടിയപ്പോള്‍ പങ്കെടുക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. പെര്‍ഫോമന്‍സ് കണ്ടു ഇഷ്ടപ്പെട്ട അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍ അപ്പോള്‍തന്നെ എന്‍റെ ഫോട്ടോ എടുക്കുകയും ഒരു ബാങ്ക് മാനേജരുടെ റോളിലേക്ക് സെലക്ട് ചെയ്യുകയുമായിരുന്നു. നാടകത്തില്‍ നെടുനീളെയുള്ള ഡയലോഗ് വെള്ളം പോലെ പറയുമെങ്കിലും, സിനിമയില്‍ എത്തിയപ്പോള്‍, ചെറിയ പേടി ഉണ്ടായിരുന്നു. ഒരു ആക്ഷനും കട്ടിനുമിടയില്‍ വളരെ സൂക്ഷ്മമായി ഒരു അഭിനേതാവ് കൈകാര്യം ചെയ്യേണ്ട മാധ്യമം ആണ് സിനിമ എന്ന് മനസ്സിലായി. ജെല്ലിക്കെട്ട് സാധാരണ സിനിമപോലെ ആയിരുന്നില്ല. പോത്തിന്‍റെ സമയവും അതിന്‍റെ പെരുമാറ്റവും അനുസരിച്ചുവേണം ഞങ്ങള്‍ മറ്റ് അഭിനേതാക്കള്‍ പ്രതികരിക്കാന്‍. അത് ഒരു വലിയ അനുഭവം തന്നെയായിരുന്നു.

മലയന്‍ കുഞ്ഞില്‍ ഫഹദിനോടും ഇന്ദ്രന്‍സേട്ടനോടും ഒപ്പമുള്ള അനുഭവം

ഫഹദിന്‍റെ അമ്മയായ ഒരു 65 വയസ്സുകാരിയുടേതാണ് കഥാപാത്രം. 40 വയസ്സുള്ള എന്നെ സംബന്ധിച്ച് ആ കഥാപാത്രം ഒരു വലിയ നാഴികക്കല്ലായിരുന്നു. സ്ക്രീന്‍ ടെസ്റ്റ് കഴിഞ്ഞപ്പോഴേക്കും സംവിധായകന്‍ പറഞ്ഞു 'ഇനി പത്തുദിവസമേയുള്ളൂ ഷൂട്ട് തുടങ്ങാന്‍, നന്നായി ഒന്ന് വണ്ണം കൂട്ടണം ചേച്ചി.' ഈ കുറഞ്ഞ സമയത്തിനുള്ളില്‍ എങ്ങനെ കൂട്ടും എന്ന് ടെന്‍ഷന്‍ അടിച്ചെങ്കിലും വന്ന അവസരത്തിന്‍റെ വലുപ്പം എന്നെ പ്രയത്നിക്കാന്‍ തന്നെ പ്രോത്സാഹിപ്പിച്ചു. ഫഹദ് ഫാസില്‍ പ്രൊഡക്ഷന്‍സിന്‍റെ സിനിമ, അതില്‍ ഫഹദിന്‍റെ അമ്മ, ഈ അവസരം കൈവിട്ടുപോകരുതെന്ന് മനസ്സ് പറഞ്ഞുകൊണ്ട് ഇരുന്നു.  ഒരു ദിവസം തന്നെ 4 മുട്ടയും, ചോറും, ഐസ്ക്രീമും. അങ്ങനെ ഒരുവിധം വണ്ണം വച്ചു. പത്താമത്തെ ദിവസം ഒത്തവണ്ണവും 65 വയസ്സുള്ള 'ശാന്താമ്മ' റെഡി!!

ഒരുദിവസം രാത്രി രണ്ട് മണിക്കുള്ള ഒരു സീനില്‍ ഉറക്കച്ചടവുകൊണ്ട് ഒരു കോണ്‍ഫിഡന്‍സ് ഇല്ലാതെ പെര്‍ഫോം ചെയ്തു. വീണ്ടും ഒരു വട്ടം കൂടെ ചെയ്യാം എന്ന് ഞാന്‍ മനസ്സില്‍ ആഗ്രഹിച്ചു നില്‍ക്കുമ്പോഴാണ് ഫഹദ് അടുത്തുവന്നു ഒരു ചിരിയോടെ പറഞ്ഞത് 'ചേച്ചി.. സൂപ്പര്‍ ആയിട്ടുണ്ടെന്ന്..' ജീവിതത്തില്‍ ഒരക്കലും മറക്കാന്‍ പറ്റുന്നതല്ല ആ നിമിഷവും വാക്കുകളും.

