ചെറുപ്പം മുതല്‍ കണ്ടുവളര്‍ന്ന, അത്രയധികം ആരാധിച്ചിരുന്ന അഭിനേതാക്കളെ കാണുക എന്നതിലുപരി അവര്‍ക്കൊപ്പം അഭിനയിക്കുക എന്നത് എന്നെ സംബന്ധിച്ച് ഭാഗ്യവും ഒപ്പം ടെന്‍ഷനുമുള്ള കാര്യമായിരുന്നു. സൗത്ത് ഇന്ത്യയിലെ എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നായികയായി അഭിനയിച്ച അഭിനേത്രിയാണ് മീനമാം. അവര്‍ക്കൊപ്പം എനിക്ക് സ്ക്രീന്‍ ഷെയര്‍ ചെയ്യാന്‍ കിട്ടിയ അവസരത്തെ ഭാഗ്യമായി കാണാന്‍ തന്നെയാണ് എനിക്ക് ഇഷ്ടം. ആരും കൊതിക്കുന്ന പോലെ ഒരു തുടക്കമാണ് എന്‍റേത്. ഇത്രയും വലിയ ടീമിനൊപ്പമുള്ള തുടക്കം. ആനന്ദപുരം ഡയറീസും റെബേക്കയും എനിക്ക് എപ്പോഴും സ്പെഷ്യലായിരിക്കും.
തുടക്കം ഭാഗ്യമാണ്
തുടക്കം നല്ലൊരു സിനിമയുടെ ഭാഗമാവുക എന്നത് ഭാഗ്യമായ കാര്യമാണ്. നൃത്തം ചെറുപ്പം മുതല്‍ കൂടെയുണ്ട്. ഇന്‍സ്റ്റഗ്രാം വഴി റെബേക്ക എന്ന കഥാപാത്രത്തിനെ തിരയുകയായിരുന്നു ആനന്ദപുരം ടീം. ഡാന്‍സ് റീലും ഒരു പരസ്യചിത്രവും കണ്ടാണ് ആനന്ദപുരം ഡയറീസിലേക്ക് കാള്‍ വരുന്നത്. മീനമാം, ജാഫര്‍ ഇക്ക, സുധീര്‍ കരമന, മനോജ് കെ. ജയന്‍, സിദ്ധാര്‍ത്ഥ് ശിവ.. തുടങ്ങിയ വലിയ താരനിരയ്ക്കൊപ്പം വര്‍ക്ക് ചെയ്യുക എന്നതുതന്നെ എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്.
റെബേക്ക സ്പെഷ്യലാണ്
വളരെ ഈസി ഗോയിങ്ങായ റെബേക്ക. ഞാനുമായെല്ലാം ഒരുപാട് കണക്ട് ചെയ്യാന്‍ കഴിയുന്ന ഒരാള്‍. കൂടുതലും എന്‍റെ പ്രായക്കാര്‍ ആയിരുന്നു. ഓരോ ദിവസം എണീക്കുന്നു. കോളേജില്‍ പോകുന്നുവെന്ന ഫീല്‍ ആയിരുന്നു. മീനമാമും സ്റ്റുഡന്‍റിന്‍റെ വേഷമായത് കൊണ്ട് അവിടെ ഞങ്ങള്‍ എല്ലാവരും സ്റ്റുഡന്‍റ്സായിരുന്നു. എന്നെപ്പോലെ തന്നെയാണ് റെബേക്കയേയും തോന്നിയത്. റോഷന്‍റെ നായികയായാണ് അഭിനയിച്ചത്. നമ്മള്‍ എത്ര മൂവീസ് ചെയ്താലും ആദ്യമായി ചെയ്ത കഥാപാത്രം എപ്പോഴും പ്രിയപ്പെട്ടതായിരിക്കുമല്ലോ. അതുപോലെ റെബേക്ക എപ്പോഴും എന്‍റെ പ്രിയപ്പെട്ട കഥാപാത്രമായിരിക്കും.
റോഷന്‍, ഞാന്‍, അഭിഷേക് തുടങ്ങി ഞങ്ങള്‍ അഞ്ചുപേര്‍ക്ക് ഒരു വര്‍ക്ക്ഷോപ്പ് ഉണ്ടായിരുന്നു ഷൂട്ടിന് മുന്‍പായി. അതുപോലെ സിനിമയില്‍ ഞങ്ങള്‍ക്ക് ഡാന്‍സ് ഐറ്റം ഉണ്ടായിരുന്നു. അത് കൊറിയോഗ്രാഫി ചെയ്തിരുന്നത് ബാബ ഭാസ്ക്കര്‍ ആയിരുന്നു. അത് മറ്റൊരു ഭാഗ്യമായി കാണുന്നു.