സ്മൃതി വെങ്കട്ട് തമിഴ് സിനിമയില്‍ മെല്ലെ മെല്ലെ ചുവടുവച്ച് ഉയരങ്ങളിലേക്ക് പ്രയാണം ചെയ്യുന്ന അസ്സല്‍ തമിഴത്തി നായിക നടിയാണ്. പത്തുവര്‍ഷം ശ്രമിച്ച് 'ഇന്‍ട്രു നേട്രു നാളൈ' എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ സ്മൃതിക്ക് പിന്നെ അഞ്ചുവര്‍ഷക്കാലത്തെ ഇടവേള. ആദ്യചിത്രത്തില്‍ ഒരു ടി.വി. റിപ്പോര്‍ട്ടറായി പ്രത്യക്ഷപ്പെട്ട സ്മൃതി പിന്നീടെത്തിയത് 'തടം' എന്ന സിനിമയില്‍ നായികയായിട്ടാണ്. പിന്നീട് അരഡസനില്‍ പരം സിനിമകളില്‍ നായികയും ഉപനായികയും സ്വഭാവനടിയുമൊക്കെയായി അഭിനയിച്ചു. ഇപ്പോഴിതാ 'ഡബിള്‍ ഡക്കര്‍', 'തരുണം' എന്നീ സിനിമകളിലൂടെ നായികയായി സെക്കന്‍റ് ഇന്നിംഗ്സിന് തുടക്കം കുറിച്ചിരിക്കയാണ്. ഇന്ന് നായികയാവാന്‍ മാത്രമേ താനുള്ളൂ എന്നുപറയുന്ന സ്മൃതി വെങ്കട്ട് തന്‍റെ ഭാവിപദ്ധതികള്‍, സ്വകാര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഒരു മുഖാമുഖത്തിലൂടെ തുറന്നുപറയുന്നു.
സ്മൃതി വെങ്കട്ട് സിനിമയില്‍ എത്തിയിട്ട് പത്തുവര്‍ഷം പിന്നിടുന്നു. എന്നിട്ടും ഒരു സ്ഥായിയായ സ്ഥാനം നേടാനായില്ല എന്ന കാര്യത്തില്‍ വിഷമമുണ്ടോ...?
എന്‍റെ ആദ്യത്തെ സിനിമയായ 'ഇന്‍ട്രു നേട്രു നാളൈ'യെ അടിസ്ഥാനമാക്കിയാണോ ഈ ചോദ്യം ചോദിക്കുന്നത്. ആ സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് അഭിനയിക്കണം, സിനിമാനടിയാവണം എന്ന ഐഡിയയേ ഉണ്ടായിരുന്നില്ല. പോക്കറ്റ് മണിക്കുവേണ്ടിയാണ് അഭിനയിച്ചത്. 'തട'മാണ് എന്‍റെ മറ്റൊരു സിനിമ. അങ്ങനെ നോക്കിയാല്‍ ഞാന്‍ സിനിമയില്‍ എത്തിയിട്ട് അഞ്ചുവര്‍ഷമേ ആകുന്നുള്ളൂ.
തമിഴ് ഒഴികെ മറ്റ് ഭാഷകളിലൊന്നും അഭിനയിക്കില്ലേ?
നല്ല സ്ക്രിപ്റ്റിനായി കാത്തിരിക്കയാണ്. ക്യാരക്ടര്‍ റോളുകള്‍ ചെയ്യരുത് എന്ന കണ്ടീഷനൊന്നുമില്ല. ക്യാരക്ടര്‍ റോളുകള്‍ ചെയ്താല്‍, അതിനെ ബ്രേക്ക് ചെയ്യണമെങ്കില്‍ കുറേയധികം സമയമെടുക്കും. 'മുക്കൂത്തി അമ്മന്‍' എന്ന സിനിമയില്‍ സിസ്റ്റര്‍ ക്യാരക്ടര്‍ ചെയ്ത ശേഷം പിന്നീട് എന്നെത്തേടി വന്നതെല്ലാം സിസ്റ്റര്‍ ക്യാരക്ടര്‍ മാത്രമായിരുന്നു. അത് ബ്രേക്ക് ചെയ്ത് ഹീറോയിനായി അഭിനയിക്കാന്‍ വളരെയധികം സമയം വേണ്ടിവന്നു. ഒരു തെലുങ്ക് സിനിമയില്‍ ഹീറോയിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വരട്ടെ നോക്കാം.
നിങ്ങള്‍ അഭിനയിച്ച 'തരുണം' എന്ന സിനിമയുടെ റിലീസ് എപ്പോഴാണ്...?
അതിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നു. ഉടന്‍ റിലീസാവുമെന്നാണ് വിശ്വസിക്കുന്നത്.
പ്രണയത്തെക്കുറിച്ച് സ്മൃതിയുടെ അഭിപ്രായം എന്താണ്...?
അതൊരു ബ്യൂട്ടിഫുള്‍ ഫീലാണ്. എല്ലാവര്‍ക്കും അത് ഇഷ്ടവുമാണ്. എന്നെങ്കിലും ഒരുനാള്‍ എല്ലാവര്‍ക്കും അക്കാര്യത്തില്‍ നല്ലതുതന്നെ നടക്കും.
നിങ്ങളുടെ സെലിബ്രിറ്റി ക്രഷ് ആരാണ്?
അത് ഇടയ്ക്കിടെ മാറിക്കൊണ്ടേയിരിക്കും. ഏറ്റവും ഒടുവിലായി വിജയ് ദേവരകൊണ്ടയായിരുന്നു. ഇപ്പോള്‍ ആരുമില്ല.
എന്താണ് സ്മൃതിയുടെ നേരമ്പോക്ക്...?
ഫ്രണ്ട്സുതന്നെ. എന്‍റെ ക്ലോസ് ഫ്രണ്ട് ഒരു കോഫിഷോപ്പ് തുടങ്ങിയിട്ടുണ്ട്. അവിടെ പോയി എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കും. അല്ലെങ്കില്‍ കീ ബോര്‍ഡ് വായിക്കും. പെയിന്‍റിംഗ് ചെയ്യും.