അതുപോലെതന്നെ ആണ് ഇന്ദ്രന്‍സേട്ടനു മായിട്ടുള്ള അനുഭവവും. ഏതൊരു കലാകാരനും കലാകാരിക്കും പാഠപുസ്തകം ആക്കാന്‍ പറ്റിയ വ്യക്തിയാണ് അദ്ദേഹം. ഇത്രമേല്‍ സീനിയര്‍ ആയ ഒരാള്‍. യാതൊരു ജാടയും  ഈഗോയും ഒന്നുമില്ലാതെ എല്ലാവരോടും ഒരുപോലെ സൗമ്യമായി പെരുമാറുന്നത് കണ്ടുപഠിക്കേണ്ടതുതന്നെയാണ്. ആദ്യത്തെ ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ഇന്ദ്രന്‍സ് എന്ന നാഷണല്‍ അവാര്‍ഡ് വിന്നര്‍ ആയിരുന്നില്ല. പകരം ഞങ്ങളുടെ എല്ലാം കൂടെപ്പിറപ്പ് എന്നപോലെ മാറിയിരുന്നു അദ്ദേഹം.

അയല്‍വാശി

അയല്‍വാശിയില്‍ നടന്‍ ബിനുപപ്പുവിന്‍റെ അമ്മവേഷമായിരുന്നു എനിക്ക്. അതിന്‍റെ ഷൂട്ടിന് പോകുമ്പോള്‍, സംവിധായകനുള്‍പ്പെടെ പലര്‍ക്കും എന്നെ സംശയം ആയിരുന്നു. അവര്‍ മലയന്‍കുഞ്ഞിലെ വയസ്സായ അമ്മയെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഞാന്‍ ചുരിദാറും, ജിമിക്കി കമ്മലും, വലിയ പൊട്ടും ഒക്കെയിട്ട് കയറിച്ചെല്ലുന്നത്. അതോടെ ലുക്ക് ടെസ്റ്റ് വേണം എന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ലുക്ക് ടെസ്റ്റും സ്ക്രീന്‍ടെസ്റ്റും കഴിഞ്ഞതോടെ... അവിടെയും 'അമ്മ റെഡി!!!'

പ്രിയപ്പെട്ട പേരില്ലൂര്‍ പ്രീമിയര്‍ലീഗ്

മറ്റ് അനേകം സിനിമകള്‍ ഇതിനിടയില്‍ ചെയ്തെങ്കിലും, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്  എന്ന സീരീസ് എനിക്ക് പ്രിയപ്പെട്ടതാണ്. നടന്‍ വിജയരാഘവന്‍ സാറിന്‍റെ ഭാര്യയായിരുന്ന അതിലെ എന്‍റെ കഥാപാത്രം കുറുമ്പും, ചെറിയ സര്‍കാസവും ഉള്ള ഒരാളായിരുന്നു. അത്രമേല്‍ സീനിയര്‍ ആയ വിജയരാഘവന്‍ സാറിന്‍റെ മീറ്ററിലേക്ക് ഓടിയെത്താന്‍ ഞാന്‍ കുറച്ചുദിവസം എടുത്തെങ്കിലും, അദ്ദേഹത്തിന്‍റെ കുറെ നിര്‍ദ്ദേശങ്ങളും, പ്രോത്സാഹനവും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ശരിക്കും, പേരില്ലൂരിന് ശേഷം ആണ് പലരും എന്നെ തിരിച്ചറിഞ്ഞ് പരിചയപ്പെടാന്‍ 
അടുത്തേക്കൊക്കെ എത്തുന്നത്.

ഉള്ളൊഴുക്കില്‍ ഉര്‍വശി ചേച്ചിക്കൊപ്പം

കുട്ടനാട് പോലൊരു ഗ്രാമത്തില്‍, എന്നും മുട്ടറ്റം വെള്ളത്തില്‍, അങ്ങനൊരു ഗൗരവമേറിയ കഥാപാത്രം ചെയ്യുക എന്നത് ജീവിതത്തില്‍ ആത്മവിശ്വാസം കൂട്ടിയ ഒരു പ്രോജക്ടാണ്. അതിലേറെ സന്തോഷം ഉര്‍വശി ചേച്ചിയെപ്പോലെ ഒരു അഭിനേത്രിക്കൊപ്പം സ്ക്രീന്‍ പങ്കിടുക എന്നത് ആണ്. പാര്‍വ്വതി തിരുവോത്ത് അവതരിപ്പിച്ച അഞ്ജു എന്ന കഥാപാത്രത്തിന്‍റെ അമ്മയായിരുന്നു ഞാന്‍. ഉര്‍വശി ചേച്ചിക്ക് ഒപ്പം കോമ്പിനേഷന്‍ സീനുകള്‍ വന്നപ്പോള്‍, അവരുടെ അഭിനയം ആരാധനയോടെയാണ് നോക്കിനിന്നത്. ഉര്‍വശി ചേച്ചിയുടെ മുഖത്ത് നോക്കുമ്പോള്‍ ചുണ്ടും, കവിളും പോലും കഥയില്‍ മുഴുകി നില്‍ക്കുന്നപോലെ തോന്നും.

