NEWS

ശതാഭിഷേക മധുരസ്മരണകള്‍ -തിരുവിഴാ ജയശങ്കര്‍

News

യേശുദാസിന്‍റെ ശതാഭിഷേക വിശേഷങ്ങളുമായി സഹപാഠിയും സുഹൃത്തും പ്രശസ്ത നാഗസ്വര വിദ്വാനുമായ തിരുവിഴാ ജയശങ്കര്‍

ജനുവരി 10. ഈ ദിനം ഒരു പ്രത്യേകതയുള്ളതാണ്. സംഗീതവുമായി ബന്ധവും അടുപ്പവുമുള്ള ഏവര്‍ക്കും ആ ദിനത്തിന്‍റെ പ്രത്യേകത എന്തെന്ന് അറിയാവുന്നതാണ്.
ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്‍റെ ജന്മദിനം. മുന്‍വര്‍ഷങ്ങളില്‍ യേശുദാസ് ഈ ദിവസം മൂകാംബികയില്‍ പോയി ദര്‍ശനം നടത്തുക പതിവായിരുന്നു. എന്നാല്‍, അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വരവ് നീണ്ടുപോയതിനാല്‍ ഇക്കഴിഞ്ഞ ജനുവരി പത്താം തീയതിയോ അതിന് മുന്‍വര്‍ഷമോ ഒന്നും യേശുദാസ് മൂകാംബികയിലെത്തിയിരുന്നില്ല.
യേശുദാസിനെ സ്നേഹിക്കുന്ന, ആരാധിക്കുന്ന, സംഗീതപ്രേമികള്‍ ജനുവരി പത്തിന് മൂകാംബികയിലെത്തുന്ന പതിവും ഉണ്ടായിരുന്നു.

ഫോര്‍ട്ട് കൊച്ചിയിലെ വീട്ടില്‍ 1940 ജനുവരി  10-ാം തീയതിയാണ് യേശുദാസ് ജനിച്ചത്. ഇക്കഴിഞ്ഞ ജനുവരി 10 കടന്നുപോകുമ്പോള്‍ യേശുദാസിന് 85 വയസ്സ് പൂര്‍ത്തിയായിരിക്കുന്നു എന്നര്‍ത്ഥം.

ഏതൊരാളും 84 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ടുകഴിഞ്ഞുവെന്ന് ജീവിതം പറയുന്നു. അതിന് 'ശതാഭിഷേകം' എന്നാണ് നാമം. ശതാഭിഷേകത്തിന്‍റെ ആഘോഷങ്ങള്‍ മലയാള സിനിമാ പ്രവര്‍ത്തകരുമായി വീഡിയോകാളിലൂടെ പങ്കിട്ടതിന്‍റെ ഓര്‍മ്മകള്‍ മറക്കാറായിട്ടില്ല.

ഇക്കഴിഞ്ഞ ജനുവരി പത്താം തീയതി കോട്ടയത്തെ കുമാരനല്ലൂരില്‍ തിരുവിഴ എന്ന വീട്ടിലേക്ക് രാത്രി പതിനൊന്ന് മണി കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍കാള്‍ വന്നു.
പ്രശസ്ത നാഗസ്വര വിദ്വാനായ തിരുവിഴാ ജയശങ്കര്‍ ഫോണെടുക്കുമ്പോള്‍ അങ്ങേത്തലയ്ക്കല്‍ യേശുദാസ്.

ഇവര്‍ തമ്മില്‍ വല്ലപ്പോഴുമൊക്കെ ഫോണിലൂടെ വിശേഷങ്ങള്‍ കൈമാറാറുള്ളത് പതിവാണ്. എന്നാല്‍, ഇന്നത്തെ വര്‍ത്തമാനത്തിന് പിറന്നാളിന്‍റെ മധുരം കൂടിയുണ്ട്.
ഏകദേശം മുക്കാല്‍ മണിക്കൂറോളം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചുവെന്ന് തിരുവിഴാ ജയശങ്കര്‍ പറഞ്ഞു.

'ഞങ്ങള്‍തമ്മില്‍ കുറെ വര്‍ഷങ്ങളായിട്ടുള്ള സ്നേഹബന്ധമുണ്ട്. ആ പഴയകാലമൊക്കെ യേശുദാസ് മറന്നിട്ടില്ല. അതെല്ലാം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഞങ്ങള്‍ കുറേനേരം സംസാരിച്ചു. തൃപ്പൂണിത്തുറ ആര്‍.എല്‍.വി സംഗീതകോളേജില്‍ ഞങ്ങളൊന്നിച്ച് പഠിച്ചവരാണ്. യേശുദാസ് എന്‍റെ ജൂനിയറായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ എന്നെ വിളിക്കാറുണ്ട്, എന്നിട്ട് ചോദിക്കും, 'ആശാനെ, എങ്ങനെയിരിക്കുന്നു, സുഖമാണോ?'

കേരളത്തിലേക്ക് വരാത്തതുകൊണ്ട് കാണാനും കഴിയുന്നില്ല. ഈ പിറന്നാളിന് ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ നമുക്ക് കാണാമായിരുന്നല്ലോയെന്നും ഞാന്‍ പറഞ്ഞപ്പോള്‍ യേശുദാസ് ചിരിച്ചു. എന്നിട്ട് വൈകാതെ വരുമെന്നും സൂചിപ്പിക്കുകയുണ്ടായി.

