ട്രാൻസ്‌വുമൺ അമയ പ്രസാദ് എഴുതിയ ‘പെണ്ണായ ഞാൻ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ഷൈൻ ടോം ചാക്കോയുടെ പ്രസംഗം ഏറ്റെടുത്തിരിക്കുകയാണ് മലയാളി പ്രേക്ഷക മനസ്സുകൾ. തൻ്റെ 60 ദിവസത്തെ ജയിൽ വസവും ഒരു പുസ്തകം തനിക്ക് നൽകിയ പ്രതീക്ഷയെക്കുറിച്ച് ഷൈൻ തുറന്നു സംസാരിച്ചു. സാധാരണയായി അഭിമുഖത്തിലും മറ്റു പ്രതേക്ഷപെടുന്നത് പോലെ ആയിരുന്നില്ല ഷൈനേ കാണാൻ കഴിഞ്ഞത്. കാര്യങ്ങൾ വളരെ ഗൗരവമായി സമീപിക്കുന്ന ഷൈനിനെയാണ് സദസ്സിൽ കണ്ടത്. അക്കാര്യം തന്നെയാണ് നടൻ വേദിയിൽ ആദ്യം പറഞ്ഞതും....
‘‘ഇത്രയും അച്ചടക്കത്തോടെ നിങ്ങൾ എന്നെ മുൻപ് കണ്ടിട്ടുണ്ടാവില്ല.. ജീവിതത്തിൽ ഒരു ബാലരമ പോലും വായിക്കാത്ത ആളാണ് ഞാൻ. ചിത്രകഥകൾ അല്ലാത്തവ വായിക്കാൻ എനിക്ക് താത്പര്യമില്ല. അനിയത്തി ആയിരുന്നു എന്നെ ബാലരമ വായിച്ചു കേൾപ്പിച്ചിരുന്നത്. അങ്ങനെ വായനയുമായി ഒരു ബന്ധവും ഇല്ലാതെ വളർന്ന വ്യക്തിയാണ് ഞാൻ. 60 ദിവസത്തെ ജയിൽ വാസത്തിനിടയിലാണ് ഒരു പുസ്തകം വായിക്കാൻ ഇടയായത്.
പൗലോ കൊയ്‌ലോയുടെ ‘ഫിഫ്ത് മൗണ്ടൻ’ എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് ആണ് വായിച്ചത്. അവിടെ കയറുമ്പോൾ, വേഗം ഇറക്കാം എന്ന രീതിയിൽ ആണ് കയറ്റി വിടുന്നത്. എന്നാൽ ജാമ്യം കിട്ടാതെ സബ് ജയിലിൽ തുടരുന്ന സമയത്ത്, ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടമായി ഇരിക്കുന്ന സമയത്താണ് ഈ പുസ്തകം എനിക്ക് കിട്ടുന്നത്.
ചിത്രം നോക്കാൻ വേണ്ടി പുസ്തകം തുറന്നപ്പോൾ ചിത്രങ്ങൾ ഇല്ല. പിന്നെ വായിച്ചു തുടങ്ങി. ഒരു പേജ്, രണ്ടു പേജ് എന്ന രീതിയിൽ വളരെ സാവധാനത്തിൽ ആണ് വായന. ജയിലിൽ ഒമ്പതു മണി ആകുമ്പോഴേ കിടക്കണം അതാണ് രീതി. പിന്നെ വായിക്കാൻ കഴിയില്ല. അപ്പോൾ പുസ്തകം മടക്കേണ്ടി വരും. എനിക്ക് കാത്തിരിക്കാൻ അടുത്ത പേജിന്റെ ചില പ്രതീക്ഷകൾ.
ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ വന്നു തുടങ്ങി. അപ്പോഴാണ് ഒരു പുസ്തകം മനുഷ്യന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് മനസ്സിലാകുന്നത്. അടുത്ത പേജിൽ എന്താണ് എന്നറിയാനുള്ള കാത്തിരിപ്പാണ് ആ പ്രതീക്ഷ. അന്ന് ഞാൻ പുസ്തകത്തെ അറിഞ്ഞു. അങ്ങനെ ഓരോ ദിവസവും ഞാൻ കാത്തിരിക്കും. 60 ദിവസം തള്ളി നീക്കാൻ എന്നെ സഹായിച്ചത് ആ പുസ്തകമാണ്. പൗലോ കൊയ്‌ലോയുടെ ഫിഫ്ത് മൗണ്ടൻ. അല്ല, ആ ‘പുസ്‌തകം’, ആ എഴുത്തിന്റെ ശക്തി.