സെറ്റില്‍ ചേച്ചിയുടെ ഭര്‍ത്താവ് വന്ന ദിവസം എല്ലാവരെയും പരിചയപ്പെടുത്തിയ കൂട്ടത്തില്‍ എന്നെയും പരിചയപ്പെടുത്തിയപ്പോള്‍ സന്തോഷം തോന്നി. എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുകയും, സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഉര്‍വശി ചേച്ചി. ആ സിനിമയ്ക്ക് ചേച്ചിക്ക് ഇത്തവണ സംസ്ഥാന അവാര്‍ഡ് ലഭിച്ചെന്നു കേട്ടപ്പോള്‍, പറഞ്ഞറിയിക്കാനാവാത്ത ഒരു അഭിമാനം ആയിരുന്നു.

ഓണം കളര്‍ഫുള്‍ ആയിരുന്നു

ഓണത്തിന് റിലീസായ സിനിമയായിരുന്നു കൊണ്ടല്‍. അതില്‍ ആന്‍റണി വര്‍ഗീസ് പെപെ, രാജ് ബി. ഷെട്ടി എന്നിവരുടെ അമ്മ വേഷമാണ് ചെയ്തത്. സിനിമ കണ്ട് നിരവധി പേരാണ് എന്നെ വിളിച്ച് അഭിപ്രായം അറിയിച്ചത്. രാജ് ബി. ഷെട്ടി പോലെ ഒരു പാന്‍ ഇന്ത്യന്‍ നടനോടൊപ്പം ഒന്നിച്ചഭിനയിച്ചതിന്‍റെ അഭിമാനം വലുതാണ്. ഇതുപോലെതന്നെ അഭിനന്ദനങ്ങള്‍ ഗിര്‍ര്‍ര്‍ സിനിമയില്‍ ചാക്കോച്ചന്‍റെ അമ്മ വേഷം ചെയ്തപ്പോഴും ലഭിച്ചിരുന്നു.

കട്ടപ്പനയുടെ മരുമകള്‍

സിനിമയില്‍ തിരക്കായതോടെ എന്നെക്കാള്‍ സന്തോഷം കട്ടപ്പനക്കാര്‍ക്കാണ്. കോട്ടയം കുറുവിലങ്ങാടിയില്‍ നിന്ന് കട്ടപ്പനയിലേക്ക് വിവാഹം ചെയ്ത് എത്തിയതാണ് ഞാന്‍. ഓരോ സിനിമ റിലീസ് ആകുമ്പോഴും, കട്ടപ്പനയില്‍ ആദരവും ഉദ്ഘാടനങ്ങളും മറ്റ് ക്ഷണങ്ങളും ഉണ്ടാവും. നമ്മളെ പ്രോത്സാഹിപ്പിക്കുന്ന ഒരു നാട് കൂടെയുണ്ടാവുന്നത് ഓരോ കലാകാരന്മാര്‍ക്കും സന്തോഷം ഉള്ള ഒന്നാണ്.

ഭര്‍ത്താവാണ് കരുത്ത്

പണ്ട് ഒന്നിച്ച് നാടകത്തില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍, പ്രണയിച്ചു വിവാഹം കഴിച്ചതാണ് ഭര്‍ത്താവ് നാരായണക്കുറുപ്പിനെ. അന്ന് മുതല്‍ ഇന്ന് വരെ കലാമേഖലയിലെ എന്‍റെ കരുത്തും ക്രിട്ടിക്കും അദ്ദേഹം തന്നെയാണ്. നാടകത്തിന്‍റെ തിരക്ക് സമയങ്ങളില്‍പോലും എന്‍റെ ഷൂട്ടിംഗ് തിരക്കില്‍ ഒപ്പം വരാന്‍ വേണ്ടി നാടകങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട് അദ്ദേഹം. അച്ഛന്‍ കുമാരന്‍, അമ്മ ശാന്ത. മക്കള്‍: കാര്‍ത്തിക, കീര്‍ത്തന, കാശിനാഥന്‍.

 


LATEST VIDEOS

Interviews