'തൃപ്പൂണിത്തുറ ആര്‍.എല്‍.വി സ്ക്കൂളിലെ പഠനകാലം ഓര്‍മ്മിക്കാമോ?'

'ഞങ്ങളവിടെ രണ്ടുവര്‍ഷക്കാലമുണ്ടായിരുന്നു. യേശുദാസ് ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും ഫെറി കടന്ന് എറണാകുളത്തെ ബോട്ടുജെട്ടിയില്‍ വരും. ഞാനും അവിടെയെത്തും. പിന്നെ ഞങ്ങളൊരുമിച്ച് ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ കയറി തൃപ്പൂണിത്തുറയിലെ അക്കാഡമിയിലേക്ക് പോകും. ക്ലാസ് കഴിഞ്ഞ് ഞങ്ങള്‍ ചായകുടിക്കാന്‍ പോകുകയും അവിടെയടുത്ത് ഞങ്ങളുടെ ഒരു സുഹൃത്തുണ്ട് ചന്ദ്രന്‍. ചന്ദ്രനെക്കണ്ടിട്ട് അല്‍പ്പം പാട്ടും സംഗീതവും ഒക്കെ പാടിയും പറഞ്ഞും പിരിയും. ഈ രീതിയായിരുന്നു മിക്ക ദിവസങ്ങളിലും.

ഇടയ്ക്ക് ഞാന്‍ യേശുദാസിന്‍റെ വീട്ടിലും പോകും. യേശുദാസിന്‍റെ അച്ഛന് എന്നെയും ഇഷ്ടമായിരുന്നു. എന്‍റെ അച്ഛന്‍ അന്ന് അറിയപ്പെടുന്ന നാഗസ്വര വിദ്വാനായിരുന്നു. തിരുവിഴ രാഘവപ്പണിക്കര്‍ എന്നായിരുന്നു പേര്.

യേശുദാസും അച്ഛനും കൂടി വീട്ടില്‍ സംസാരിക്കുന്നത് ഫ്രണ്ട്സിനെപ്പോലെയാണ്. അദ്ദേഹം എന്നോടന്ന് യേശുദാസിനെക്കുറിച്ച് പറഞ്ഞത് ഓര്‍ക്കുന്നു.

'കുഞ്ഞേ... ഒന്നിവനോട് പറയണം, വെളുപ്പിനെ എഴുന്നേറ്റ് സാധകം ചെയ്യാന്‍. വലിയ മടിയനാണ് കേട്ടോ.' യേശുദാസ് ഇതുകേട്ട് ചിരിക്കും.

അങ്ങനെ കാലം പോകപ്പോകെ യേശുദാസ് സിനിമാരംഗത്ത് പാടാനെത്തി. മദ്രാസില്‍ സ്ഥിരതാമസമായി. ഞാന്‍ 1965 മുതല്‍ തിരുവനന്തപുരത്ത് ആകാശവാണിയില്‍ ജോലിക്കുകയറി. പില്‍ക്കാലത്ത് യേശുദാസ് തിരുവനന്തപുരത്ത് തരംഗിണി സ്റ്റുഡിയോ തുടങ്ങിയല്ലോ. തരംഗിണിയുടെ ഉദ്ഘാടനദിവസം എന്‍റെ നാഗസ്വരക്കച്ചേരി ഉണ്ടായിരുന്നു.

അക്കാലത്ത് വീട്ടില്‍ നിന്നും ആകാശവാണിയിലേക്ക് ഞാന്‍ സ്ക്കൂട്ടറിലാണ് പോകുകയും വരികയും ചെയ്തുകൊണ്ടിരുന്നത്. ഒരു ദിവസം എന്‍റെ സ്ക്കൂട്ടറിനരികില്‍ ഒരു കാര്‍ വന്നുനിന്നു. നോക്കുമ്പോള്‍ കാറിനുള്ളില്‍ യേശുദാസ്. എന്ന കണ്ടയുടനെ ചിരിച്ചുകൊണ്ടുപറഞ്ഞു.

'ഈ സ്ക്കൂട്ടറിന്‍റെ ആക്സിലേറ്ററിലൊക്കെ കൈപിടിച്ച്... പിടിച്ച് കയ്യില്‍ തഴമ്പൊക്കെ വന്നാല്‍ നാഗസ്വരം വായിക്കാന്‍ തടസ്സമാകും കേട്ടോ... അതുകൊണ്ടൊരു കാറൊക്കെ വാങ്ങി കാറില്‍ പോയാല്‍ മതി കേട്ടോ...'

ഇക്കാര്യങ്ങളെല്ലാം ഇക്കഴിഞ്ഞ ദിവസത്തെ ഫോണ്‍വിളിയില്‍ ഞങ്ങള്‍ സംസാരിച്ച് ഭൂതകാലത്തിലേയ്ക്കൊന്ന് മടങ്ങിപ്പോയിരുന്നു. ഫോണ്‍ വയ്ക്കാന്‍ നേരം യേശുദാസ് പറഞ്ഞു, 'ആശാനെ... അതൊക്കെ ഒരു പഴയകാലം... ആ കാലമൊക്കെ ഇനി തിരിച്ചുവരുമോ...? നമുക്ക് ഈശ്വരനോട് പ്രാര്‍ത്ഥിക്കാം....!چ

 


LATEST VIDEOS

Latest