മനുഷ്യന് വായനയിലൂടെയും കേൾവിയിലൂടെയും അനുഭവത്തിലൂടെയും മനസ്സിലാക്കാം. കുറെ പേർക്ക് പുസ്തകവും ഇല്ല വായനയും ഇല്ല ഭാഷയും ഇല്ല. എന്നാൽ അവർ ഇതെല്ലാം നമുക്ക് മുൻപേ അനുഭവിച്ചറിയുന്നു. കാടിന്റെ മക്കൾ. നമ്മൾ പരിഷ്കൃത സമൂഹം. പിന്നെ എന്തുകൊണ്ടാണ് നമ്മൾ ട്രാൻസ് വുമൻ എന്ന് വിളിക്കുന്നത്. അവർ സ്ത്രീ ആകാൻ ആണ് ആഗ്രഹിച്ചത്. എന്തിനാ നമ്മൾ ഇപ്പോഴും അവരെ ട്രാൻസ് വുമൻ എന്നും മെൻ എന്നും വിളിക്കുന്നത്. സ്ത്രീ എന്ന് വിളിക്കാൻ ആണ് അമേയയോട് ഞാൻ പറഞ്ഞത്.
ഈ പുസ്തകത്തിന്റെ പേര് ട്രാൻസ് പെണ്ണായ ഞാൻ എന്നല്ലല്ലോ. ഈ ലിംഗം ഉള്ളതുകൊണ്ട് ഒരാൾ ആണ് ആണെന്നും പെണ്ണ് ആണെന്നും പറയാൻ പറ്റുമോ. ഞാൻ ആണ് ആണെന്ന് മനസിലാക്കിയത് ക്ലാസ്സിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ച് ഇരുത്തിയ സമയത്താണ്. അതുവരെ നമുക്ക് അതില്ല. നമ്മളൊക്കെ കുട്ടികൾ ആയിരുന്നു.
നമ്മുടെ സമൂഹം തന്നെയാണ് നമ്മളെ വേർതിരിക്കുന്നത്. എന്നാൽ അത് എന്തുകൊണ്ടാണെന്ന് പഠിപ്പിച്ചുതന്നിട്ടില്ല. സെക്സ് മോശപ്പെട്ട സംഭവം ആണ്, പ്രവൃത്തിയാണ് എന്ന ചിന്തയിൽ നിന്നുമാണ് ഇങ്ങനെയൊക്കെ നമ്മൾ എത്തിപ്പെട്ടത്. സ്ത്രീയെ കണ്ടാൽ ആക്രമിക്കാനും പുരുഷനെ കണ്ടാൽ അവൻ ആക്രമിച്ചു പോകും എന്ന അവസ്ഥയിലേക്കും എത്തിയത്.
ഇവിടെ കേരളത്തിലും ലൈംഗിക ദാരിദ്ര്യമാണ്, ‘ഇത് എവിടെകിട്ടും, എങ്ങനെ കിട്ടും, ആരുടെ കയ്യിൽനിന്നു കിട്ടു’മെന്നൊക്കെ ആളുകൾ ചിന്തിക്കുന്നു. ഇങ്ങനെ പലരും നമ്മുടെ ലൈംഗിക ദാരിദ്ര്യം ഇപ്പോഴും കൊട്ടിഘോഷിക്കുന്നു. ഈ ഇടതുപക്ഷ സർക്കാർ വന്ന ശേഷമാണു ട്രാൻസ്ജെൻഡേഴ്സിനു തന്നെ സ്ഥാനം കിട്ടി തുടങ്ങിയത്. ഇനി അവരെ സ്ത്രീയായിത്തന്നെ സംബോധന ചെയ്യാൻ പഠിക്കണം.’’ ഷൈൻ പറഞ്ഞു.